ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫി എന്ന് പുനര്‍ നാമകരണം ചെയ്ത പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 1-2ന് പിന്നിലാണ്. ലീഡ്‌സിലും ലോര്‍ഡ്‌സിലും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ എഡ്ജ്ബാസ്റ്റണില്‍ മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. ലോര്‍ഡ്‌സില്‍ ജയം മുമ്പില്‍ കണ്ട ശേഷമായിരുന്നു ഇന്ത്യ ത്രീ ലയണ്‍സിന് മുന്നില്‍ തോല്‍വി വഴങ്ങിയത്.
ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നിര്‍ണായകമായ നാലാം ടെസ്റ്റ് ആരംഭിക്കുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയമാണ് വേദി. പരമ്പര കൈവിടാതെ കാക്കണമെങ്കില്‍ മാഞ്ചസ്റ്ററില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
നിര്‍ണായകമായ നാലാം മത്സരത്തില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിക്കാന്‍ സാധ്യതയുണ്ടോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മാത്രമേ ബുംറ കളത്തിലിറങ്ങൂ എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ നാലാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടാകുമോ എന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. താരം ലഭ്യമായേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ബി.സി.സി.ഐ താരത്തെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റും നല്‍കിയിട്ടില്ല. താരത്തിന് വിശ്രമം നല്‍കുകയാണെങ്കില്‍ ഇന്ത്യ തീര്‍ച്ചയായും അര്‍ഷ്ദീപ് സിങ്ങിനെ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ പറഞ്ഞത്.
‘ബുംറ കളിക്കുന്നില്ലെങ്കില്‍ അര്‍ഷ്ദീപിനെയാണ് ഇന്ത്യ തെരഞ്ഞെടുക്കേണ്ടത്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഇരുവശത്തേക്കും സ്വിങ് ചെയ്യാന്‍ കഴിയുന്ന ഒരു ഇടംകയ്യന്‍ സീമറെ ആവശ്യമാണ്. കൂടാതെ അവന്റെ വ്യത്യസ്ത ആംഗിള്‍ സ്പിന്നര്‍മാര്‍ക്ക് റഫ് പിച്ചുകള്‍ നല്‍കും. അതിനാല്‍, ബുംറ കളിക്കുന്നില്ലെങ്കില്‍ അടുത്ത മത്സരത്തില്‍ അര്‍ഷ്ദീപിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടത്,’ രഹാനെ പറഞ്ഞു.
ഇതിനെല്ലാം പുറമെ നാലാം ടെസ്റ്റിന് മുന്നോടിയായ പരിശീലനത്തില്‍ ഇന്ത്യന്‍ ഇടംകയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിന് പരിക്ക് പറ്റിയെന്ന റിപ്പോര്‍ട്ടുകളും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും രണ്ടാം ടെസ്റ്റില്‍ ബുംറയ്ക്ക് പകരക്കാരനായി എത്തിയ ആകാശ് ദീപിന്റെ സേവനം ഇന്ത്യയ്ക്ക് ലഭ്യമാണ്. ഒരു ഫൈഫര്‍ ഉള്‍പ്പെടെ 10 വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവെച്ചത്. ലോര്‍ഡ്‌സില്‍ ഒരു വിക്കറ്റാണ് താരത്തിന് നേടാന്‍ സാധിച്ചത്.
Content Highlight: India VS England: Ajinkya Rahane Talking About Arshdeep Singh