ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവന്‍ പുറത്ത് വിട്ടു. ഏറെ കാലത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ജോഫ്ര ആര്‍ച്ചര്‍. പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായ ആര്‍ച്ചര്‍ ജോഷ് ടംഗിന് പകരമായാണ് ഇംഗ്ലണ്ട് ഇലവനിലെത്തിയത്.
മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. നാളെയാണ് (ജൂലൈ 10ന്) ഇംഗ്ലണ്ടും ഇന്ത്യയുംതമ്മിലുള്ള മത്സരം ആരംഭിക്കുന്നത്. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് വമ്പന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്. നിലവില്‍ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ 1-1 എന്ന നിലയിലാണ് ഇരുവരും.
അതേസമയം ആര്‍ച്ചറിന്റെ തിരിച്ചുവരവ് ഇംഗ്ലണ്ടിന് വലിയ പോസിറ്റീവാണ്. ത്രീ ലയണ്‍സിന് വേണ്ടി ആര്‍ച്ചര്‍ 24 ഇന്നിങ്സുകള്‍ കളിച്ചിട്ടുണ്ട്. ഫോര്‍മാറ്റില്‍ നിന്ന് 95 മെയ്ഡന്‍ ഉള്‍പ്പെടെ 42 വിക്കറ്റുകളാണ് താരം നേടിയത്. മാത്രമല്ല 6/45 എന്ന മികച്ച ബൗളിങ്ങും താരത്തിനുണ്ട്.
രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയിലും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുടെ മിന്നും പ്രകടനത്തിലുമാണ് ഇന്ത്യയുടെ ചരിത്ര വിജയം. 336 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു ഇന്ത്യ നേടിയത്.