ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് നിങ്ങള്‍ പറഞ്ഞുതരേണ്ട; ഗ്രൗണ്ട് സ്റ്റാഫിനോട് ക്ഷുഭിതനായി ഗംഭീര്‍
Cricket
ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് നിങ്ങള്‍ പറഞ്ഞുതരേണ്ട; ഗ്രൗണ്ട് സ്റ്റാഫിനോട് ക്ഷുഭിതനായി ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 29th July 2025, 9:28 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെ ദി ഓവലാണ് മത്സരം നടക്കുക. ഈ മത്സരത്തില്‍ എന്ത് വിലകൊടുത്തും ഇന്ത്യക്ക് വിജയിക്കേണ്ടത് അനിവാര്യമാണ്. മത്സരത്തില്‍ പരാജയപ്പെടേണ്ടി വന്നാല്‍ പരമ്പര 3-1ന് ഇംഗ്ലണ്ട് വിജയിക്കും.

നിര്‍ണായക മത്സരത്തിന് മുന്നോടിയായി ഇന്ന് (ചൊവ്വാഴ്ച) ഉച്ചയോടെ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ചീഫ് പിച്ച് ക്യൂറേറ്ററായ ലീ ഫോര്‍ട്ടിസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്തിരുന്നു.

മത്സരത്തിന്റെ തയ്യാറെടുപ്പിനായി ലണ്ടനിലെത്തിയ ഇന്ത്യ ഇന്ന് (ചൊവ്വ) മുതല്‍ ഓവല്‍ സ്റ്റേഡിയത്തില്‍ വെച്ച് പരിശീലനം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തന്റെ ടീമിന് നല്‍കിയ സൗകര്യങ്ങളില്‍ ഗൗതം ഗംഭീര്‍ തൃപ്തനല്ലായിരുന്നു. ഇതേ തുടര്‍ന്നാണ് ഗൗതം ഗംഭീറും ഗ്രൗണ്ട് സ്റ്റാഫും തമ്മില്‍ തര്‍ക്കമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഞങ്ങള്‍ എന്തുചെയ്യണമെന്ന് നിങ്ങള്‍ പറഞ്ഞുതരേണ്ടതില്ലെന്നും നിങ്ങള്‍ ഒരു ഗ്രൗണ്ട്‌സ്മാന്‍ മാത്രമാണെന്നും ഗംഭീര്‍ ഗ്രൗണ്ട് സ്റ്റാഫിനോട് പറഞ്ഞെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം 1936 മുതല്‍ ഓവലില്‍ ഇന്ത്യ 15 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചെങ്കലും രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. ഓവലില്‍ ആറ് മത്സരങ്ങള്‍ പരാജയപ്പെട്ട ഇന്ത്യ ഏഴ് മത്സരങ്ങളില്‍ സമനില രേഖപ്പെടുത്തി. ഈ വേദിയില്‍ ഇന്ത്യ ആദ്യമായി വിജയിക്കുന്നത് 1971ലാണ്. രണ്ടാം വിജയം 2021ലുമാണ് ഇന്ത്യ സ്വന്തമാക്കിയത്.

അജിക് വധേക്കര്‍, വിരാട് കോഹ്‌ലി എന്നീ ക്യാപ്റ്റന്‍മാര്‍ക്ക് മാത്രമാണ് യധാക്രമം ഓവലില്‍ വിജയിക്കാന്‍ സാധിച്ചത്. ഇപ്പോള്‍ 25കാരനായ ഇന്ത്യന്‍ ക്യാപ്റ്റനും ഓവലില്‍ വിജയിക്കാനുള്ള അവസരമാണ് വന്നെത്തിയത്. നിര്‍ണായകമായ അവസാനത്തെ മത്സരത്തില്‍ ഗില്ലിന് വിജയിക്കാന്‍ സാധിച്ചാല്‍ ഓവലില്‍ വിജയിക്കുന്ന ഇതിഹാസ ക്യാപ്റ്റന്‍മാരുടെ ലിസ്റ്റിലെത്താനും താരത്തിന് സാധിക്കും.

വരാനിരിക്കുന്ന മത്സരത്തില്‍ കുല്‍ദീപ് യാദവിനെയും അര്‍ഷ്ദീപ് സിങ്ങിനെയും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlight: India VS England: Gambhir gets angry with ground staff In Oval