വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റും വിജയിച്ച് ഇന്ത്യ പരമ്പര ക്ലീന്‍ സ്വീപ് ചെയ്തിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് വിജയം സ്വന്തമാക്കിയ ഇന്ത്യ, രണ്ടാം ടെസ്റ്റ് ഏഴ് വിക്കറ്റിനും വിജയിച്ചു. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
𝙒.𝙄.𝙉.𝙉.𝙀.𝙍.𝙎 🏆
Congratulations #TeamIndia on a commanding Test series victory 🇮🇳
ഈ മത്സരത്തില്‍ വിജയിച്ചതോടെ ഒരു നേട്ടവും ദല്‍ഹിയില്‍ ഇന്ത്യ സ്വന്തമാക്കി. സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായി ഏറ്റവുമധികം ടെസ്റ്റുകള്‍ വിജയിച്ചതിന്റെ നേട്ടമാണ് അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്.
ഈ വേദിയില്‍ തുടര്‍ച്ചയായി 14ാം മത്സരമാണ് ഇന്ത്യ വിജയിക്കുന്നത്. 1993 മുതല്‍ ഒരിക്കല്‍പ്പോലും ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യ പരാജയപ്പെട്ടിട്ടില്ല.
ഒരു വേദിയിലെ ഇന്ത്യയുടെ ദൈര്‍ഘ്യമേറിയ അണ്‍ബീറ്റണ്‍ സ്ട്രീക്
ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് രണ്ടാം ഇന്നിങ്‌സില്‍ 390 റണ്‍സ് സ്വന്തമാക്കി. ജോണ്‍ കാംബെല്‍, ഷായ് ഹോപ്പ് എന്നിവരുടെ സെഞ്ച്വറിയും അവസാന വിക്കറ്റില്‍ ജസ്റ്റിന്‍ ഗ്രീവ്‌സും ജെയ്ഡന്‍ സീല്‍സും ചേര്‍ന്ന് പടുത്തുയര്‍ത്തിയ കൂട്ടുകെട്ടുമാണ് കരീബിയന്‍സിനെ മറ്റൊരു ഇന്നിങ്‌സ് തോല്‍വിയില്‍ നിന്നും കരകയറ്റിയത്.
കാംബെല്‍ 199 പന്ത് നേരിട്ട് 115 റണ്‍സ് നേടി. 214 പന്തില്‍ 103 റണ്‍സാണ് ഹോപ്പ് സ്വന്തമാക്കിയത്. ഗ്രീവ്‌സ് പുറത്താകാതെ 50 റണ്‍സും സീല്‍സ് 32 റണ്‍സും നേടി. അവസാന വിക്കറ്റില്‍ 79 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്.
രണ്ടാം ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. സിറാജ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി വിന്‍ഡഡീസ് പതനം പൂര്‍ത്തിയാക്കി.
121 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയര്‍ക്ക് യശസ്വി ജെയ്‌സ്വാളിനെ രണ്ടാം ഓവറില്‍ തന്നെ ഒറ്റയക്കത്തിന് നഷ്ടപ്പെട്ടു. എന്നാല്‍ കെ.എല്‍ രാഹുലും (108 പന്തില്‍ പുറത്താകാതെ 58), സായ് സുദര്‍ശന്‍ (76 പന്തില്‍ 39) എന്നിവരുടെ കരുത്തില്‍ അവസാന ദിവസത്തിന്റെ ആദ്യ സെഷനില്‍ വിജയം പിടിച്ചടക്കി.
നവംബറിലാണ് ഇന്ത്യ അടുത്ത ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ രണ്ട് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക.
Content Highlight: India never lost a single test match at New Delhi since 1993