അഞ്ച് വര്‍ഷം മുമ്പ് കളിച്ച ബോള്‍ ഉപയോഗിക്ക്; വിമര്‍ശനവുമായി അനില്‍ കുംബ്ലെ
Cricket
അഞ്ച് വര്‍ഷം മുമ്പ് കളിച്ച ബോള്‍ ഉപയോഗിക്ക്; വിമര്‍ശനവുമായി അനില്‍ കുംബ്ലെ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th July 2025, 8:53 pm

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ മൂന്നാം ദിനം ലോര്‍ഡ്‌സില്‍ പുരോഗമിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 387 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ചെയ്തിരുന്നു. നിലവില്‍ 92 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സാണ് തുടര്‍ ബാറ്റിങ്ങില്‍ ഇന്ത്യ നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് 72 പന്തില്‍ 40 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും 81 പന്തില്‍ 26 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയുമാണ്.

മത്സരത്തിലെ രണ്ടാം ദിനം ഏറെ നാടകീയമായ രംഗങ്ങള്‍ക്ക് ആരാധകര്‍ സാക്ഷിയാകേണ്ടി വന്നിരുന്നു. വിവാദമായത് മത്സരത്തിന് ഉപയോഗിച്ച ഡ്യൂക്ക് ബോളാണ്. നേരത്തെ ഷേപ്പ് ഔട്ടായ പന്ത് മാറ്റിയെങ്കിലും 80ാം ഓവറിനെത്തിയ മുഹമ്മദ് സിറാജിന് പകരം ലഭിച്ച പന്തും മോശമായി തോന്നി. തുടര്‍ന്ന് പന്ത് മാറ്റി തരാത്തതില്‍ ക്യാപ്റ്റന്‍ ഗില്‍ അമ്പയറോട് കയര്‍ക്കുകയും ചെയ്തിരുന്നു.

പന്ത് വളരെ പഴക്കം ചെന്നതാണെന്ന് ഗില്‍ പറഞ്ഞിരുന്നു. ഇത് ബൗളര്‍മാര്‍ക്ക് സ്വിങ്ങും പേസും ബൗണ്‍സും നഷ്ടമാകുന്നതിന് കാരണമാകുന്നതിനാലാണ് ഗില്‍ കയര്‍ത്ത് സംസാരിച്ചതും.

ഇപ്പോള്‍ ബോളിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ. ഇ.എസ്.പി.എന്‍ ക്രിക്ക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുംബ്ലെ. ബോള്‍ അതിവേഗം സോഫ്റ്റാകുന്നതും ആകൃതി നഷ്ടപ്പെടുന്നതും അത് മാറ്റിസ്ഥാപിക്കുന്നതിന് ന്യായമായ കാരണമാണെന്ന് കുംബ്ലെ പറഞ്ഞു. മാത്രമല്ല ബോള്‍ കൂടുതല്‍ തവണ മാറ്റിക്കൊണ്ടിരിക്കേണ്ടിവരുന്നത് കളിക്കും ബോള്‍ നിര്‍മാതാക്കള്‍ക്കും നല്ലതല്ലെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ബോള്‍ അതിവേഗം സോഫ്റ്റാകുന്നതും ആകൃതി നഷ്ടപ്പെടുന്നതും അത് മാറ്റിസ്ഥാപിക്കുന്നതിന് ന്യായമായ കാരണമാണ്. അതുകൊണ്ടുതന്നെ ഇതില്‍ വ്യക്തമായ ഒരു മാറ്റം വരുത്തേണ്ടതുണ്ട്. ബോള്‍ 10 ഓവറുകള്‍ പോലും ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നത് കളിയ്ക്ക് മാത്രമല്ല, പന്തിനും ഗുണം ചെയ്യില്ല. അഞ്ച് വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്നതിലേക്ക് (ഡ്യൂക്ക് ബോള്‍) മടങ്ങുന്നത് അര്‍ത്ഥവത്താണെന്ന് ഞാന്‍ കരുതുന്നു,’ കുംബ്ലെ പറഞ്ഞു.

Content Highlight: India VS England: Anil Kumble wants to use the Duke ball used five years ago