സഞ്ജു പുറത്ത് തന്നെയോ? ഇന്ത്യക്ക് ഭീഷണിയുയർത്താൻ ഓസീസ് സൂപ്പർ താരം മടങ്ങിയെത്തുമോ?!
DSport
സഞ്ജു പുറത്ത് തന്നെയോ? ഇന്ത്യക്ക് ഭീഷണിയുയർത്താൻ ഓസീസ് സൂപ്പർ താരം മടങ്ങിയെത്തുമോ?!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 6th November 2025, 8:22 am

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടി – 20 മത്സരം ഇന്ന് അരങ്ങേറും. കരാരയിലെ ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി. പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പത്തിനൊപ്പമാണ്. അതിനാല്‍ തന്നെ പരമ്പരയില്‍ മുന്നിലെത്താന്‍ ഈ മത്സരത്തില്‍ ഇരു ടീമിനും വിജയം അനിവാര്യമാണ്.

കരാരയില്‍ മറ്റൊരു മത്സരത്തിന് സൂര്യയും സംഘവും ഓസീസിനെതിരെ കോപ്പുകൂട്ടുമ്പോള്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ എന്തായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്നാം ടി – 20യില്‍ വിജയിച്ചതിനാല്‍ തന്നെ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്.

അങ്ങനെയെങ്കില്‍ സഞ്ജു സാംസണ്‍ ഇന്നും പുറത്തിറക്കേണ്ടി വരും. കഴിഞ്ഞ മത്സരത്തില്‍ മലയാളി താരത്തിന് പകരം ജിതേഷ് ശര്‍മയായിരുന്നു വിക്കറ്റ് കീപ്പറുടെ റോളില്‍ എത്തിയത്. നിന്‍ജ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ താരം 13 പന്തില്‍ 22 റണ്‍സ് എടുത്തിരുന്നു. അതും സഞ്ജുവിന്റെ പ്ലെയിങ് ഇലവനിലേക്കുള്ള മടങ്ങി വരവിന് വിനയാകും.

അതിനാല്‍ തന്നെ അവസാന മത്സരത്തിലെ ടീമുമായാണ് ഇന്ത്യന്‍ സംഘം ഇന്ന് കളത്തില്‍ ഇറങ്ങുക. മൂന്നാം മത്സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസമുണ്ടെങ്കിലും ഓപ്പണിങ്ങില്‍ ശുഭ്മന്‍ ഗില്ലിന്റെ ഫോം ടീമിന് തലവേദനയാകും. എന്നാല്‍, വൈസ് ക്യാപ്റ്റന്റെ കുപ്പായമുള്ളതിനാല്‍ താരം ടീമില്‍ തുടര്‍ന്നേക്കും.

ഇനി ഗില്ലിനെ മാറ്റി പരീക്ഷിക്കാന്‍ കോച്ച് ഗൗതം ഗംഭീര്‍ തീരുമാനിച്ചാല്‍ സഞ്ജുവിന് നറുക്ക് വീണേക്കും. ഓപ്പണിങ്ങില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ടെങ്കിലും അതിനുള്ള സാധ്യത വളരെ കുറവാണ്.

നാലാം മത്സരത്തിനിറങ്ങുമ്പോള്‍ വാഷിങ്ടണ്‍ സുന്ദറിന്റെ കഴിഞ്ഞ മത്സരത്തിലെ പ്രകടനം പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍, ടോപ് ഓര്‍ഡര്‍ തിളങ്ങേണ്ടതും ടീമിന് അത്യാവശ്യമാണ്. ഒപ്പം ബൗളിങ്ങും മെച്ചപ്പെടേണ്ടതുണ്ട്. കഴിഞ്ഞ മത്സരങ്ങളില്‍ വിക്കറ്റ് വീഴ്ത്തിയിരുന്നെങ്കിലും ഒരുപാട് റണ്‍സ് വിട്ടുനല്‍കിയിരുന്നു. ഇതും ആശങ്കയാണ്.

അതിന് പുറമെ, സൂപ്പര്‍ താരം ഗ്ലെന്‍ മാസ്വെല്‍ നാലാം മത്സരത്തില്‍ ഓസീസ് നിരയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കെതിരെ മികച്ച റെക്കോഡുള്ള താരത്തിന്റെ തിരിച്ച് വരവിന് ഇന്ത്യന്‍ ടീമിന് വലിയ ക്ഷീണം സൃഷ്ടിക്കും. 2023 ഏകദിന ലോകകപ്പില്‍ താരത്തിന്റെ പ്രകടനമാണ് ഇന്ത്യയെ തോല്‍പ്പിച്ച് കങ്കാരുക്കള്‍ കിരീടമുയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നത്.

മാക്സ്വെല്‍ തിരിച്ചെത്തുമെങ്കിലും ഓപ്പണര്‍ ട്രാവിസ് ഹെഡ് പരിക്കേറ്റ് പുറത്തായിട്ടുണ്ട്. അത് ഓസീസിന് വലിയ തിരിച്ചടിയാണ്.

Content Highlight: India vs Australia 4th T20 Match: Sanju Samson likely not to play; Glenn Maxwell may return to Australian Eleven