ബാസ്ബോളിന്റെ ക്ലാസിക് ഉദാഹരണമാണ് അവന്‍: പ്രശംസയുമായി ചേതേശ്വര്‍ പൂജാര
Cricket
ബാസ്ബോളിന്റെ ക്ലാസിക് ഉദാഹരണമാണ് അവന്‍: പ്രശംസയുമായി ചേതേശ്വര്‍ പൂജാര
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 25th July 2025, 3:13 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മാഞ്ചസ്റ്ററില്‍ നടക്കുകയാണ്. നിര്‍ണായക ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 358 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ യുവതാരങ്ങളായ സായ് സുദര്‍ശന്‍, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മോശമല്ലാത്ത ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ സ്വന്തമാക്കിയത്.

സായ് 151 പന്തില്‍ 61 റണ്‍സും ജെയ്‌സ്വാള്‍ 107 പന്തില്‍ 58 റണ്‍സും നേടി. 46 റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെയും 41 റണ്‍സടിച്ച ഷര്‍ദുല്‍ താക്കൂറിന്റെ പ്രകടനവും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി. പരിക്കിന്റെ പിടിയിലായിരുന്നിട്ടും രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 75 പന്തില്‍ 54 റണ്‍സ് നേടിയാണ് പന്ത് മടങ്ങിയത്.

ഇപ്പേള്‍ റിഷബ് പന്തിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ചേതേശ്വര്‍ പൂജാര. റിഷബ് പന്ത് ഹാസ് ബോളിന്റെ ക്ലാസിക് ഉദാഹരണമാണെന്നും തന്റെ ശൈലിയില്‍ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ സ്വാതന്ത്രവുമുള്ള താരവുമാണെന്ന് പൂജാര പറഞ്ഞു. ബാറ്റിങ് ശൈലിയില്‍ ചോദ്യചിഹ്നങ്ങള്‍ ഉണ്ടായിരുന്നുപ്പോഴും രാജ്യത്തിനായി എന്തും ചെയ്യാന്‍ കഴിയുമെന്ന് പന്ത് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബാസ്ബോളിന്റെ ക്ലാസിക് ഉദാഹരണമാണ് റിഷബ് പന്ത്. അദ്ദേഹത്തിന് തന്റെ ഇഷ്ട ഷോട്ടുകള്‍ കളിക്കാനും അവന്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഇന്നിങ്സ് നിര്‍മിക്കാനും സ്വാതന്ത്ര്യം ലഭിക്കുന്നു.
അദ്ദേഹം രാജ്യത്തിനു വേണ്ടിയാണ് അത് ചെയ്യുന്നത്. അത് മുഴുവന്‍ ടീമിനെയും ഉയര്‍ത്തും. മറ്റ് കളിക്കാര്‍ക്കും ഇത് പ്രചോദനമാകും. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിയില്‍ ചോദ്യചിഹ്നങ്ങള്‍ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ രാജ്യത്തിനായി എന്തും ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ ധൈര്യവും പ്രതിബദ്ധതയും കാണിക്കുന്നു,’ ചേതേശ്വര്‍ പൂജാര പറഞ്ഞു.

അതേസമയം രണ്ടാം ദിനം ഇംഗ്ലണ്ടിന് സാക് ക്രോളിയേയും (113 പന്തില്‍ 84) ബെന്‍ ഡക്കറ്റിനേയുമാണ് ( 100 പന്തില്‍ 94) നഷ്ടമായത്. മികച്ച ഇന്നിങ്സ് കളിച്ചാണ് ഇരുവരും കളം വിട്ടത്. ബെന്‍ ഡക്കറ്റ് സെഞ്ച്വറിക്കടുത്ത് എത്തിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ അന്‍ഷുല്‍ കാംബോജാണ് താരത്തെ പുറത്താക്കിയത്. ക്രോളിയെ രവീന്ദ്ര ജഡേജയാണ് കുരുക്കിയത്. നിലവില്‍ ഒല്ലി പോപ്പും (20) ജോ റൂട്ടുമാണ് (11) ക്രീസിലുള്ളത്.

Content Highlight: India VS England: Cheteshwar Pujara Praises Rishabh Pant