വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക. ഗ്രേസ് റോഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് പ്രോട്ടിയാസ് ലെജന്‍ഡ്‌സ് നേടിയത്.
മത്സരത്തില്‍ ടോസ് നേടിയ പ്രോട്ടിയാസ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് വെറും 12.2 ഓവറില്‍ 153 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
🚨 41-YEAR-OLD AB DE VILLIERS SMASHED 41 BALL HUNDRED IN WCL 🚨
സൂപ്പര്‍ ബാറ്റര്‍ എ.ബി. ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയിലാണ് സൗത്ത് ആഫ്രിക്കയുടെ മിന്നും വിജയം. 51 പന്തുകളില്‍ നിന്ന് 15 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 116 റണ്‍സ് നേടി പുറത്താകാതെയാണ് താരം വെടിക്കെട്ട് പ്രകടനം നടത്തിയത്. 227.45 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്. പ്രായത്തെ വെല്ലുന്ന ബാറ്റിങ്ങുകൊണ്ട് വീണ്ടും വീണ്ടും ആരാധകരെ അമ്പരപ്പിച്ചുണ്ടൊണ്ടിരിക്കുകയാണ് താരം. മത്സരത്തിലെ താരമാകാനും ഡിവില്ലിയേഴ്‌സിന് സാധിച്ചിരുന്നു.
മത്സരത്തില്‍ ഓപ്പണര്‍ ഹാഷിം അമ്‌ല 25 പന്തില്‍ 29 റണ്‍സാണ് നേടിയത്. നാല് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഇംഗ്ലണ്ടിന് വേണ്ടി ഓവര്‍ എറിഞ്ഞ എല്ലാവര്‍ക്കും കണക്കിന് കൊടുത്താണ് പ്രോട്ടിയാസ് വിജയക്കൊടി പാറിച്ചത്.
അതേസമയം ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണര്‍ ഫില്‍ മസ്താര്‍ഡാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. 33 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 39 റണ്‍സാണ് താരം നേടിയത്. സമിത് പട്ടേല്‍ 24 റണ്‍സും നേടിയിരുന്നു. പ്രോട്ടിയാസിന് വേണ്ടി ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയത് വൈന്‍ പാര്‍ണറും ഇമ്രാന്‍ താഹിറുമാണ്. ഇരുവരും രണ്ട് വിക്കറ്റുകളാണ് നേടിയത്.