ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഹെഡിങ്ലിയില്‍ നടക്കുകയാണ്. മത്സരത്തിലെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയിട്ടുണ്ട്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സാണ് ഇന്ത്യ എടുത്തിട്ടുള്ളത്. നിലവില്‍ 75 പന്തില്‍ 47 റണ്‍സെടുത്ത കെ.എല്‍. രാഹുലും 10 പന്തുകള്‍ നേരിട്ട് ആറ് റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ് ക്രീസിലുള്ളത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 471 റണ്‍സാണ് നേടിയത്. തുടര്‍ ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 465ല്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തു. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മോശം പ്രകടനമാണ് ഷാര്‍ദുല്‍ താക്കൂര്‍ കാഴ്ചവെച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും താരം ഒരുപോലെ നിരാശപ്പെടുത്തുകയായിരുന്നു. എട്ടാമനായി ബാറ്റിങ്ങിനിറങ്ങി എട്ട് പന്തില്‍ നിന്ന് വെറും ഒരു റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്. ബൗളിങ്ങില്‍ വെറും ആറ് ഓവര്‍ ചെയ്ത് 38 റണ്‍സ് വഴങ്ങിയ ഷാര്‍ദുലിന് വിക്കറ്റുകളൊന്നും നേടാനും സാധിച്ചില്ല.
മൂന്നാം ദിവസം അവസാനിച്ചപ്പോള്‍ തൂക്കൂറിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് സംസാരിച്ചിരുന്നു. താക്കൂറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡിയെ ടീമിലെടുക്കാനാണ് കാര്‍ത്തിക്ക് പറയുന്നത്. ഷാര്‍ദുലിന് കുറച്ച് ഓവറുകള്‍ മാത്രം നല്‍കി എട്ടാം സ്ഥാനത്ത് ബാറ്റിങ്ങിന് ഇറക്കുന്നതിനേക്കാള്‍ നല്ലത് കൂടുതല്‍ ബാറ്റിങ് കഴിവുള്ള നിതീഷ് കുമാറിന് അവസരം നല്‍കുന്നതാണെന്ന് മുന്‍ താരം പറഞ്ഞു.
‘കൂടുതല്‍ കഴിവുള്ള ബാറ്ററായ നിതീഷ് കുമാര്‍ റെഡ്ഡിയെ കളിപ്പിക്കുന്നതാണ് നല്ലത്. ഷാര്‍ദുല്‍ താക്കൂറിന് കുറച്ച് ഓവറുകള്‍ നല്‍കി എട്ടാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ വിടുന്നതിലും നല്ലത് നിതീഷിന് അവസരം നല്‍കുന്നതാണ്. ഇന്ത്യ ഈ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്,’ ദിനേശ് കാര്‍ത്തിക് പറഞ്ഞു.