സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ കൊല്‍ക്കത്ത ടെസ്റ്റില്‍ വിജയം സ്വന്തമാക്കി സന്ദര്‍ശകര്‍ പരമ്പരയില്‍ ലീഡ് നേടിയിരിക്കുകയാണ്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് അവസാനിക്കുമ്പോള്‍ പ്രോട്ടിയാസ് 1-0ന് മുമ്പിലാണ്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. പ്രോട്ടിയാസ് ഉയര്‍ത്തിയ 124 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 93ന് പുറത്തായി.
South Africa win the 1st Test by 30 runs.#TeamIndia will look to bounce back in the 2nd Test.
ഹോം ടെസ്റ്റുകളില്‍ തുടര്‍ച്ചയായി വിജയം നേടിയും പരമ്പര സ്വന്തമാക്കിയും കുതിച്ച ഇന്ത്യന്‍ ടെസ്റ്റ് ടീം ഇന്ന് ആരാധകര്‍ക്ക് ഭൂതകാലക്കുളിര്‍ മാത്രമാണ്. ന്യൂസിലാന്‍ഡിനെതിരായ പരമ്പര തോല്‍വിക്ക് പിന്നാലെ ഹോം ടെസ്റ്റില്‍ ആധിപത്യം അവസാനിപ്പിക്കേണ്ടി വന്ന ഇന്ത്യയ്ക്ക് സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ തോല്‍വിയും തിരിച്ചടി സമ്മാനിച്ചിരിക്കുകയാണ്.
🚨 MATCH RESULT 🚨
An incredible performance from #TheProteas Men at Eden Gardens! 🏟🔥
A phenomenal turnaround as South Africa claims victory by 30 runs to go 1-0 up in the Test series! 🇿🇦 pic.twitter.com/3jDrTZpCVd
2013 മുതല്‍ 2023 വരെയുള്ള കാലയളവിനേക്കാള്‍ തോല്‍വികള്‍ ഗംഭീര്‍ യുഗത്തില്‍ മാത്രം ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നിരിക്കുകയാണ് എന്നതാണ് ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്നത്.
2013 മുതല്‍ 2023 വരെയുള്ള പത്ത് വര്‍ഷക്കാലത്തില്‍ 46 ഹോം ടെസ്റ്റുകള്‍ കളിച്ച ഇന്ത്യയ്ക്ക് മൂന്ന് പരാജയങ്ങള്‍ മാത്രമാണ് നേരിടേണ്ടി വന്നത്. എന്നാല്‍ 2023-2025ല്‍ ഇതുവരെ വരെ കളിച്ച 13 ഹോം ടെസ്റ്റുകളില്‍ അഞ്ചെണ്ണത്തില്‍ ഇന്ത്യ പരാജയപ്പെട്ടു, ഇതില്‍ നാലും ഗംഭീര്‍ പരിശീലകസ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ്.
ഹോം ഗ്രൗണ്ട് തങ്ങളുടെ കോട്ടയാണെന്ന ഇന്ത്യന്‍ ആരാധകരുടെ ആത്മവിശ്വാസത്തിന്റെ മൂര്‍ദ്ധാവില്‍ ലഭിച്ച പ്രഹരമായിരുന്നു കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പര പരാജയം. മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0നാണ് ഇന്ത്യ തോറ്റത്.
12 വര്‍ഷത്തിന് ശേഷമായിരുന്നു ഇന്ത്യ സ്വന്തം മണ്ണില്‍ പരമ്പര തോല്‍വി നേരിടുന്നത്. ഗൗതം ഗംഭീറിന്റെ കോച്ചിങ് കരിയറിലെ ഏറ്റവും വലിയ കളങ്കമായും ഈ പരാജയം അടയാളപ്പെടുത്തപ്പെട്ടു.
ഇപ്പോള്‍ മറ്റൊരു സീരീസ് പരാജയമാണ് ഇന്ത്യ മുമ്പില്‍ കാണുന്നത്. ആദ്യ മത്സരത്തിലെ പരാജയത്തിന് പിന്നാലെ സീരീസ് വിജയം എന്ന ഇന്ത്യയുടെ മോഹത്തിനും തിരിച്ചടിയായിരിക്കുകയാണ്. രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി പരമ്പരയില്‍ സമനില നേടാനാകും ഇന്ത്യയുടെ ശ്രമം.
നംവബര്‍ 22 മുതല്‍ 26 വരെ അസമിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രണം അല്ലെങ്കില്‍ മരണം എന്ന മനോഭാവമായിരിക്കണം ഇന്ത്യയ്ക്കുണ്ടാകേണ്ടത്. അസം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചാല്‍ പോലും സൗത്ത് ആഫ്രിക്കയ്ക്ക് പരമ്പര നേടാന്‍ സാധിക്കും എന്നതും ആതിഥേയരുടെ മനസിലുണ്ടാകും.
Content Highlight: India lost more home matches under Gautam Gambhir’s coaching than 2013-2023 period