ഇന്ത്യ അവനെ കളിപ്പിക്കണം; നിര്‍ദേശവുമായി കെവിന്‍ പീറ്റേഴ്‌സണ്‍
Cricket
ഇന്ത്യ അവനെ കളിപ്പിക്കണം; നിര്‍ദേശവുമായി കെവിന്‍ പീറ്റേഴ്‌സണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th July 2025, 10:23 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ പരമ്പരയില്‍ ഇന്ത്യ ലോര്‍ഡ്സിലും പരാജയപ്പെട്ടിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 170 റണ്‍സിന് പുറത്തായി. ഇതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2-1ന് മുന്നിലെത്തി.

ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് നാലാം ടെസ്റ്റിനാണ്. ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.

മത്സരത്തിന് മുന്നോടിയായി സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുകയാണ് മുന്‍ ഇംഗ്ലംണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍. ഐ.പി.എല്ലില്‍ ദല്‍ഹിയുടെ മെന്ററായി പ്രവര്‍ത്തിച്ചിരുന്ന പീറ്റേഴ്സണ്‍ ഇന്ത്യ കുല്‍ദീപിനെ കളിപ്പിക്കണമെന്നാണ് പറഞ്ഞത്. മാത്രമല്ല ദല്‍ഹി താരത്തിന് ഇംഗ്ലണ്ടില്‍ പന്തെറിയാന്‍ കഴിയുമെന്നും കൂട്ടിച്ചേര്‍ത്തു. ഇരുവരും ഇംഗ്ലണ്ടില്‍ ബോള്‍ എറിയുന്നതിനെക്കുറിച്ചും തന്ത്രങ്ങള്‍ മെനയുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നെന്നും മുന്‍ താരം പറഞ്ഞു.

‘അവര്‍ കുല്‍ദീപിനെ കളിപ്പിക്കണം, ഇന്ത്യ ഒരു ടെസ്റ്റില്‍ പരാജയപ്പെട്ടപ്പോള്‍ മറ്റൊന്നില്‍ വിജയിച്ചു. അവര്‍ക്ക് ഒരു പ്രത്യേക വേരിയേഷന്‍ ഇല്ലെന്ന് തോന്നുന്നു, ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് അവനെതന്നെയാണ്. ദല്‍ഹി ക്യാപിറ്റല്‍സില്‍ ഞാന്‍ മെന്ററായി വന്ന ശേഷം കുല്‍ദീപുമായി സംസാരിച്ചരുന്നു. ഞങ്ങള്‍ ഇംഗ്ലണ്ടില്‍ ബോള്‍ എറിയുന്നതിനെക്കുറിച്ചും തന്ത്രങ്ങള്‍ മെനയുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.

എവിടെ, എങ്ങനെ പന്തെറിയണമെന്നതിനെക്കുറിച്ച് ഞങ്ങള്‍ നിരവധി സംഭാഷണങ്ങള്‍ നടത്തി. ഞങ്ങള്‍ അതിനായി ഒരുപാട് സമയം ചെലവഴിച്ചു. അവന്റെ കളി കാണുന്നത് അതിശയകരമായിരിക്കും. അവന്‍ ഇംഗ്ലണ്ടില്‍ ഇറങ്ങുന്നത് ശരിക്കും അതിശയകരമാകും. ബൗള്‍ ചെയ്യുന്നതിലും വിക്കറ്റ് എടുക്കുന്നതിലും അവന് ആവേശമുണ്ട്. അവന്‍ ബെഞ്ചില്‍ കാണുന്നത് കാണാന്‍ എനിക്ക് ഇഷ്ടമല്ല,’ പീറ്റേഴ്സണ്‍ പറഞ്ഞു.

Content Highlight: India VS England: Former England player Kevin Pietersen says Kuldeep Yadav should be included in India’s playing XI