തലപ്പത്ത് ഓസ്‌ട്രേലിയ തന്നെ, മോശം പ്രകടനത്തില്‍ ഇന്ത്യയ്ക്ക് പടിയിറക്കം!
Sports News
തലപ്പത്ത് ഓസ്‌ട്രേലിയ തന്നെ, മോശം പ്രകടനത്തില്‍ ഇന്ത്യയ്ക്ക് പടിയിറക്കം!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th May 2025, 2:39 pm

ഐ.സി.സി വാര്‍ഷിക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് ആധിപത്യം തുടരുകയാണ് ഓസ്‌ട്രേലിയ. 25 മത്സരങ്ങളില്‍ നിന്ന് 3139 പോയിന്റും 126 റേറ്റിങ് പോയിന്റുമായാണ് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നത്. അതേസമയം സൊക്ക് ആഫ്രിക്കയേയും പിന്തള്ളി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് എത്തി. 33 മത്സരങ്ങളില്‍ നിന്ന് 3716 പോയിന്റും 113 റേറ്റിങ് പോയിന്റുമാണ് ഇംഗ്ലണ്ടിനുള്ളത്.

രണ്ടാം സ്ഥനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങിയ പ്രോട്ടിയാസ് 21 മത്സരങ്ങളില്‍ നിന്ന് 2325 പോയിന്റും 11 റേറ്റിങ് പോയിന്റും നേടി. ഇന്ത്യയ്ക്കും തിരിച്ചടിയാണ് റാങ്കിങ്ങില്‍ സംഭവിച്ചത്. 27 മത്സരങ്ങളില്‍ നിന്ന് 2837 പോയിന്റും 105 റേറ്റിങ്ങുമാണ് ഇന്ത്യയ്ക്ക്. അഞ്ചാം സ്ഥാനത്തുള്ളത് ന്യൂസിലാന്‍ഡാണ്.

ന്യൂസിലന്‍ഡിനോടുള്ള ഹോം മത്സരത്തിലും ഓസ്‌ട്രേലിയയോടുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഉണ്ടായ തോല്‍വിയെ തുടര്‍ന്നാണ് ഇന്ത്യയ്ക്ക് റാങ്കിങ് ഇടിവ് സംഭവിച്ചത്. ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍ ന്യൂസിലന്‍ഡ് 3-0ന് ചരിത്ര വിജയം നേടിയിരുന്നു. ആദ്യമായാണ് ഇന്ത്യയില്‍ കിവീസ് ഒരു പരമ്പര സ്വന്തമാക്കുന്നത്.

അതേസമയം 2024-25 ലെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 3-1 ന് വിജയിച്ച് ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കി. 2017ന് ശേഷം ഓസ്‌ട്രേലിയ ഇന്ത്യയില്‍ നിന്ന് ട്രോഫി നേടുന്നത് ഇതാദ്യമായാണ്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ മോശം പ്രകടനമാണ് ഇന്ത്യ അടുത്ത കാലത്തായി കാഴ്ചവെക്കുന്നത്.

ഐ.പി.എല്ലിന് ശേഷം ജൂണ്‍ അവസാം ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത റെഡ്‌ബോള്‍ സീരീസ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. പരമ്പരയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന് തുടക്കം കുറിക്കുക ഈ പരമ്പരയാണ്.

Content Highlight: India ranked fourth in ICC annual Test rankings