ചരിത്രം കുറിക്കാന്‍ അശ്വിന്‍, ഐതിഹാസിക നേട്ടത്തിന് തൊട്ടടുത്ത്; നാലാം ടെസ്റ്റില്‍ പടിയിറങ്ങുക ഇന്ത്യന്‍ ലെജന്‍ഡ്
Sports News
ചരിത്രം കുറിക്കാന്‍ അശ്വിന്‍, ഐതിഹാസിക നേട്ടത്തിന് തൊട്ടടുത്ത്; നാലാം ടെസ്റ്റില്‍ പടിയിറങ്ങുക ഇന്ത്യന്‍ ലെജന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd February 2024, 6:09 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടെസ്റ്റിനാണ് കളമൊരുങ്ങുന്നത്. റാഞ്ചിയിലെ ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം കോംപ്ലെക്‌സില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യയൊരുങ്ങുന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയമേറ്റുവാങ്ങേണ്ടി വന്നെങ്കിലും രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും ഗംഭീര തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ സീരീസില്‍ മേല്‍ക്കൈ നേടിയത്.

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അശ്വിന്‍ ടെസ്റ്റ് കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരുന്നു. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 500 വിക്കറ്റ് എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.

ഇപ്പോള്‍ മറ്റൊരു ചരിത്ര നേട്ടവും അശ്വിന് മുമ്പിലുണ്ട്. ഇന്ത്യന്‍ മണ്ണില്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകള്‍ എന്ന നേട്ടമാണ് അശ്വിന് മുമ്പിലുള്ളത്.

നിലവില്‍ 350 വിക്കറ്റുമായി ഇതിഹാസ താരം അനില്‍ കുംബ്ലെയാണ് അശ്വിന് മുമ്പിലുള്ളത്. നിലവില്‍ 348 വിക്കറ്റുകള്‍ സ്വന്തം പേരിലുള്ള അശ്വിന് റാഞ്ചിയില്‍ നടക്കുന്ന മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയാല്‍ കുംബ്ലെക്കൊപ്പമെത്താനും മറ്റൊരു വിക്കറ്റ് കൂടി നേടിയാല്‍ കുംബ്ലെയെ മറികടക്കാനും സാധിക്കും.

ഹോം ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – വിക്കറ്റ് എന്നീ ക്രമത്തില്‍)

അനില്‍ കുംബ്ലെ – 350

രവിചന്ദ്രന്‍ അശ്വിന്‍ – 348

ഹര്‍ഭജന്‍ സിങ് – 265

കപില്‍ ദേവ് – 219

രവീന്ദ്ര ജഡേജ – 206

കരിയറിലെ 99ാം ടെസ്റ്റ് മത്സരത്തിനാണ് അശ്വിന്‍ കളത്തിലിറങ്ങുന്നത്. ഇന്ത്യ ഇതുവരെ നാലാം മത്സരത്തിനുള്ള പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചിട്ടില്ല.

നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍:

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, ഒല്ലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഷോയിബ് ബഷീര്‍.

നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പാടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

 

 

Content highlight: India vs England: 4th Test: Ashwin needs 3 wickets to surpass Anil Kumble