ന്യൂദൽഹി: അഞ്ച് വർഷത്തിന് ശേഷം ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയും ചൈനയും തമ്മിലുള്ള വഷളായ ബന്ധം പുനസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാജ്യത്തിന്റെ ഈ നിർണായക നീക്കം. വിസ പുതുക്കൽ നാളെ (വ്യാഴം) മുതൽ ആരംഭിക്കുമെന്ന് ബീജിങ്ങിലെ ഇന്ത്യൻ എംബസിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ചൈനയിലെ ഇന്ത്യൻ എംബസി പങ്കുവെച്ച പോസ്റ്റ് ചൈനീസ് മാധ്യമമായ ദി ഗ്ലോബൽ ടൈംസ് ഷെയർ ചെയ്തിരുന്നു. 2025 ജൂലൈ 24 മുതൽ ചൈനീസ് പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ ആദ്യം വെബ് ലിങ്കിൽ ഓൺലൈനായി വിസ അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രിന്റ് ചെയ്യണം.
തുടർന്ന് വെബ് ലിങ്കിൽ അപ്പോയിന്മെന്റ് എടുക്കുകയും ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനായി പാസ്പോർട്ട്, വിസ അപേക്ഷാ ഫോം, മറ്റ് അനുബന്ധ രേഖകളുമായി എത്തണമെന്നും ഇന്ത്യൻ എംബസി പുറത്തിറക്കിയ പോസ്റ്റിൽ പറയുന്നുണ്ട്.
ഇന്ത്യയുടെ ഈ നീക്കം തങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും അത് നല്ലതാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രലയത്തിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയുമായി ആശയവിനിമയവും കൂടിയാലോചനയും നിലനിർത്താനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ചൈന തയ്യാറാണെന്ന് വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.
2020 മുതൽ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ ചൈനയിൽ നിന്നുള്ള എല്ലാ ടൂറിസ്റ്റ് വിസകളും താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ചൈനയും ആ സമയത്ത് ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളുടെ വിസകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ 2022ൽ വിദ്യാർത്ഥികൾക്കും ബിസിനസ് യാത്രക്കാർക്കുമുള്ള വിസ നിയന്ത്രണങ്ങൾ ചൈന നീക്കിയിരുന്നു.