സെഞ്ച്വറി നേടുകയല്ലാതെ അവന് വേറെ മാര്‍ഗമില്ല; നിര്‍ദേശവുമായി ഫറൂഖ് എഞ്ചിനീയര്‍
Cricket
സെഞ്ച്വറി നേടുകയല്ലാതെ അവന് വേറെ മാര്‍ഗമില്ല; നിര്‍ദേശവുമായി ഫറൂഖ് എഞ്ചിനീയര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 19th July 2025, 3:14 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ 1-2ന് പിന്നിലാണ്. ലീഡ്സിലും ലോര്‍ഡ്സിലും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ എഡ്ജ്ബാസ്റ്റണില്‍ മികച്ച വിജയം സ്വന്തമാക്കി. ലോര്‍ഡ്സില്‍ ജയം മുമ്പില്‍ കണ്ട ശേഷമായിരുന്നു ഇന്ത്യ ത്രീ ലയണ്‍സിന് മുന്നില്‍ തോല്‍വി വഴങ്ങിയത്.

ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നിര്‍ണായകമായ നാലാം ടെസ്റ്റ് ആരംഭിക്കുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയമാണ് വേദി. പരമ്പര കൈവിടാതെ കാക്കണമെങ്കില്‍ മാഞ്ചസ്റ്ററില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.

മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ വണ്‍ ഡൗണ്‍ ബാറ്റര്‍ കരുണ്‍ നായരെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഫറൂഖ് എഞ്ചിനീയര്‍. കരുണ്‍ നായര്‍ തുടക്കമിടുന്നുണ്ടെങ്കിലും 20ഉം 30ഉം റണ്‍സ് മാത്രം നേടിയാല്‍ പോരായെന്നും മൂന്നാം നമ്പറില്‍ ഇറങ്ങി മനോഹരമായൊരു സെഞ്ച്വറി നേടണമെന്നും മുന്‍ താരം പറഞ്ഞു. വലിയ റണ്‍സ് നേടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും കരുണിനില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കരുണ്‍ നായര്‍ തുടക്കമിടുന്നുണ്ടെങ്കിലും അവന്‍ 20ഉം 30ഉം റണ്‍സ് മാത്രം നേടിയാല്‍ പോരാ. മൂന്നാം നമ്പറില്‍ ഇറങ്ങി 30 റണ്‍സ് മാത്രം അംഗീകരിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ മനോഹരമായൊരു സെഞ്ച്വറി നേടേണ്ടതുണ്ട്. വലിയ റണ്‍സ് നേടുകയല്ലാതെ നിങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല. കാരണം നിങ്ങളില്‍ ഒരുപാട് പ്രതീക്ഷയുണ്ട്,’ ഫറൂഖ് എഞ്ചിനീര്‍ പറഞ്ഞു.

മാത്രമല്ല ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ യുവ താരം സായി സുദര്‍ശനെ ഉള്‍പ്പെടുത്താമെന്നും മുന്‍ ഇന്ത്യന്‍ താരം നിര്‍ദേശിച്ചു. ഇന്ത്യ നല്ല ഇലവന്‍ തെരഞ്ഞെടുക്കണമെന്നും സായ് മികച്ചതാണെങ്കില്‍ താരത്തിന്റെ വയസ് കാര്യമാക്കാതെ കളിപ്പിക്കണമെന്നും ഫറൂഖ് പറഞ്ഞു.

‘ഇന്ത്യ അവരുടെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുക്കേണ്ടിവരും. യുവ ബാറ്റര്‍മാരെയൊന്നും ടീമില്‍ അധികം കാണാന്‍ സാധിച്ചിട്ടില്ല. നിങ്ങള്‍ മികച്ച കളിക്കാരനെയാണ് തെരഞ്ഞെടുക്കേണ്ടത്. നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്, നിങ്ങളുടെ പ്രശസ്തി അപകടത്തിലാണ്. അവന്റെ പ്രായം മറക്കൂ മികച്ച താരമാണെങ്കില്‍ കളിപ്പിക്കൂ,’ മുന്‍ ഇന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു.

എട്ട് വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ കരുണ്‍ നായര്‍ നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 131 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ കളിച്ച സായി തന്റെ അരങ്ങേറ്റ ഇന്നിങ്സില്‍ പൂജ്യം റണ്‍സിന് പുറത്തായിരുന്നു. മാത്രമല്ല രണ്ടാം ഇന്നിങ്സില്‍ 30 റണ്‍സിനും താരം പുറത്തായിരുന്നു.

Content Highlight: India VS England: Farokh Engineer Talking About Karun Nair And Sai Sudharsan