അവന്‍ ടീമിലില്ലാത്തത് ആശങ്കയുണ്ടാക്കുന്നു: ആകാശ് ചോപ്ര
Cricket
അവന്‍ ടീമിലില്ലാത്തത് ആശങ്കയുണ്ടാക്കുന്നു: ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th July 2025, 3:37 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് സ്റ്റേഡിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സെടുത്തിട്ടുണ്ട്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 358 റണ്‍സായിരുന്നു നേടാന്‍ സാധിച്ചത്.

നിലവില്‍ ഇന്ത്യയ്‌ക്കെതിരെ 186 റണ്‍സിന്റെ ലീഡാണ് ത്രീ ലയണ്‍സ് നേടിയത്. നായകന്‍ ബെന്‍ സ്റ്റോക്സും (134 പന്തില്‍ 77) ലിയാം ഡോസണുമാണ് (52 പന്തില്‍ 21) ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്. ജോ റൂട്ടിന്റെ ഐതിഹാസിക പ്രകടനത്തിന്റെ മികവിലായിരുന്നു ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്. 248 പന്തില്‍ നിന്ന് 14 ഫോറുകള്‍ ഉള്‍പ്പെടെ 150 റണ്‍സ് നേടിയാണ് റൂട്ട് കളം വിട്ടത്. റൂട്ടിന് പുറമെ സാക് ക്രോളി (84), ബെന്‍ ഡക്കറ്റ് (94), ഒല്ലി പോപ്പ് (71) എന്നിവരാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി വാഷിങ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. എന്നിരുന്നാലും ഇന്ത്യയുടെ മികച്ച സ്പിന്നര്‍മാരിലൊരാളായ കുല്‍ദീപ് യാദവിനെ ഇന്ത്യ കളത്തിലിറക്കാത്തതില്‍ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു.

ഇപ്പോള്‍ താരത്തെ പിന്തുണച്ച് സംസാരിക്കുകയാണ് മു ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് നേടുമോ എന്നറിയില്ലെങ്കിലും താരം ടീമിലില്ലാത്തത് അല്‍പ്പം ആശങ്കയുള്ള കാര്യമാണെന്നും ചോപ്ര പറഞ്ഞു.

‘കുല്‍ദീപിനെ ഉള്‍പ്പെടുത്തണമായിരുന്നോ എന്നത് ഒരു ചോദ്യമാണ്? അവന്‍ നന്നായി പന്തെറിയുന്നുണ്ടെന്നും കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മോര്‍ണി മോര്‍ക്കല്‍ പറഞ്ഞിരുന്നു. പക്ഷേ മികച്ച ആറ് പേരും റണ്‍സ് വഴങ്ങുന്നുണ്ട്. ഞാന്‍ കളിക്ക് പുറത്തുള്ളവനായതിനാല്‍ വിധി പ്രസ്താവിക്കുന്നത് എളുപ്പമല്ല.

പിച്ച് പരന്നതായതിനാല്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തണമെന്ന് ശക്തമായ വാദമുണ്ടായിരുന്നു. പന്ത് ചലിക്കുന്ന പതിവ് മാഞ്ചസ്റ്റര്‍ പ്രതലമല്ല ഇത്. ഈ സാഹചര്യത്തില്‍ കുല്‍ദീപ് കളിച്ചിരുന്നെങ്കില്‍ നന്നാകുമായിരുന്നു എന്ന് വാദിക്കാം. അവന്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുമായിരുന്നുവെന്ന് ഉറപ്പില്ല, എന്നിരുന്നാലും കുല്‍ദീപ് ടീമില്‍ ഇല്ലായിരുന്നു എന്നത് അല്‍പ്പം ആശങ്കാജനകമാണ്,’ ചോപ്ര പറഞ്ഞു.

Content Highlight: India VS England: Akash chopra Talking About Kuldeep Yadav