20 ഓവര്‍ മത്സരം നടക്കില്ല; ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരട്ടെ എന്ന് ആരാധകര്‍
Sports News
20 ഓവര്‍ മത്സരം നടക്കില്ല; ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരട്ടെ എന്ന് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd September 2022, 7:53 pm

 

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി-20 മത്സരം മഴ കാരണം വൈകുന്നു. 6.30ന് ടോസിടേണ്ട മത്സരത്തില്‍ ഇതുവരെ അത് നടന്നിട്ടില്ല. ഏഴ് മണിക്ക് പിച്ച് പരിശോധിച്ചപ്പോഴും നനവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മത്സരം നടത്താന്‍ പാകത്തിന് ഗ്രൗണ്ട് മാറാത്തത് മൂലമാണ് മത്സരം ആരംഭിക്കാത്തത്. മത്സരത്തിന്റെ അടുത്ത അപ്‌ഡേഷന്‍ എട്ട് മണിക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരത്തില്‍ 20 ഓവര്‍ മത്സരം എന്തായാലും നടക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മത്സരം എത്ര ഓവര്‍ വെട്ടിക്കുറക്കുമെന്ന് എട്ട് മണിക്ക് ശേഷം അറിയാന്‍ സാധിക്കും. മത്സരത്തിലെ ഓവര്‍ ചുരുക്കിയാലും ആവേശം ഒട്ടും കുറയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

രണ്ട് ടീമുകളും അറ്റാക്ക് ചെയ്ത് കളിക്കുന്ന സാഹചര്യത്തില്‍ ഓവറുകള്‍ ചുരുക്കിയാലും മത്സരം ആവേശകരമാകും. ആദ്യ മത്സരത്തിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാനാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. എന്നാല്‍ രണ്ടാം മത്സരവും വിജയിച്ചുകൊണ്ട് പരമ്പര സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ഓസീസ് പട.

ഇന്നത്തെ മത്സരത്തില്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറ കളിക്കാനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഗ്രൗണ്ടില്‍ പ്രാക്ടീസ് സെഷനില്‍ അദ്ദേഹമുണ്ടായത് ഈ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ട ബൗളിങ് നിരക്ക് ബുംറയുടെ തിരിച്ചുവരവ് പുത്തന്‍ ഉണര്‍വ് നല്‍കും.

ആദ്യ മത്സരത്തില്‍ സമ്പൂര്‍ണ പരാജയമായ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ് എന്നിവരില്‍ ഒരാള്‍ക്ക് പകരമായിരിക്കും ബുംറ കളത്തില്‍ ഇറങ്ങുക.

കങ്കാരുപ്പട ഇന്ത്യയെ നാല് വിക്കറ്റിനായിരന്നു തകര്‍ത്തത്. 208 റണ്‍സ് ബാറ്റിങ്ങില്‍ നേടിയ ഇന്ത്യക്ക് പക്ഷെ ബൗളിങ് നിര പണികൊടുക്കുകയായിരുന്നു.

ഏറ്റവും കൂടുതല്‍ പരിചയ സമ്പത്തുള്ള ഭുവനേശ്വര്‍ കുമാറാണ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുനല്‍കിയത്. നാല് ഓവറില്‍ 52 റണ്‍സാണ് അദ്ദേഹം വിട്ടുനല്‍കിയത്. തൊട്ടുപിറകില്‍ 49 റണ്‍സ് വിട്ടുനല്‍കി ഹര്‍ഷല്‍ പട്ടേലുമുണ്ടായിരുന്നു. 17ാം ഓവറില്‍ 15 റണ്‍സ് ഭുവി വിട്ടുനല്‍കിയപ്പോള്‍ 18ാം ഓവറില്‍ 22 റണ്‍സാണ് അദ്ദേഹം വിട്ടുനല്‍കിയത്.

പിന്നീട് 19ാം ഓവറിലും ഭുവി ഒരുപാട് റണ്‍സ് ലീക്ക് ചെയ്തപ്പോള്‍ ഇന്ത്യ തോല്‍വി സ്വന്തമാക്കുകയായിരുന്നു. 21 പന്തില്‍ 45 റണ്‍സ് നേടിയ മാത്യൂ വെയ്ഡാണ് മത്സരം ഇന്ത്യയുടെ കയ്യില്‍ നിന്നും തട്ടിയെടുത്തത്. ഓപ്പണര്‍ കാമറൂണ്‍ ഗ്രീന്‍ 61 റണ്‍സ് നേടിയിരുന്നു.

Content Highlight: India vs Australia second t20 is delayed due to rain