അജയ്യരായി ഇന്ത്യ
ICC WORLD CUP 2019
അജയ്യരായി ഇന്ത്യ
ഗൗതം വിഷ്ണു. എന്‍
Monday, 17th June 2019, 9:08 pm

ഫുട്‌ബോളിലും ക്രിക്കറ്റിലും എല്ലാം പാരമ്പര്യ വൈരങ്ങള്‍ പതിവാണ്. ഫുട്‌ബോളില്‍, ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ ഡെര്‍ബിയും സ്‌പെയിനിലെ എല്‍ ക്ലാസിക്കോയും ക്രിക്കറ്റിലെ ആഷസ് പരമ്പരയുമെല്ലാം ക്ലാസ്സിക് പോരാട്ടങ്ങള്‍ ആയി വാഴ്ത്തപ്പെടുന്നവയാണ്. ഈ കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു വൈരത്തിന്റെ കഥയുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം.

ലോക ക്രിക്കറ്റില്‍ തന്നെ ഇത്രയും വാശിയേറിയ പോരാട്ടം വേറെയുണ്ടോ എന്നു സംശയമാണ്. കളിക്കാര്‍ മാത്രമല്ല ഓരോ രാജ്യങ്ങളുടെയും കാണികളും അതിനെ അഭിമാന പ്രശ്‌നമായാണ് കാണുന്നത്. യുദ്ധം വരുമ്പോഴും ഇന്ത്യ-പാക്കിസ്ഥാന്‍ കളി വരുമ്പോഴും ഇന്ത്യക്കാര്‍ക്കുണ്ടാകുന്ന രാജ്യസ്‌നേഹം മറ്റൊരു തലത്തിലാണ് നിലകൊള്ളുന്നത്. ലോകകപ്പ് നേടിയില്ലെങ്കിലും പാക്കിസ്ഥാനുമായി ജയിച്ചാല്‍ മതി എന്ന നിബന്ധന മാത്രമാണ് ഇന്ത്യന്‍ ആരാധകര്‍ക്കുള്ളത്. ഇന്ത്യയും പാക്കിസ്ഥാനുമായി രാഷ്ട്രീയപരമായും നയതന്ത്രപരമായും ഒരുപാട് സ്വരച്ചേര്‍ച്ചകള്‍ ഉണ്ട് എന്നതുകൊണ്ടുതന്നെ ഇന്ത്യ പാക്കിസ്ഥാനെ എതിരിടുന്നത് ഇത്തരം ടൂര്ണമെന്റുകളില്‍ മാത്രമാണ്.

അതുകൊണ്ടുതന്നെ ലോകം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന ഒരു മത്സരമായിരുന്നു ഇന്നലത്തേത്. കളി കാണാനെത്തിയ കാണികളിലെ ശരീരഭാഷയിലും അതു പ്രകടമായിരുന്നു. സത്യം പറഞ്ഞാല്‍ ഒരു ലോകകപ്പ് മത്സരത്തിന്റെ ആവേശം ഇത്തവണ ആദ്യമായി ഗാലറിയില്‍ കാണാന്‍ സാധിച്ചത് ഇന്നലെയായിരുന്നു എന്നു വേണമെങ്കില്‍ പറയാം. നീലക്കടല്‍ തീര്‍ത്ത് ഇന്ത്യന്‍ ആരാധകരായിരുന്നു കൂടുതല്‍. ആ കൂട്ടത്തില്‍ സെയ്ഫ് അലി ഖാനെയും നിതാ അംബാനിയെയും ശിവ കാര്‍ത്തികേയനെയും പോലെ ഒട്ടേറെ പ്രമുഖരും ഇരിപ്പുറപ്പിച്ചിരുന്നു. ടി.വിക്കു മുന്നിലും പ്രായഭേദമന്യെ ആളുകള്‍ അക്ഷമരായി കാത്തിരുന്നു.

ലോകകപ്പില്‍ മുഖാമുഖം വന്ന ആറു കളികളും ജയിക്കാനായെന്ന പ്രതാപവുമായാണ് ഇന്ത്യ കളത്തിലിറങ്ങിയതെങ്കില്‍, കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ അപ്രതീക്ഷിത പ്രകടനത്തില്‍ ഇന്ത്യയെ മുട്ടു കുത്തിച്ച വമ്പുമായാണ് പാക്കിസ്ഥാന്‍ പാഡണിഞ്ഞത്. കളിയാവേശത്തിന്റെ ചൂടു കൊണ്ടായിരിക്കണം, പ്രാരംഭഘട്ടങ്ങളില്‍ മഴമേഘങ്ങള്‍ പോലും മാറിനിന്നപ്പോള്‍ കളി കൃത്യസമയത്ത് ആരംഭിച്ചു.

കടലാസ്സില്‍ കരുത്ത് കൂടുതലുള്ള ഇന്ത്യക്ക് തന്നെയായിരുന്നു കളിയില്‍ മുന്‍തൂക്കം. ടോസ് നേടിയ പാക്കിസ്ഥാന്‍, പുതിയ പിച്ച് കളിയുടെ തുടക്കത്തില്‍ നല്‍കുന്ന ആനുകൂല്യം മുതലാക്കാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പരിക്കേറ്റ ശിഖര്‍ ധവാനു പകരമായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ രാഹുലുമൊന്നിച്ച് രോഹിത് മികച്ചൊരു ഓപ്പണിങ് കൂട്ടുകെട്ട് തന്നെ കെട്ടിപ്പടുത്തു. തുടക്കത്തില്‍ ധവാനെ അടിച്ചു കളിക്കാന്‍ വിട്ട് സെറ്റ് ആവാന്‍ സമയമെടുക്കുന്ന രോഹിത്, പക്ഷേ ഇന്നലെ സ്വന്തം റോള്‍ രാഹുലിന് കൈമാറി ധവാന്റെ രീതി സ്വയം അവലംബിച്ചു തുടക്കത്തില്‍ത്തന്നെ കത്തിക്കയറിയപ്പോള്‍ സ്‌കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിച്ചു.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ എറിഞ്ഞിട്ട ആമിറിനെ ബഹുമാനിച്ച രോഹിത് മറ്റുള്ളവരെ ഒരു ദയയുമില്ലാതെ പ്രഹരിച്ചു. ആദ്യത്തെ സമ്മര്‍ദ്ദത്തെ അതിജീവിച്ച രാഹുലും ആത്മവിശ്വാസം വീണ്ടെടുത്തതോടെ കൂട്ടുകെട്ട് നൂറു കടന്നു.

രാഹുല്‍ വീണതിനു ശേഷമെത്തിയ കോഹ്ലി ഓസ്ട്രേലിയക്കെതിരെ കളിച്ച ഇന്നിങ്‌സിന്റെ ആത്മവിശ്വാസത്തില്‍ രോഹിത്തിന് മികച്ച പിന്തുണ നല്‍കി. ശതകത്തിനു ശേഷം കൂടുതല്‍ അപകടകാരിയായ രോഹിത് മറ്റൊരു ഇരട്ടശതകത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചു. എന്നാല്‍ ഷോര്ട്ട് ഫൈന്‍ ലെഗ് ഫീല്‍ഡറുടെ ആനുകൂല്യം മുതലെടുക്കാനുള്ള വിഫലമായ ഒരു സ്‌കൂപ്പില്‍ രോഹിതിന്റെ മറ്റൊരു മനോഹരമായ ഇന്നിങ്‌സിന് തിരശീല വീണു.

റണ്‍നിരക്ക് ഉയര്‍ത്താനായി നേരത്തെ ഇറങ്ങിയ പാണ്ഡ്യയും അതുവരെ വിശ്വരൂപം പുറത്തെടുക്കാതിരുന്ന കോഹ്ലിയും കത്തിക്കയറിയതോടെ ഇന്ത്യ കുതിച്ചു. അതിനിടയില്‍ ആവശ്യത്തിന് ശക്തിയില്ലാതെ പുറത്തെടുത്ത ഒരു ഹെലികോപ്റ്റര്‍ ഷോട്ടില്‍ പാണ്ഡ്യയും, വന്നയുടന്‍ വലിയ ഷോട്ടിന് ശ്രമിച്ച് ധോണിയും മടങ്ങി. കോഹ്ലി വമ്പനടികള്‍ക്കും മറ്റൊരു ശതകത്തിനും കോപ്പുകൂട്ടിയ സമയത്ത് രസം കൊല്ലിയായി മഴയെത്തിയതോടെ കളി കുറച്ചുനേരം തടസപ്പെട്ടു.

ഓവറുകളൊന്നും നഷ്ടപ്പെട്ടില്ലെങ്കിലും ഏകാഗ്രത നഷ്ടപ്പെട്ട കോഹ്ലി നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായി. ആമിറിന്റെ ഷോട്ട് പിച്ച് പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടയില്‍ സര്‍ഫറാസ് കൈപ്പിടിയിലൊതുക്കിയ പന്ത് വിക്കറ്റാണെന്നു തെറ്റിദ്ധരിച്ചു കോഹ്ലി പവലിയനിലേക്ക് നടന്നു. എന്നാല്‍ റീപ്ലേകളിലാണ് പന്ത് ബാറ്റില്‍ കൊണ്ടില്ലെന്നും അതു ബാറ്റ് പിടിയില്‍ നിന്നു ഇളകിയ ശബ്ദമാണെന്നും ഏവര്‍ക്കും മനസിലാകുന്നത്. പിന്നീടെത്തിയ ശങ്കറിനും ജാദവിനും വലിയ രീതിയില്‍ സ്‌കോര്‍ ചെയ്യാനാകാതെ വന്നതോടെ ഒരു ഘട്ടത്തില്‍ 350-നു മുകളില്‍ പോകുമെന്ന തോന്നല്‍ ഉളവാക്കിയ ഇന്ത്യ 336-ല്‍ ഒതുങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ കരുതലോടെയാണ് തുടങ്ങിയത്. വിക്കറ്റ് കളയാതെ പവര്‍പ്ലേ ഓവറുകള്‍ പിടിച്ചു നില്‍ക്കാനായിരുന്നു അവരുടെ ഉദ്ദേശം. എന്നാല്‍ പന്തെറിയുന്നതിനിടെ ഭുവനേശ്വറിനു ഹാംസ്ട്രിങ് ഇഞ്ചുറി വന്നതാണ് കളിയിലെ വഴിത്തിരിവായത്. ഭുവി എറിഞ്ഞു മുഴുമിപ്പിക്കാതിരുന്ന ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ വിജയ് ശങ്കര്‍ തന്റെ ആദ്യ പന്തില്‍ തന്നെ ഇമാം ഉള്‍ ഹഖിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി സെലക്ടര്‍മാര്‍ ഉദ്ദേശിച്ച ത്രീ ഡൈമെന്‍ഷന്‍ എന്താണെന്നു ലോകത്തിനു കാണിച്ചുകൊടുത്തു. എന്നാല്‍ പിന്നീടെത്തിയ ബാബറുമൊത്ത് ഫഖര്‍ സമാന്‍ മുന്നേറിയപ്പോള്‍ കളി പാകിസ്ഥാന്റെ വരുതിയിലായി.

പതിവിനു വിപരീതമായി പന്ത് ടൈം ചെയ്യാന്‍ ഫഖര്‍ ബുദ്ധിമുട്ടിയപ്പോള്‍ തന്റെ തനത് ഡ്രൈവുകളിലൂടെയും കട്ട് ഷോട്ടുകളിലൂടെയും ബാബര്‍ കളം നിറഞ്ഞു. ഫഖര്‍ കൂടെ പതിയെ ട്രാക്കിലെത്തിയപ്പോള്‍ കളി ഇന്ത്യ കൈവിടുകയാണെന്നു തോന്നിച്ചു. എന്നാല്‍ തനിക്കുപകരം ജഡേജയെ ഇറക്കാനുള്ള എല്ലാവരുടെയും മുറവിളി നായകന്‍ കേള്‍ക്കാതിരുന്നതിനു പ്രതിഫലം എന്ന വണ്ണം ബാബറിന്റെ പ്രതിരോധത്തെ ഭേദിച്ചു കുല്‍ദീപ് ഇന്ത്യക്ക് ആവശ്യമായ ബ്രേക്ക് ത്രൂ നല്‍കി.

ബാബറിന്റെ അനവസരത്തിലുള്ള പുറത്താകല്‍ ഫഖറിനെയും താളം തെറ്റിച്ചപ്പോള്‍ തൊട്ടടുത്ത ഓവറില്‍ കുല്‍ദീപിനു തന്നെ ഇരയാകാനായിരുന്നു ഫഖറിന്റെയും യോഗം. പിന്നീട് അടുത്തടുത്ത പന്തുകളില്‍ പാക്കിസ്ഥാന്‍ ടീമിലെ പരിചയസമ്പന്നരായ ഹഫീസിനെയും മാലിക്കിനെയും പുറത്താക്കി പാണ്ഡ്യ പാക്കിസ്ഥാനു മേല്‍ അധീശത്വം സ്ഥാപിച്ചപ്പോള്‍ അതില്‍നിന്നു കരകയറാന്‍ അവര്‍ക്കായില്ല. അതിനിടയില്‍ വീണ്ടും മഴയെത്തിയതോടെ കളി നാല്‍പ്പതോവറാക്കി ചുരുക്കി. ആ ബാലികേറാമലയിലേക്ക് പിന്നീട് എത്തിനോക്കാന്‍ പോലും പാക്കിസ്ഥാന് സാധിക്കാതെ വന്നതോടെ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ അജയ്യരാണെന്ന റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാന്‍ ഇന്ത്യക്കായി .

പാക്കിസ്ഥാനെതിരെ മാത്രമല്ല, ഈ ലോകകപ്പിലും ഇതുവരെ തോല്‍വി അറിയാത്ത ഇന്ത്യ ഈ ജയത്തോടെ സെമിഫൈനല്‍ സാധ്യത ശക്തമായിത്തന്നെ നിലനിര്‍ത്തിയപ്പോള്‍ പാക്കിസ്ഥാന് ഈ തോല്‍വി മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതല്‍ ആഘാതമേല്‍പ്പിച്ചു. എന്നാലും മികച്ച പോരാട്ടം തന്നെ കാഴ്ചവെച്ച ഇരു ടീമുകളും ആ മത്സരത്തിന്റെ പ്രാധാന്യത്തിനു ചേര്‍ന്ന രീതിയിലുള്ള പ്രകടനം തന്നെയാണ് പുറത്തെടുത്തത്.

ഗൗതം വിഷ്ണു. എന്‍
എറണാകുളം ലോ കോളെജ് വിദ്യാര്‍ത്ഥിയാണ് ഗൗതം