ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിദ്യാഭ്യാസ മന്ത്രിയെ അര്‍ഹിക്കുന്നുണ്ട്; ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കായി സി.ജെ.പി ക്യാമ്പെയ്ന്‍
India
ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിദ്യാഭ്യാസ മന്ത്രിയെ അര്‍ഹിക്കുന്നുണ്ട്; ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കായി സി.ജെ.പി ക്യാമ്പെയ്ന്‍
നിഷാന. വി.വി
Tuesday, 26th May 2026, 2:12 pm

ന്യദല്‍ഹി: ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ ധര്‍മേന്ദ്ര പ്രധാനെക്കാള്‍ മികച്ച വിദ്യാഭ്യാസ മന്ത്രിയെ അര്‍ഹിക്കുന്നുവെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിഷേക് ദീപ്‌കെ. സി.ജെ.പിയുടെ വെബ്‌സൈറ്റും വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കാനുള്ള ഒപ്പ് ശേഖരണത്തിനുള്ള ലിങ്കും സജീവമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ അഞ്ച് ലക്ഷത്തോളം ഒപ്പുകള്‍ ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട്. പത്ത് ലക്ഷത്തോളം ഒപ്പുകളാണ് സി.ജെ.പി ലക്ഷ്യമിടുന്നത്.

‘പാറ്റകള്‍ എല്ലാം അതിജീവിക്കും, പരീക്ഷകളെ തമാശയായി കാണുന്ന വിദ്യാഭ്യാസ മന്ത്രിയേക്കാള്‍ മികച്ചൊരാളെ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ അര്‍ഹിക്കുന്നുണ്ട്,’ അഭിജിത് ദീപ്‌കെ പറഞ്ഞു.

നീറ്റ് യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഈ വര്‍ഷത്തെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതോടെ നിരവധി കുട്ടികള്‍ ആത്മഹത്യ ചെയ്യുകയും വലിയ വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് സി.ജെ.പി വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ നീക്കം ചെയ്യാനുള്ള ക്യാമ്പയ്‌നുമായി രംഗത്തെത്തിയത്.

‘വിദ്യാഭ്യാസ സമ്പ്രദായം അപകടത്തിലാണ്. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ ദാരുണമായ നഷ്ടം മുതല്‍ പേപ്പര്‍ ചോര്‍ച്ച മൂലം തകര്‍ന്ന ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയടക്കമുള്ളവ അവഗണിക്കാന്‍ കഴിയില്ല. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടാവണം,’ സി.ജെ.പി വെബ്‌സൈറ്റില്‍ പറയുന്നു.

അതേസമയം സി.ജെ.പിയുടെ എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവത്തില്‍ അഭിഷേക് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളെന്ന് വിളിച്ച് അധിക്ഷേപിച്ചതോടെയായിരുന്നു കോക്രോച്ച് ജനതാ പാര്‍ട്ടി നിലവില്‍ വന്നത്.

തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകളോടും’ ‘പരാദങ്ങളോടും’ ഉപമിച്ച പരാമര്‍ശങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്. നിലവില്‍ ഇത് യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി പ്രമുഖകര്‍ സി.ജെ.പി.യെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

തന്റെ പരാമര്‍ശങ്ങള്‍ വ്യാജ ബിരുദങ്ങള്‍ ഉപയോഗിക്കുന്ന ആളുകളെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഇന്ത്യയിലെ യുവാക്കളെ അപമാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ അപ്പോഴേക്കും കോക്രോച്ച് ജനതാ പാര്‍ട്ടി ദശലക്ഷക്കണക്കിന് പേരിലേക്ക് എത്തിക്കഴിഞ്ഞിരുന്നു.

Content Highlight: India’s students deserve a better education minister; CJP campaigns for Dharmendra Pradhan’s resignation

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.