വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഏറ്റുമുട്ടുകയാണ്. അഞ്ച് പരമ്പരകളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ദിനം തുടരുമ്പോള്‍ മികച്ച സ്‌കോറുമായി ഇന്ത്യ ബാറ്റിങ് തുടരുകയാണ്. നിലവില്‍ 108 ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 454 റണ്‍സാണ് ഇന്ത്യ നേടിയത്.
വൈസ് ക്യാപ്റ്റന്‍ റിഷബ് പന്ത് ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്. 178 പന്തില്‍ 134 റണ്‍സ് നേടിയാണ് താരം പുറത്തായത്. തന്റെ ഏഴാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് താരം നേടിയത്. ജോഷ് ടങ്ങിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യു ആകുകയായിരുന്നു താരം. മാത്രമല്ല 227 പന്തുകള്‍ നേരിട്ട് 19 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 147 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മടങ്ങിയത്.
ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗില്‍ തന്റെ അഞ്ചാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് ഇംഗ്ലണ്ടില്‍ നേടിയത്. ഷൊയ്ബ് ബഷീറിന്റെ പന്തില്‍ ജോഷ് ടംങ്ങിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇരുവര്‍ക്കും പുറമെ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളും ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി നേടിത്തന്നിരുന്നു. 158 പന്തില്‍ നിന്ന് 16 ഫോറും ഒരു സിക്സറുമടക്കം 101 റണ്‍സിനാണ് ജെയ്‌സ്വാള്‍ മടങ്ങിയത്. ബെന്‍ സ്റ്റോക്സിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു ജെയ്സ്വാളിന്റെ മടക്കം. മൂവരുടേയും തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്.
എന്നാല്‍ ആരാധകരെ ഏറെ നിരാശപ്പെടുത്തിയാണ് അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശനും എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ കരുണ്‍ നായരും കളം വിട്ടത്. നാല് പന്തുകള്‍ നേരിട്ട് പൂജ്യം റണ്‍സിനാണ് ഇരുവരും പുറത്തായത്. മാത്രമല്ല ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ഇരുവരുടേയും വിക്കറ്റ് നേടിയത്. മാത്രമല്ല അവസാനമായി ഇന്ത്യയ്ക്ക് നഷ്ടമായത് ഷര്‍ദുല്‍ താക്കൂറിനേയാണ്. ഒരു റണ്‍സുമായാണ് മടങ്ങിയത്.
അതേസമയം 78 പന്ത് നേരിട്ട് 42 റണ്‍സ് നേടിയ ഓപ്പണര്‍ കെ.എല്‍. രാഹുലിനെ പുറത്താക്കിയാണ് ഇംഗ്ലണ്ട് ബ്രേക് ത്രൂ സ്വന്തമാക്കിത്. ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയായിരുന്നു രാഹുലിന്റെ മടക്കം.
ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍
കെ.എല്‍. രാഹുല്‍, യശസ്വി ജെയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ