ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിന മത്സരം പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രം നേടിയാണ് ബാറ്റിങ് അവസാനിപ്പിച്ചത്. രസംകൊല്ലിയായി മഴയെത്തിയതോടെ 26 ഓവറുകളായിട്ടാണ് മത്സരം ചുരുക്കിയത്.
ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ആറാമനായി ഇറങ്ങിയ കെ.എല്‍. രാഹുലാണ്. 31 പന്തില്‍ 38 റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്. രണ്ട് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. രണ്ടാം ടോപ് സ്‌കോറര്‍ അക്‌സര്‍ പട്ടേലാണ്. 38 പന്തില്‍ മൂന്ന് ഫോറുകളടക്കം 31 റണ്‍സാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. പുറത്താകാതെ 11 പന്തില്‍ രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ 19 റണ്‍സ് നേടിയാണ് നിതീഷ് മികവ് പുലര്‍ത്തിയത്.
വലിയ പ്രതീക്ഷകളുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ തിരികെ നടന്നു. 14 പന്തില്‍ ഒരു ഫോറടക്കം എട്ട് റണ്‍സ് നേടിയ താരം ജോഷ് ഹേസല്‍വുഡിന് മുന്നില്‍ വീഴുകയായിരുന്നു.
വാനോളം പ്രതീക്ഷ നല്‍കിയ വിരാട് കോഹ്‌ലി രോഹിത്തിന് പിന്നാലെ ഡക്കായി മടങ്ങി. എട്ട് പന്തുകള്‍ നേരിട്ട് റണ്‍സ് ഒന്നും എടുക്കാതെയായിരുന്നു താരത്തിന്റെ മടക്കം. മിച്ചല്‍ സ്റ്റാര്‍ക്കാണ് താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്. അടുത്ത ഓവറില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും കങ്കാരുക്കള്‍ക്ക് മുമ്പില്‍ അടിയറവ് പറഞ്ഞു. ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ 18 പന്തില്‍ രണ്ട് ഫോറുള്‍പ്പടെ 10 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്.
നാലാമനായി ഇറങ്ങിയ ശ്രേയസ് അയ്യര്‍ 24 പന്തില്‍ 11 റണ്‍സ് എടുത്താണ് പുറത്തായത്. ഹേസല്‍വുഡാണ് താരത്തെ മടക്കി ഇന്ത്യയെ വീണ്ടും സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടത്. അയ്യരെ നഷ്ടപ്പെടുമ്പോള്‍ ഇന്ത്യ 45/4 എന്ന നിലയിലായിരുന്നു. പിന്നീട് മെന്‍ ഇന്‍ ബ്ലൂവിനെ കരകയറ്റിയത് മധ്യ നിര ബാറ്റര്‍ അക്‌സറും രാഹുലുമായിരുന്നു.
ഓസീസിന് വേണ്ടി ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ ഓവണ്‍, മാത്യൂ കുനേമാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ എല്ലിസും ഓരോ വിക്കറ്റുകളും നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മിന്നും പ്രകടനം നടത്തിയാല്‍ മാത്രമേ ഓസീസിനെ തളക്കാന്‍ സാധിക്കൂ. നിലവില്‍ ഓസീസിന്റെ ബാറ്റിങ് തുടങ്ങി രണ്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സാണ് ടീം നേടിയത്. എട്ട് റണ്‍സ് നേടിയ ട്രാവിസ് ഹെഡ്ഡിനെയാണ് നഷ്ടമായത്. അര്‍ഷ്ദീപ് സിങ്ങിനാണ് വിക്കറ്റ്.
Into the act straight away 😎
Arshdeep Singh with the opening breakthrough for #TeamIndia ☝️