ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കാണ്. പരമ്പരയ്ക്കുള്ള സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ & ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്ന് പുനര്‍ നാമകരണം ചെയ്ത പരമ്പരയ്ക്ക് വേണ്ടി വമ്പന്‍ തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. പരമ്പരയില്‍ ഇന്ത്യയെ നേരിടാന്‍ ഒരുങ്ങുന്ന ഇംഗ്ലണ്ടിന്റെ പ്രധാന ശക്തികളിലൊന്ന് ബാറ്റര്‍ ജോ റൂട്ടാണ്. മാത്രമല്ല ഇന്ത്യയുടെ പ്രധാന ശക്തി പേസര്‍ ബുംറയുമാണ്.
ഇപ്പോള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരു ചര്‍ച്ചയില്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം റൂട്ടിനെക്കുറിച്ചും ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെക്കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത. ഇരുവരും പരമ്പരയില്‍ നിര്‍ണായക പങ്കാണ് വഹിക്കുകയെന്ന് മുന്‍ താരം പറഞ്ഞു. മാത്രമല്ല ബുംറ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നത് ഫിറ്റ്‌നസിന്റെ അടിസ്ഥാനത്തിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഈ പരമ്പരയില്‍ ജോ റൂട്ട് നിര്‍ണായക പങ്ക് വഹിക്കുമെന്നതില്‍ സംശയമില്ല. അദ്ദേഹം നേടുന്ന റണ്‍സിന്റെ എണ്ണം ഇംഗ്ലണ്ടിന്റെ പ്രകടനത്തെ സാരമായി ബാധിക്കും. തീര്‍ച്ചയായും ജസ്പ്രീത് ബുംറയുടേയും പങ്ക് നിര്‍ണായകമാകും. വിരാടിന്റെയോ രോഹിത്തിന്റെയോ വിരമിക്കലിനെക്കുറിച്ച് ആരും ഒന്നും പരാമര്‍ശിച്ചില്ല.
ബുംറ മൂന്ന് ടെസ്റ്റുകള്‍ മാത്രമേ കളിക്കൂ എന്നത് ശരിയാണോ എന്ന് എന്നോട് ചോദിക്കുമ്പോള്‍, മൂന്ന് മത്സരങ്ങള്‍ ഒരു റഫറന്‍സ് പോയിന്റ് മാത്രമാണെന്നും, മത്സരങ്ങള്‍ക്കിടയിലുള്ള ഇടവേളകള്‍ കണക്കിലെടുക്കുമ്പോള്‍ ബുംറയ്ക്ക് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അഞ്ച് ടെസ്റ്റുകളും കളിക്കാന്‍ കഴിയും. ബുംറ അഞ്ച് ടെസ്റ്റുകളും കളിക്കുമെന്ന് അവര്‍ അറിഞ്ഞയുടനെ, അവരുടെ പുഞ്ചിരി അപ്രത്യക്ഷമാകും,’ ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു.