അവനെ ഇന്ത്യ മികച്ച രീതിയില്‍ ഉപയോഗിച്ചില്ല; തുറന്ന് പറഞ്ഞ് അജിന്‍ക്യ രഹാനെ
Sports News
അവനെ ഇന്ത്യ മികച്ച രീതിയില്‍ ഉപയോഗിച്ചില്ല; തുറന്ന് പറഞ്ഞ് അജിന്‍ക്യ രഹാനെ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th June 2025, 10:04 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്.

രണ്ടാം ടെസ്റ്റിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ ഷര്‍ദുല്‍ താക്കൂറിനെക്കുറിച്ച് സംസാരിക്കുകയാണ്. ഇംഗ്ലണ്ടില്‍ ഓള്‍റൗണ്ടറുടെ റോള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും ഷര്‍ദുല്‍ താക്കൂര്‍ വിദേശ ടെസ്റ്റുകളില്‍ പരിചയസമ്പന്നനായ കളിക്കാരനാണെന്നും രഹാനെ പറഞ്ഞു. മാത്രമല്ല ഷാര്‍ദുലിനെ നന്നായി ഉപയോഗിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെങ്കില്‍ അത് വളരെ മികച്ചതായിരിക്കുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ഇംഗ്ലണ്ടില്‍ ഓള്‍റൗണ്ടറുടെ റോള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് എനിക്ക് തോന്നുന്നു. ഷര്‍ദുല്‍ താക്കൂര്‍ പരിചയസമ്പന്നനായ കളിക്കാരനാണ്. വിദേശ ടെസ്റ്റുകളില്‍ അവന്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഷര്‍ദുലില്‍ നിന്ന് കൂടുതല്‍ ഓവറുകള്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയ്ക്ക് ഷാര്‍ദുലിനെ നന്നായി ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ അത് വളരെ മികച്ചതായിരിക്കും.

ഷര്‍ദുല്‍ പന്ത് രണ്ട് ദിശകളിലേക്കും സ്വിങ് ചെയ്യാന്‍ കഴിവുള്ള ആളാണ്. വിക്കറ്റ് എടുക്കുന്നതില്‍ അവന്‍ ഒരു മികച്ച കളിക്കാരനുമാണ്. മാത്രമല്ല അവന് ന്യൂ ബോള്‍ നല്‍കാന്‍ ക്യാപ്റ്റന് കഴിയും. സാധാരണയായി 10 അല്ലെങ്കില്‍ 12 ഓവറുകള്‍ക്ക് ശേഷം ഡ്യൂക്ക്‌സ് ബോള്‍ മികച്ച അവസ്ഥയിലെത്തും – ഷര്‍ദുല്‍ ബുംറയ്ക്കൊപ്പവും സിറാജിനൊപ്പവും ബൗളിങ് ആരംഭിക്കുകയും ചെയ്താല്‍ അത് ശരിക്കും മികച്ചതായിരിക്കും,’ അടുത്തിടെ ആരംഭിച്ച തന്റെ യൂട്യൂബ് ചാനലില്‍ രഹാനെ പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ വരാനിരിക്കുന്ന മത്സരം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. രോഹിത് ശര്‍മയുടെയേും വിരാട് കോഹ്‌ലിയുടേയും വിരമിക്കലിന് ശേഷം ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശുഭ്മന്‍ ഗില്ലിന് വിജയത്തോടെ തുടങ്ങാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വലിയ പ്രതീക്ഷയുമായാണ് കളത്തിലിറങ്ങുക. അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ജൂലൈ രണ്ടിന് പുറത്ത് വിടും.

Content Highlight: India VS England: Ajinkya Rahane Talking About Shardul Thakur