ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 170 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2-1ന് മുന്നിലെത്തി.
ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് നാലാം ടെസ്റ്റിനാണ്. ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് നാലാം ടെസ്റ്റ്.
മത്സരത്തിനോടനുബന്ധിച്ച് ഇന്ത്യന്‍ ഇലവനില്‍ ഒരു പ്രധാന മാറ്റം വരുത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത. പ്ലെയിങ് ഇലവനില്‍ നിന്ന് വണ്‍ ഡൗണ്‍ ബാറ്റര്‍ കരുണ്‍ നായരെ ഒഴിവാക്കണമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ താരം. മാത്രമല്ല കരുണിന് പകരം യുവ താരം സായ് സുദര്‍ശനെ ഇന്ത്യ ഉള്‍പ്പെടുത്തണമെന്നാണ് അദ്ദേഹം പറയുന്നത്.
‘പ്ലെയിങ് ഇലവനില്‍ ഒരു മാറ്റം മാത്രമേ ഉണ്ടാകൂ. കരുണ്‍ നായര്‍ക്ക് പകരം സായ് സുദര്‍ശനെ ഉള്‍പ്പെടുത്തണം. കാരണം മൂന്ന് ടെസ്റ്റുകളില്‍ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. കരുണ്‍ മികച്ച പ്രകടനം നടത്തിയതായി തോന്നുന്നില്ല. സായ് ഒരു യുവ കളിക്കാരനാണ്. അവനെപ്പോലുള്ള ഒരു ബാറ്റര്‍ക്ക് ടീമിന് സംഭാവന നല്‍കാന്‍ സാധിക്കും. കരുണ്‍ മെച്ചപ്പെടുന്നതായി തോന്നുന്നില്ല.
അതിനാല്‍ നിങ്ങള്‍ ഒരു ടീം ഉണ്ടാക്കുകയാണെങ്കില്‍ സായിയാണ് ഏറ്റവും നല്ല ഓപ്ഷന്‍. ഇംഗ്ലണ്ടില്‍ ഇനിയെപ്പോഴാണ് ടെസ്റ്റ് പരമ്പര കളിക്കുകയെന്ന് എനിക്കറിയില്ല. നിങ്ങള്‍ക്ക് രണ്ട് ടെസ്റ്റുകള്‍ നിലവില്‍ ബാക്കിയുണ്ട്, സായ് സുദര്‍ശന് ഒരു അവസരം ലഭിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു,’ ദീപ് ദാസ്ഗുപ്ത പറഞ്ഞു.
എട്ട് വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ കരുണ്‍ നായര്‍ നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 131 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ കളിച്ച സായി തന്റെ അരങ്ങേറ്റ ഇന്നിങ്‌സില്‍ പൂജ്യം റണ്‍സിന് പുറത്തായിരുന്നു. മാത്രമല്ല രണ്ടാം ഇന്നിങ്‌സില്‍ 30 റണ്‍സിനും താരം പുറത്തായിരുന്നു.
Content Highlight: India VS England: Deep Dasgupta Talking About Karun Nair And Sai Sudharshan