ഇനി ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനായാണ് ഏവരും കാത്തിരിക്കുന്നത്. ടെന്‍ഡുല്‍ക്കര്‍ ആന്‍ഡേഴ്‌സണ്‍ ട്രോഫി എന്ന് പുനര്‍നാമകരണം ചെയ്ത പരമ്പരയില്‍ ഇന്ത്യ പുതിയ ക്യാപ്റ്റന് കീഴിലാണ് കളത്തിലിറങ്ങുന്നത്.
2025 ജൂണ്‍ 20ന് ആരംഭിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും പത്രസമ്മേളത്തില്‍ സംസാരിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തെരഞ്ഞെടുക്കുന്നത് സാഹചര്യങ്ങള്‍ അനുസരിച്ചായിരിക്കുമെന്നാണ് ഗംഭീര്‍ പറയുന്നത്. ഓവര്‍ ഹെഡ് സാഹചര്യങ്ങളും അതില്‍ ഉള്‍പ്പെടുന്നു. മാത്രമല്ല പേസും സ്പിന്നും കൈകാര്യം ചെയ്യുന്ന ഓള്‍റൗണ്ടര്‍ ആയാലും കാര്യമില്ലെന്നും, മാത്രമല്ല ടെസ്റ്റില്‍ ആയിരം റണ്‍സ് നേടിയതുകൊണ്ട് മത്സരങ്ങള്‍ വിജയിക്കാന്‍ സാധിക്കില്ലെന്നും ഗംഭീര്‍ പറഞ്ഞു. ഒരു മത്സരത്തില്‍ വിജയിക്കണമെങ്കില്‍ 20 വിക്കറ്റുകള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു നിര്‍ത്തി.
‘അഞ്ച് വേദികള്‍ക്കും വ്യത്യസ്ത സാഹചര്യങ്ങളാണ് ഉള്ളത്, പക്ഷേ ഓവര്‍ഹെഡ് സാഹചര്യങ്ങളായിരിക്കും ഏറ്റവും പ്രധാനം. എല്ലാം പരിഗണിച്ച ശേഷമായിരിക്കും ഏറ്റവും മികച്ച കളിക്കാരെ തെരഞ്ഞെടുക്കുന്നത്. പേസ് ഓള്‍റൗണ്ടറായാലും സ്പിന്‍ ഓള്‍റൗണ്ടറായാലും. 1,000 റണ്‍സ് നേടിയാലും ഒരു ടെസ്റ്റ് മത്സരം ജയിക്കാന്‍ കഴിയില്ല, കാരണം നിങ്ങള്‍ക്ക് ഒരു മത്സരം ജയിക്കാന്‍ 20 വിക്കറ്റുകള്‍ ആവശ്യമാണ്,’ ഗൗതം ഗംഭീര്‍ പറഞ്ഞു.
ശക്തമായ ബൗളിങ് യൂണിറ്റിനെയും പരിഗണിച്ചുകൊണ്ടായിരിക്കും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ തന്ത്രം മെനയുന്നത്. നിലവില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രസീദ് കൃഷ്ണ, ഷാര്‍ദുല്‍ താക്കൂര്‍ തുടങ്ങിയവരാണ് ഇന്ത്യയുടെ ബൗളിങ് യൂണിറ്റില്‍ ഉള്ളത്.