ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്കുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കങ്കാരുക്കള്‍ക്കെതിരെ കളിക്കുന്നത്. നാളെയാണ് ആദ്യ മത്സരം. കാന്‍ബറയാണ് വേദി.
നേരത്തെ നടന്ന ഏകദിന പരമ്പരയിലെ തോല്‍വിക്ക് കണക്കുചോദിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്.
ടി-20 ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്കാണ് മേല്‍ക്കൈ. ഇതുവരെ 32 തവണ ഇരുവരും ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയപ്പോള്‍ 20 തവണയും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. 11 തവണ ഓസീസ് വിജയിച്ചപ്പോള്‍ ഒരു മത്സരം ഫലമില്ലാതെയും അവസാനിച്ചു.
2024 ടി-20 ലോകകപ്പിലാണ് ഇതിന് മുമ്പ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. ഗ്രോസ് ഐലറ്റില്‍ നടന്ന സൂപ്പര്‍ 8 മത്സരത്തില്‍ 24 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 41 പന്തില്‍ 92 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ വിജയിച്ചത്.
ഇരു ടീമുകളുടെ ഹെഡ് ടു ഹെഡിലെ വ്യക്തിഗത നേട്ടത്തിലും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ് ഒന്നാമത്. ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ വിരാട് കോഹ്‌ലിയും (794 റണ്‍സ്) വിക്കറ്റ് വേട്ടക്കാരില്‍ ജസ്പ്രീത് ബുംറയും (17 വിക്കറ്റ്) ആധിപത്യം പുലര്‍ത്തുന്നു. ഇരു ടീമുകളുടെയും ഈ പരമ്പരയിലെ സ്‌ക്വാഡ് പരിശോധിച്ചാലും ഈ റെക്കോഡുകളിലെ ഇന്ത്യന്‍ ഡോമിനന്‍സ് വ്യക്തമാകും.