| Wednesday, 8th July 2026, 3:16 pm

നാണക്കേടിന് പിന്നാലെ വീണ്ടും നാണക്കേട്; ചരിത്രത്തിലാദ്യമായി മോശം റെക്കോഡില്‍ ഇന്ത്യ

ശ്രീരാഗ് പാറക്കല്‍

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യ വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 125 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്കെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് ത്രീ ലയന്‍സ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 11.4 ഓവറില്‍ വെറും 76 റണ്‍സിന് ഔട്ട് ആവുകയായിരുന്നു.

തോല്‍വി വഴങ്ങിയതോടെ ഒരു ചരിത്ര നാണക്കേടും ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേരിടേണ്ടി വന്നിരുന്നു. റണ്‍സിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്.

ഇതിനെല്ലാം പുറമെ മറ്റൊരു നാണംകെട്ട റെക്കോഡും ഇന്ത്യയുടെ തലയില്‍ വീണിരിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ തുടര്‍ച്ചയായി അഞ്ച് ടി-20 മത്സരങ്ങളില്‍ വിജയിക്കാതെ പോകുന്നത്. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും ഉള്‍പ്പെടെ ഈ ലിസ്റ്റില്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു.

ലോകകപ്പിന് ശേഷം അയര്‍ലാന്‍ഡിനെതിരായ രണ്ട് മത്സരത്തില്‍ പരാജയപ്പെട്ടാണ് ഇന്ത്യ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ തുടങ്ങിയത്. ശേഷം ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരം മഴമൂലും ഉപേക്ഷിച്ചപ്പോള്‍ രണ്ടും മൂന്നും മത്സരത്തില്‍ തോല്‍വി വഴങ്ങുകയായിരുന്നു.

അന്താരാഷ്ട്ര ടി-20യില്‍ തുടര്‍ച്ചയായി അഞ്ചോ അഞ്ചില്‍ കൂടുതലോ മത്സരങ്ങളില്‍ വിജയിക്കാന്‍ സാധിക്കാത്ത ടീം

സിംബാബ്‌വേ – 16 (2010/2013)

ബംഗ്ലാദേശ് – 12 (2007/2010)

ശ്രീലങ്ക – 9 (2019/2021)

അയര്‍ലാന്‍ഡ് – 9 (2020/2021)

ന്യൂസിലന്‍ഡ് – 8 (2007/2008)

വെസ്റ്റ് ഇന്‍ഡീസ് – 7 (2024/2025)

പാകിസ്ഥാന്‍ – 7 (2019)

ഓസ്‌ട്രേലിയ – 6 (2009/2025/2026)

അഫ്ഗാനിസ്ഥാന്‍ – 6 (2022)

സൗത്ത് ആഫ്രിക്ക – 5 (2020/2021)

ഇംഗ്ലണ്ട് – 5 (2014)

ഇന്ത്യ – 5 (2026)

മത്സരത്തില്‍ സഞ്ജു സാംസണിന് പകരം ഇലവനില്‍ ഇടം നേടിയ ഓപ്പണര്‍ വൈഭവ് സൂര്യവംശിയും ഇഷാന്‍ കിഷനുമാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. വൈഭവ് അഞ്ച് പന്തില്‍ രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ 13 റണ്‍സ് നേടിയപ്പോള്‍ കിഷന്‍ ഒമ്പത് പന്തില്‍ ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയാണ് 13 റണ്‍സ് നേടിയത്. അഭിഷേക് ശര്‍മ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ 10 റണ്‍സ് വീതവും നേടി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (5), വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ (3) എന്നിവര്‍ക്കും ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

ഇംഗ്ലണ്ടിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഫില്‍ സാള്‍ട്ടാണ്. 44 പന്തില്‍ 77 റണ്‍സാണ് താരം നേടിയത്. ജോസ് ബട്‌ലര്‍ 36 റണ്‍സും സാം കറന്‍ 41* റണ്‍സും നേടി ത്രീ ലയണ്‍സിനെ 200 കടത്തി. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: India In Unwanted Record List

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more