| Sunday, 7th June 2026, 12:31 pm

അഫ്ഗാനെ തല്ലിയൊതുക്കി പുതുനേട്ടത്തില്‍; പന്ത് ഇനി കാലിസിനൊപ്പം!

ഫസീഹ പി.സി.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വണ്‍ ഓഫ് ടെസ്റ്റ് മുല്ലാന്‍പ്പൂര്‍ സ്റ്റേഡിയത്തില്‍ തുടരുകയാണ്. നിലവില്‍ 112 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 500 റണ്‍സെടുത്തിട്ടുണ്ട്. വാഷിങ്ടണ്‍ സുന്ദറും (34 പന്തില്‍ 26) മാനവ് സുതറും (26 പന്തില്‍ 22) ക്രീസിലുള്ളത്.

മത്സരത്തില്‍ റിഷബ് പന്ത് മികച്ച പ്രകടനം നടത്തിയിരുന്നു. 121 പന്തുകള്‍ നേരിട്ട് 81 റണ്‍സാണ് താരം നേടിയത്. മൂന്ന് സിക്‌സറുകളും ആറ് ഫോറുകളുമാണ് വിക്കറ്റ് കീപ്പര്‍ സ്‌കോറുടെ ഇന്നിങ്സ്.

റിഷബ് പന്ത്. Photo: BCCI/x.com

അര്‍ഹിച്ച സെഞ്ച്വറിക്ക് അരികില്‍ വീണെങ്കിലും പന്ത് ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയവരില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ജാക് കാലിസിനൊപ്പമെത്തി. ഇരുവര്‍ക്കും ടെസ്റ്റില്‍ 97 സിക്‌സറുകളാണുള്ളത്. പന്തും കാലിസും ടെസ്റ്റിലെ സിക്‌സറടി വീരന്മാരില്‍ അഞ്ചാമതാണ്.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരങ്ങള്‍

(താരം – ടീം – സിക്സറുകള്‍ എന്നീ ക്രമത്തില്‍)

ബെന്‍ സ്റ്റോക്സ് -ഇംഗ്ലണ്ട് – 136

ബ്രെണ്ടന്‍ മക്കല്ലം – ന്യൂസിലാന്‍ഡ് – 107

ആദം ഗില്‍ക്രിസ്റ്റ് – ഓസ്ട്രേലിയ – 100

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 98

ടിം സൗത്തി – ന്യൂസിലാന്‍ഡ് – 98

റിഷബ് പന്ത് – ഇന്ത്യ – 97

ജാക് കാലിസ് – സൗത്ത് ആഫ്രിക്ക – 97

വിരേന്ദര്‍ സെവാഗ് – ഇന്ത്യ – 91

എയ്ഞ്ചലോ മാത്യൂസ് – ശ്രീലങ്ക – 90

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 88

രോഹിത് ശര്‍മ – ഇന്ത്യ – 88

ശുഭ്മന്‍ ഗിൽ. Photo: BCCI/x.com

ഇന്ത്യക്ക് വേണ്ടി ശുഭ്മന്‍ ഗില്ലും കെ.എല്‍. രാഹുലും സെഞ്ച്വറി നേടി. ഗില്‍ 177 പന്തില്‍ 126 റണ്‍സും രാഹുല്‍ 165 പന്തില്‍ 100 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. ഇവര്‍ക്കൊപ്പം 104 പന്തില്‍ 81 റണ്‍സെടുത്ത സായ് സുദര്‍ശനും 121 പന്തില്‍ 81 റണ്‍സ് നേടിയ റിഷബ് പന്തും മികവ് പുലര്‍ത്തി. യശസ്വി ജെയ്സ്വാള്‍ (32 പന്തില്‍ 24), ധ്രുവ് ജുറെല്‍ (20 പന്തില്‍ 19) എന്നിവരും പുറത്തായി.

അഫ്ഗാന്‍ നിരയില്‍ മുഹമ്മദ് സലിം നാല് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ഹസ്മത്തുള്ള ഷാഹിദിയും സിയാവുര്‍ റഹ്‌മാനും ഓരോ വിക്കറ്റുകള്‍ വീതവും പിഴുതു.

Content Highlight: India vs Afg: Rishabh Pant equals with Jacques Kallis in most sixes in Test Cricket

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more