ടെന്‍ഡുല്‍ക്കര്‍- ആന്‍ഡേഴ്സന്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. നാളെ (ജൂലൈ 31) മുതല്‍ ഓഗസ്റ്റ് നാല് വരെ ദി ഓവലാണ് മത്സരം നടക്കുക. ഈ മത്സരത്തില്‍ എന്ത് വിലകൊടുത്തും ഇന്ത്യക്ക് വിജയിക്കേണ്ടത് അനിവാര്യമാണ്. ഇംഗ്ലണ്ടാണ് മത്സരത്തില്‍ വിജയിക്കുന്നതെങ്കില്‍ 3-1ന് ഇന്ത്യയ്ക്ക് പരമ്പര തന്നെ നഷ്ടമാകും.
പരമ്പരയില്‍ ഇതുവരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിലവില്‍ എട്ട് ഇന്നിങ്‌സില്‍ നിന്ന് 722 റണ്‍സാണ് ഗില്‍ ഇന്ത്യയ്ക്ക് വേണ്ടി അടിച്ചെടുത്തത്. മാഞ്ചസ്റ്റര്‍ ടെസ്റ്റിലും സെഞ്ച്വറി നേടിയാണ് ഗില്‍ വീണ്ടും തിളങ്ങിയത്. ഗില്‍ 238 പന്തില്‍ 103 റണ്‍സ് നേടിയായിരുന്നു നാലാം ടെസ്റ്റിലെ അവസാന ദിനം പുറത്തായത്.
ഇപ്പോള്‍ ഗില്ലിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. ഗില്‍ ഓരോ തവണയും 20 കടക്കുമ്പോള്‍ സെഞ്ച്വറി നേടിയിട്ടുണ്ടെന്നും താരത്തിന്റെ ബാറ്റിങ്ങില്‍ റെക്കോഡുകള്‍ വീഴുന്നുവെന്നും ചോപ്ര പറഞ്ഞു. മാത്രമല്ല ഗില്‍ അസാധാരണമായ പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗില്ലില്‍ നിന്നാണ് ഞാന്‍ തുടങ്ങുന്നത്. കാരണം അവന്‍ ഓരോ തവണയും 20 കടക്കുമ്പോള്‍ അവന്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. ഈ പരമ്പരയുടെ യാഥാര്‍ത്ഥ്യം അതാണ്. അവന്‍ ബാറ്റ് ചെയ്യുമ്പോള്‍ റെക്കോഡുകള്‍ വീഴുന്നു. അവന്‍ അസാധാരണമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഗില്ലും രാഹുലും ദീര്‍ഘനേരം ബാറ്റ് ചെയ്താല്‍ ഈ മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് ഞങ്ങള്‍ സംസാരിച്ചിരുന്നു, അതാണ് സംഭവിച്ചത്. അവന്‍ ഒരു സെഞ്ച്വറി നേടി പിന്നീട് നാഴികക്കല്ല് പിന്നിട്ട ശേഷം ഒപുറത്തായി. എന്നിരുന്നാലും, ഈ പരമ്പര ശുഭ്മാന്‍ ഗില്ലിന്റെ വരവ്, ആധിപത്യം, അചഞ്ചലമായ ദൃഢനിശ്ചയം എന്നിവയാല്‍ ഓര്‍മ്മിക്കപ്പെടും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം 1936 മുതല്‍ ഓവലില്‍ ഇന്ത്യ 15 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചെങ്കലും രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. ഓവലില്‍ ആറ് മത്സരങ്ങള്‍ പരാജയപ്പെട്ട ഇന്ത്യ ഏഴ് മത്സരങ്ങളില്‍ സമനില രേഖപ്പെടുത്തി. ഈ വേദിയില്‍ ഇന്ത്യ ആദ്യമായി വിജയിക്കുന്നത് 1971ലാണ്. രണ്ടാം വിജയം 2021ലുമാണ് ഇന്ത്യ സ്വന്തമാക്കിയത്.
അജിത് വധേക്കര്‍, വിരാട് കോഹ്ലി എന്നീ ക്യാപ്റ്റന്‍മാര്‍ക്ക് മാത്രമാണ് യധാക്രമം ഓവലില്‍ വിജയിക്കാന്‍ സാധിച്ചത്. ഇപ്പോള്‍ 25കാരനായ ഇന്ത്യന്‍ ക്യാപ്റ്റനും ഓവലില്‍ വിജയിക്കാനുള്ള അവസരമാണ് വന്നെത്തിയത്. നിര്‍ണായകമായ അവസാനത്തെ മത്സരത്തില്‍ ഗില്ലിന് വിജയിക്കാന്‍ സാധിച്ചാല്‍ ഓവലില്‍ വിജയിക്കുന്ന ഇതിഹാസ ക്യാപ്റ്റന്‍മാരുടെ ലിസ്റ്റിലെത്താനും താരത്തിന് സാധിക്കും.
Content Highlight: India VS England: Akash Chopra Talking About Shubhman Gill