ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാളെ (ബുധന്‍) എഡ്ജ്ബാസ്റ്റണിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം അങ്കത്തിന് കളമൊരുങ്ങുന്നത്. ആദ്യ ടെസ്റ്റിലെ പരാജയത്തെ മറികടക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയരായ ത്രീ ലയണ്‍സ് മുന്നിലാണ്.
എന്നാല്‍ ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും സംഘത്തിനും വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ഇതുവരെ ഇന്ത്യയ്ക്ക് എഡ്ജ്ബാസ്റ്റണില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഇരുവരും തമ്മില്‍ എട്ട് മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏഴ് മത്സരത്തിലും വിജയിച്ചത് ഇംഗ്ലണ്ടായിരുന്നു. ഇന്ത്യയ്ക്ക് ഒരു സമനില മാത്രമാണ് നേടാന്‍ സാധിച്ചത്.
ആദ്യ ടെസ്റ്റില്‍ നിരവധി പിഴവുകള്‍ വരുത്തിയതും ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതോടെ രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ആദ്യ ടെസ്റ്റിന് ഇറങ്ങി തോല്‍ വഴങ്ങിയ ഗില്ലിനെ കാണുമ്പോള്‍ സഹതാപമുണ്ടെന്നും ഗ്രൗണ്ടില്‍ ഗില്‍ പരാജയപ്പെട്ടെന്നും കുക്ക് പറഞ്ഞു. മാത്രമല്ല ക്യാപ്റ്റന്റെ തീരുമാനങ്ങള്‍ ഉണ്ടാകേണ്ട സ്ഥാനത്ത് താരങ്ങള്‍ ഇടപ്പെട്ടെന്നും ഡി.ആര്‍.എസ് റിവ്യൂ പോലുള്ള തീരുമാനങ്ങള്‍ തെറ്റിയെന്നും കുക്ക് പറഞ്ഞു.
‘എനിക്ക് ഗില്ലിനെ ഓര്‍ത്ത് സഹതാപമുണ്ട്. പ്രത്യേകിച്ച് ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍. വിക്കറ്റ് വീഴ്ത്തുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടു. ഗ്രൗണ്ടില്‍ ഗില്ലിന് പകരമായി തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനുമായി നിരവധി പേരുണ്ടായിരുന്നു. ഡി.ആര്‍.എസ് റിവ്യൂ എടുക്കണമെങ്കില്‍ പോലും അവരെല്ലാം ഇടപെടുന്നുണ്ടായിരുന്നു. ആ തീരുമാനങ്ങളെല്ലാം തെറ്റുകയും ചെയ്തു.
ക്യാപ്റ്റനാവുന്നതിന് മുമ്പ് നേതൃഗുണം വളര്‍ത്താനുള്ള പല പുസ്തകങ്ങളും ഗില്‍ വായിച്ചിട്ടുണ്ടാവാം. പക്ഷെ ഗ്രൗണ്ടിലിറങ്ങി നില്‍ക്കുമ്പോഴേ യാഥാര്‍ത്ഥ്യത്തെ മനസിലാക്കാന്‍ സാധിക്കൂ. തനിക്ക് പകരം മറ്റ് പലരും തീരുമാനങ്ങളെടുക്കുന്നത് കണ്ട് ഗില്‍ ശരിക്കും ഞെട്ടിപ്പോയിരിക്കാം,’ യു.കെ പത്രമായ ദി സണ്‍ഡേ ടൈംസിലെ തന്റെ കോളത്തില്‍ കുക്ക് എഴുതി.
അതേസമയം ലീഡ്സിലെ ഹെഡിങ്ലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.
Content Highlight: India VS England: Alister Cook Talking About Indian Captain Shubhman Gill