ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വിശ്വപ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45നാണ് മത്സരം ആരംഭിക്കുന്നത്.
പരമ്പരയിലെ ആദ്യ മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചിരുന്നു. പരമ്പരയില്‍ മേല്‍ക്കൈ നേടാന്‍ ഇരു ടീമുകള്‍ക്കുമുള്ള അവസരം കൂടിയാണ് മെല്‍ബണ്‍ ടി-20.
ആതിഥേയരെ സംബന്ധിച്ച് മെല്‍ബണ്‍ അവരുടെ ഭാഗ്യ ഗ്രൗണ്ടുകളിലൊന്നാണ്. ഓസ്‌ട്രേലിയ ഏറ്റവുമധികം ടി-20 മത്സരങ്ങള്‍ വിജയിച്ച ഗ്രൗണ്ട് കൂടിയാണ് മെല്‍ബണ്‍. ഒമ്പത് അന്താരാഷ്ട്ര ടി-20കളിലാണ് മെല്‍ബണ്‍ കങ്കാരുക്കളെ തുണച്ചത്.
ഓസ്‌ട്രേലിയ ഏറ്റവുമധികം മത്സരം വിജയിച്ച ഗ്രൗണ്ടുകള്‍
ഗ്രൗണ്ട് – ആകെ മത്സരം – വിജയം എന്നീ ക്രമത്തില്‍
മെല്‍ബണ്‍ – 15 – 9
ബ്രിസ്‌ബെയ്ന്‍ – 8 – 7
കൊളംബോ, ശ്രീലങ്ക – 9 – 7
സിഡ്‌നി – 13 – 7
അതേസമയം, മെല്‍ബണ്‍ ഇന്ത്യയെ സംബന്ധിച്ചും ഭാഗ്യ ഗ്രൗണ്ടാണ്. ടി-20 ചരിത്രത്തിലെ ഏറ്റവും മികച്ച മാച്ചെന്ന് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ 2022 ടി-20 ലോകകപ്പ് മത്സരത്തിന് വേദിയായതും ഇതേ മെല്‍ബണ്‍ തന്നെയാണ്.
17 വര്‍ഷമായി ഇന്ത്യ ഒരിക്കല്‍പ്പോലും മെല്‍ബണിന്റെ മണ്ണില്‍ തോല്‍വിയറഞ്ഞിയിട്ടില്ല. 2008ല്‍ ഓസ്‌ട്രേലിയയോട് ഒമ്പത് വിക്കറ്റിന് പരാജയപ്പെട്ടതാണ് മെല്‍ബണില്‍ ഇന്ത്യയുടെ അവസാന ടി-20 പരാജയം.
മെല്‍ബണില്‍ ഇന്ത്യ,
2008 – ഓസ്‌ട്രേലിയക്കെതിരെ ഒമ്പത് വിക്കറ്റ് പരാജയം
2012 – ഓസ്‌ട്രേലിയക്കെതിരെ എട്ട് വിക്കറ്റ് വിജയം
2016 – ഓസ്‌ട്രേലിയക്കെതിരെ 27 റണ്‍സിന്റെ വിജയം
2018 – നോ റിസള്‍ട്ട്
2022 – പാകിസ്ഥാനെതിരെ നാല് വിക്കറ്റ് വിജയം (ഐ.സി.സി ടി-20 ലോകകപ്പ്)
2022 – സിംബാബ്‌വേക്കെതിരെ 71 റണ്‍സ് വിജയം (ഐ.സി.സി ടി-20 ലോകകപ്പ്)
ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ആതിഥേയര്‍ വിജയിച്ചിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും വിജയിച്ചാണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. സിഡ്‌നിയില്‍ നടന്ന ഡെഡ് റബ്ബര്‍ മത്സരത്തില്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറി കരുത്തില്‍ വിജയം നേടിയ ഇന്ത്യ പരമ്പര വൈറ്റ് വാഷ് ചെയ്യാന്‍ അനുവദിച്ചില്ല.
ഏകദിന പരമ്പരയിലെ പരാജയത്തിന് ടി-20 പരമ്പരയില്‍ മറുപടി നല്‍കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.