ജഡേജ ഒരു പ്രധാന സ്പിന്നറല്ല, കൂടുതല്‍ സന്തുലിതമായ ടീം അത്യാവശ്യമാണ്; നിര്‍ദേശവുമായി ഗ്രെഗ് ചാപ്പല്‍
Sports News
ജഡേജ ഒരു പ്രധാന സ്പിന്നറല്ല, കൂടുതല്‍ സന്തുലിതമായ ടീം അത്യാവശ്യമാണ്; നിര്‍ദേശവുമായി ഗ്രെഗ് ചാപ്പല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 1st July 2025, 1:45 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാളെ (ബുധന്‍) എഡ്ജ്ബാസ്റ്റണിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം അങ്കത്തിന് കളമൊരുങ്ങുന്നത്. ആദ്യ ടെസ്റ്റിലെ പരാജയത്തെ മറികടക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയരായ ത്രീ ലയണ്‍സ് മുന്നിലാണ്.

രണ്ടാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് നിര്‍ദേശവുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും ഓസീസ് താരവുമായ ഗ്രെഗ് ചാപ്പല്‍. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ രവീന്ദ്ര ജഡേജ പ്രധാന ബൗളര്‍ അല്ലെന്നും എന്നാല്‍ ശക്തമായ ബാറ്റിങ് തെളിയിക്കപ്പെട്ടാല്‍ താരത്തെ സപ്പോര്‍ട്ടിങ് സ്പിന്നറായി ഉള്‍പ്പെടുത്താമെന്ന് ചാപ്പല്‍ പറഞ്ഞു.

മാത്രമല്ല രണ്ടാം ടെസ്റ്റിലെ ഇലവനില്‍ റണ്‍സ് നേടാന്‍ കഴിയുന്ന ആറ് ബാറ്റര്‍മാരും അതേസമയം 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ ഏറ്റവും അനുയോജ്യമായ കോമ്പിനേഷനൂം തെരഞ്ഞെടുക്കുണമെന്നും ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു. സെലക്ടര്‍മാര്‍ സമ്മര്‍ദത്തിലാണെങ്കിലും ഇതിനായി ധീരമായ തീരുമാനങ്ങള്‍ എടുക്കണമെന്നും പറഞ്ഞു.

‘ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ജഡേജ ഒരു പ്രധാന സ്പിന്നറല്ല. അദ്ദേഹത്തിന്റെ ബാറ്റിങ് ശക്തമാണെന്ന് തെളിയിക്കപ്പെട്ടാല്‍, അദ്ദേഹത്തിന് ഒരു സപ്പോര്‍ട്ടിങ് സ്പിന്നറായി പ്രവര്‍ത്തിക്കാന്‍ കഴിയും. അതല്ലെങ്കില്‍ ജഡേജയുടെ കാര്യത്തില്‍ മാറി ചിന്തിക്കേണ്ടി വരും. ഈ പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയം തിരിച്ചുപിടിക്കണമെങ്കില്‍ കൂടുതല്‍ സന്തുലിതമായ ഒരു ടീം അത്യാവശ്യമാണ്.

ടോപ്പ് ഓര്‍ഡര്‍ തകര്‍ച്ചകള്‍ക്ക് ബാക്കപ്പായി പന്തെറിയുന്ന ഒരു അധിക ബാറ്ററെ തെരഞ്ഞെടുക്കുന്ന ആശയത്തോട് ഞാന്‍ വിയോജിക്കുന്നു. റണ്‍സ് നേടാന്‍ ആദ്യ ആറ് സ്ഥാനക്കാരെ ആശ്രയിക്കണം, അതേസമയം 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ ഏറ്റവും അനുയോജ്യമായ കോമ്പിനേഷന്‍ തെരഞ്ഞെടുക്കുന്നതായിരിക്കണം മുന്‍ഗണന.

സെലക്ടര്‍മാര്‍ ഇപ്പോള്‍ സമ്മര്‍ദത്തിലാണ്. ബാറ്റര്‍മാരും ബൗളര്‍മാരും റണ്‍സ് നേടാന്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാകേണ്ടതുപോലെ, കളിക്കാര്‍ വിക്കറ്റ് നേടാന്‍ റിസക് എടുക്കേണ്ടതുപോലെ, സെലക്ടര്‍മാര്‍ക്കും ധീരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ധൈര്യം ആവശ്യമാണ്,’ ചാപ്പല്‍ ഇ.എസ്.പി.എന്‍ ക്രിക്ക്ഇന്‍ഫോയിലെ തന്റെ കോളത്തില്‍ എഴുതി.

Content Highlight: India VS England: Greg Chappell gives Important advice to India Team ahead of second Test Against England