കമന്ററി ബോക്‌സില്‍ നിന്ന് വിമര്‍ശിക്കുന്നത് എളുപ്പമാണ്; ജെയ്‌സ്വാളിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍
Sports News
കമന്ററി ബോക്‌സില്‍ നിന്ന് വിമര്‍ശിക്കുന്നത് എളുപ്പമാണ്; ജെയ്‌സ്വാളിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th June 2025, 8:37 am

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്.

ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി യശസ്വി ജെയ്‌സ്വാള്‍ സെഞ്ച്വറി നേടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയിരുന്നു. 159 പന്തില്‍ നിന്ന് 101 റണ്‍സാണ് താരം നേടിയത്. എന്നാല്‍ ഫീല്‍ഡിങ്ങില്‍ താരം നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്. രണ്ട് ഇന്നിങ്‌സിലുമായി നാലോളം ക്യാച്ചുകളാണ് താരം വിട്ടുകളഞ്ഞത്.

മത്സരത്തിനിടയില്‍ കമന്ററി പാനലില്‍ നിന്ന് ജെയ്‌സ്വാളിന്റെ മോശം പ്രകടനത്തെ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറും മുന്‍ ഓസീസ് താരം സ്റ്റുവര്‍ട്ട് ബ്രോഡും വിമര്‍ശിച്ചിരുന്നു. ഫീല്‍ഡിങ് പരിശീലകന്‍ ടി. ദിലീപില്‍ നിന്ന് ജെയ്‌സ്വാളിന് ഒരു മെഡലും ലഭിക്കില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞപ്പോള്‍ മൂന്നോ നാലോ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നത് നല്ലതല്ലെന്ന് ബ്രോഡും പ്രസ്താവിച്ചു.

‘ഫീല്‍ഡിങ് പരിശീലകന്‍ ടി. ദിലീപ് അവന് ഒരു മെഡലും നല്‍കുമെന്ന് എനിക്ക് തോന്നുന്നില്ല. മികച്ച ഫീല്‍ഡറായ യശസ്വി ജെയ്സ്വാളിന് ഒരു ക്യാച്ചും നേടാന്‍ കഴിഞ്ഞില്ല,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

‘പത്ത് വിക്കറ്റ് എടുക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ക്യാച്ചുകള്‍ എടുക്കണം. മൂന്നോ നാലോ ക്യാച്ചുകള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുത്താന്‍ കഴിയില്ല,’ സ്റ്റുവര്‍ട്ട് ബ്രോഡ് പറഞ്ഞു.

ഇപ്പോള്‍ ജെയ്‌സ്വാളിന് പിന്തുണ നല്‍കി സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍. ഫീല്‍ഡില്‍ ജെയ്‌സ്വാള്‍ അസാധാരണമായ താരമാണെന്നും ബംഗ്ലാദേശിനെതിരെ താരം കഴിവ് തെളിയിച്ചിട്ടുണ്ടെന്നും ശ്രീധര്‍ പറഞ്ഞു. മാത്രമല്ല കമന്ററി ബോക്‌സില്‍ ഇരുന്ന് എന്തുവേണമെങ്കിലും പറയാമെന്നും സാഹചര്യങ്ങള്‍ വെല്ലുവിളി നിറഞ്ഞതാണെന്നും മുന്‍ ഫീല്‍ഡിങ് പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

‘മെല്‍ബണും ലീഡ്സും ഒഴികെ ഒരു ഫീല്‍ഡര്‍ എന്ന നിലയില്‍ അദ്ദേഹം അസാധാരണമായ താരമാണ്. കാണ്‍പൂരില്‍ ബംഗ്ലാദേശിനെതിരെ അവന്‍ മികച്ച ക്യാച്ച് എടുത്തു. കമന്ററി ബോക്‌സില്‍ നിന്ന് വിമര്‍ശിക്കുന്നത് എളുപ്പമാണ്, പക്ഷേ സാഹചര്യങ്ങള്‍ വെല്ലുവിളി നിറഞ്ഞതാണ്. പല കളിക്കാര്‍ക്കും ഇത് അവരുടെ ആദ്യ ഇംഗ്ലണ്ട് പര്യടനമാണ്. മോശം ഗ്രൗണ്ട് ഫീല്‍ഡിങ് നല്ലതല്ല, അത് നിയന്ത്രണത്തിലാക്കേണ്ടതുണ്ട്. ഏത് പന്ത് ആക്രമിക്കണമെന്നും ഏത് പന്ത് നിങ്ങളുടെ ശരീരം പിന്നിലേക്ക് തള്ളണമെന്നും നിങ്ങള്‍ അറിഞ്ഞിരിക്കണം,’ ആര്‍. ശ്രീധര്‍ സ്പോര്‍ട്സ്റ്റാറിനോട് പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ വരാനിരിക്കുന്ന മത്സരം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. രോഹിത് ശര്‍മയുടെയേും വിരാട് കോഹ്‌ലിയുടേയും വിരമിക്കലിന് ശേഷം ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശുഭ്മന്‍ ഗില്ലിന് വിജയത്തോടെ തുടങ്ങാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വലിയ പ്രതീക്ഷയുമായാണ് കളത്തിലിറങ്ങുക. അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ജൂലൈ രണ്ടിന് പുറത്ത് വിടും.

Content Highlight: India VS England: Former Indian Fielding Coach R Sreedhar Talking About Yashaswi Jaiswal