ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്. ഇതോടെ ഇരു ടീമുകളും വലിയ തയ്യാറെടുപ്പിലാണ്.
മാത്രമല്ല ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയില്ലാതെ കളത്തിലിറങ്ങുന്ന ഇന്ത്യയ്ക്ക് രണ്ടാം മത്സരം നിര്‍ണായകമാണ്. ഇതോടെ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും കാര്യങ്ങള്‍ എളുപ്പമാകില്ല. വിരാട് കോഹ്ലിയുടേയും രോഹിത് ശര്‍മയുടേയും വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റില്‍ മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ വലിയ പ്രതീക്ഷയിലാണ് ഇന്ത്യ.
ഇപ്പോള്‍ ബുംറയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്‌സ്. ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് ബുംറയെന്നും അതിനാല്‍ താരത്തിന് വിശ്രമം അനുവദിക്കുന്നതിനുള്ള മാര്‍ഗം തീരുമാനിക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.
എന്നാല്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ക്ക് വേണ്ടി ബുംറയെ ഒരുക്കുന്നതിന് അനുയോജ്യമാണ് ഇംഗ്ലണ്ട് പരമ്പരയെന്നും വില്ലി പറഞ്ഞു. മാത്രമല്ല പ്രോട്ടിയാസിന്റെ സൂപ്പര്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നിനെ പ്രധാനപ്പെട്ട പരമ്പര മാത്രമാണ് കളിപ്പിക്കാറുള്ളൂ എന്നും അല്ലാത്ത മത്സരങ്ങളില്‍ വിശ്രമം നല്‍കുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘ലോകത്തിലെ എല്ലാ ഫോര്‍മാറ്റുകളിലും ഇപ്പോള്‍ ഏറ്റവും മികച്ച ബൗളറാണ് അദ്ദേഹം. അതിനാല്‍ അദ്ദേഹത്തിന് വിശ്രമം നല്‍കുന്നതിനുള്ള ഒരു മാര്‍ഗം തീരുമാനിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്റെ അഭിപ്രായത്തില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ക്കും അവനെ ഒരുക്കാന്‍ ഈ ടെസ്റ്റ് പരമ്പര തന്നെയായിരിക്കും അനുയോജ്യം.
ഡെയ്‌ലിനെ (ഡെയ്ല്‍ സ്റ്റെയ്ന്‍) ഞങ്ങള്‍ മുമ്പ് അങ്ങനെയാണ് ചെയ്തിരുന്നത്. അത്ര പ്രാധാന്യമില്ലാത്ത ടി-20, ഏകദിന പരമ്പരകളില്‍ അദ്ദേഹത്തിന് വിശ്രമം നല്‍കുക, ആ സമയത്തെ റാങ്കിങ്ങിനെ ആശ്രയിച്ച്, ഒരു പരിധിവരെ അവനെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവര്‍ക്കെതിരായ വലിയ എവേയ് ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറാക്കും.
ഇത് മോശം മാനേജ്‌മെന്റാണോ അതോ അടുത്തിടെ അദ്ദേഹം പരിക്കില്‍ നിന്ന് തിരിച്ചെത്തിയതുകൊണ്ടാണോ എന്ന് എനിക്കറിയില്ല. ഐ.പി.എല്ലിനെ ഒരു സന്നാഹ ഘട്ടമായി കണ്ടിരിക്കാം. ഒരുപക്ഷേ, സര്‍ജന്‍ പറഞ്ഞുകാണും ‘നിങ്ങള്‍ക്ക് അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ കഴിയില്ല.’ അങ്ങനെയാണെങ്കില്‍ നിങ്ങള്‍ അത് ബഹുമാനിക്കണം. ദിവസാവസാനം അദ്ദേഹത്തെ നന്നായി കൈകാര്യം ചെയ്യേണ്ടത് ടീം ഇന്ത്യയാണ്,’ ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
Content Highlight: India VS England: AB De Villiers Talking About Jasprit Bumrah