സീം പൊസിഷന്റെ കാര്യത്തില്‍ ബുംറ പോലും അവന്റെ അടുത്തെത്തില്ല; വമ്പന്‍ പ്രസ്താവനയുമായി പൂജാര
Sports News
സീം പൊസിഷന്റെ കാര്യത്തില്‍ ബുംറ പോലും അവന്റെ അടുത്തെത്തില്ല; വമ്പന്‍ പ്രസ്താവനയുമായി പൂജാര
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd June 2025, 3:20 pm

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ലീഡ്സിലെ ഹെഡിങ്ലിയില്‍ തുടരുകയാണ്. ആദ്യ ഇന്നിങ്സ് ബാറ്റിങ് പൂര്‍ത്തിയാക്കിയ ഇന്ത്യ 471 റണ്‍സാണ് നേടിയത്.

മത്സരത്തിലെ രണ്ടാം ദിവസം അവസാനിച്ചപ്പോള്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റുകളും നേടിയത് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയാണ്. രണ്ടാം ദിവസം അവസാനിച്ച ശേഷം ഇന്ത്യന്‍ ബാറ്റര്‍ ചേതേശര്‍ പൂജാര ബുംറയുടെ മികച്ച ബൗളിങ് കഴിവിനേയും ഇന്ത്യന പേസര്‍ മുഹമ്മദ് ഷമിയുടെ സീം പൊസിഷനെക്കുറിച്ചും താരതമ്യപ്പെടുത്തി സംസാരിച്ചിരുന്നു.

ബുംറ കഴിവുള്ള മികച്ച ബൗളറാണെന്നും പക്ഷേ സീം പൊസിഷന്റെ കാര്യത്തില്‍ ഷമി ഏതൊരു ഇന്ത്യന്‍ ബൗളറെയും മറികടക്കുമെന്നും പൂജാര പറഞ്ഞു. മാത്രമല്ല ഷമി അല്‍പം മടിയനാണെന്നും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ അദ്ദേഹത്തം നിര്‍ബന്ധിക്കണമെന്നും ഇന്ത്യന്‍ ബാറ്റര്‍ കൂട്ടിച്ചേര്‍ത്തു.

‘ജസ്പ്രീത് ബുംറ കഴിവുള്ള മികച്ച ബൗളറാണ്, പക്ഷേ സീം പൊസിഷന്റെ കാര്യത്തില്‍ ഷമി ഏതൊരു ഇന്ത്യന്‍ ബൗളറെയും മറികടക്കും. അവന്‍ അല്‍പം മടിയനാണ് ഫിറ്റ്‌നസിനായി നിങ്ങള്‍ അവനെ നിര്‍ബന്ധിക്കണം. എന്താണ് വേണ്ടതെന്ന് ഷമിക്ക് അറിയാം. പന്തിന്റെ വേഗത കൂട്ടാന്‍ ഫിറ്റ്‌നസ് വേണമെന്ന് പറയുമ്പോള്‍ അവന്‍ വേഗത്തില്‍ പന്തെറിയുന്നുണ്ടെന്നാണ് പറഞ്ഞത്,’ ചേതേശ്വര്‍ പൂജാര പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങില്‍ ആദ്യ ഓവറിനെത്തിയ ബുംറ തന്റെ ഓവറിലെ അവസാന പന്തില്‍ സാക്ക് ക്രോളിയെ കരുണ്‍ നായരുടെ കയ്യിലെത്തിച്ച് കൂടാരം കയറ്റിയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. നാല് റണ്‍സ് മാത്രമാണ് താരം നേടിയത്. എന്നാല്‍ വണ്‍ ഡൗണായെത്തിയ വൈസ് ക്യാപ്റ്റന്‍ ഒലി പോപ്പിനൊപ്പം ചേര്‍ന്ന് ഓപ്പണര്‍ ബെന്‍ ഡക്കറ്റ് രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിന് അടിത്തറയൊരുക്കി.

ടീം സ്‌കോര്‍ 126ല്‍ നില്‍ക്കവെ ബെന്‍ ഡക്കറ്റിനെ ബൗള്‍ഡാക്കി ജസ്പ്രീത് ബുംറ വീണ്ടും ഇന്ത്യയ്ക്ക് വിക്കറ്റ് നേടിക്കൊടുത്തു. 94 പന്തില്‍ 62 റണ്‍സുമായാണ് ഡക്കറ്റ് മടങ്ങിയത്. എന്നാല്‍ ഇന്ത്യ പേടിച്ചിരുന്ന വിദഗ്ദ്ധനായ ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടിനെ 28 റണ്‍സിന് കരുണ്‍ നായരുടെ കയ്യിലെത്തിച്ച് ബുംറ വീണ്ടും തിളങ്ങി.

അതേസമയം ഒന്നാം ഇന്നിങ്സില്‍ യശസ്വി ജെയ്സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്. കെ.എല്‍. രാഹുല്‍ 42 റണ്‍സും നേടിയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ബൗളിങ്ങില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ജോഷ് ടംങ്ങുമാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. നാല് വിക്കറ്റുകളാണ് ഇരുവരും നേടിയത്. ബ്രൈഡന്‍ കാഴ്‌സ്, ബഷീര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

Content Highlight: India VS England: Cheteshwar Pujara Compare Jasprit Bumrah And Mohammad Shami