17 വര്‍ഷങ്ങള്‍ക്ക് ശേഷം കൈവിട്ട ഡോമിനേഷന്‍; ഇന്ത്യയെ ചാരമാക്കി ഓസീസ് പട!
Sports News
17 വര്‍ഷങ്ങള്‍ക്ക് ശേഷം കൈവിട്ട ഡോമിനേഷന്‍; ഇന്ത്യയെ ചാരമാക്കി ഓസീസ് പട!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 31st October 2025, 5:46 pm

ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. ആദ്യ മത്സരം മഴ മൂലം ഒഴിവാക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഓസീസ് പട വിജയം സ്വന്തമാക്കിയത്. 40 പന്തുകള്‍ അവശേഷിക്കെയാണ് കങ്കാരുക്കള്‍ ഇന്ത്യയെ മറികടന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 125 റണ്‍സിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 13.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ വിജയലക്ഷ്യം മറികടന്നു. ഇതോടെ ഓസ്‌ട്രേലിയയിലെ എം.സി.ജി ഗ്രൗണ്ടില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ടി-20യില്‍ പരാജയം ഏറ്റുവാങ്ങുന്നത്.

എം.സി.ജിയില്‍ ഇന്ത്യയുടെ ടി-20 ഫലങ്ങള്‍

2008 – ഓസ്ട്രേലിയയോട് 9 വിക്കറ്റിന് തോറ്റു

2012 – ഓസ്ട്രേലിയയോട് 8 വിക്കറ്റിന് വിജയം

2016 – ഓസ്ട്രേലിയയോട് 27 റണ്‍സിന് വിജയം

2018 – ഫലമില്ല

2022 – പാകിസ്ഥാനെതിരെ 4 വിക്കറ്റിന് വിജയം

2022 – സിംബാബ്‌വേ 71 റണ്‍സിന് വിജയം

2025 – ഓസ്ട്രേലിയയോട് 4 വിക്കറ്റിന് തോല്‍വി

മത്സരത്തില്‍ ഓസീസിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷാണ്. 26 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 46 റണ്‍സ് നേടി വെടിക്കെട്ട് പ്രകടനമായിരുന്നു താരം പുറത്തായത്. ട്രാവിസ് ഹെഡ്ഡ് 15 പന്തില്‍ 28 റണ്‍സും ജോഷ് ഇംഗ്ലിസ് 20 റണ്‍സും നേടി.

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

അതേസമയം ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് പ്രകടനത്തിലാണ് ഇന്ത്യ 125 എന്ന ടോട്ടലിലെത്തിയത്. 37 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഹര്‍ഷിത് റാണയും അഭിഷേകും തമ്മിലുള്ള കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. 33 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 35 റണ്‍സാണ് റാണയുടെ സമ്പാദ്യം. മറ്റാര്‍ക്കും ഇന്ത്യയ്ക്ക് വേണ്ടി രണ്ടക്കം നേടാന്‍ പോലും സാധിച്ചിരുന്നില്ല. ഓസീസ് ബൗളര്‍മാരുടെ തീയുണ്ടകള്‍ക്ക് മുന്നില്‍ നിസഹായരാകുന്ന ഇന്ത്യന്‍ ടീമിനെയാണ് കാണാന്‍ സാധിച്ചത്.

വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത്. 10 പന്തില്‍ 5 റണ്‍സുമായാണ് താരം കൂടാരം കയറിയത്. ശേഷം വണ്‍ഡൗണിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സഞ്ജു സാംസണ്‍ നാല് പന്തില്‍ രണ്ട് റണ്‍സിനും മടങ്ങി. ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവ് (4 പന്തില്‍ 1), തിലക് വര്‍മ (2 പന്തില്‍ 0), അക്‌സര്‍ പട്ടേല്‍ (12 പന്തില്‍ 7) എന്നിവര്‍ പ്രതീക്ഷിച്ച പ്രകടനം നടത്താതെയാണ് മധ്യനിരയില്‍ പരാജയപ്പെട്ടത്.

അതേസമയം ഓസീസിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ പേസര്‍ ഹേസല്‍വുഡ്ഡാണ്. നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 3.25 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ്. താരത്തിന് പുറമെ സേവിയര്‍ ബാര്‍ട്ട്‌ലെറ്റ്, നഥാന്‍ എല്ലിസ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്കസ് സ്‌റ്റേയിനിസ് ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: India lost a T20 match at the MCG after 17 years