ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇനി നോക്ക് ഔട്ട് മത്സരങ്ങളാണ് ബാക്കിയുളളത്. ഇന്ത്യയും ഓസ്‌ട്രേലിയയും, സൗത്ത് ആഫ്രിക്കയും ന്യൂസിലാന്‍ഡുമാണ് സെമി ഫൈനലിസ്റ്റുകള്‍. ഞായറാഴ്ച ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ ജയിച്ചതോടെയാണ് സെമി ഫൈനല്‍ ചിത്രം വ്യക്തമായത്.
ടൂര്‍ണമെന്റിലെ ആദ്യ സെമി ഫൈനല്‍ മത്സരം ഇന്ന് ദുബായിയില്‍ നടക്കും. ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായ ഇന്ത്യയും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയുമാണ് ഏറ്റുമുട്ടുക.
ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള വിജയത്തോടെ ഇന്ത്യ പുതിയൊരു നേട്ടം കൂടി സ്വന്തമാക്കിയിട്ടുണ്ട്. ഒരു ചാമ്പ്യന്‍സ് ട്രോഫി ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍മാരുടെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാനെ മറികടന്നാണ് ഈ നേട്ടം ഇന്ത്യ കൈവരിച്ചത്.
ചാമ്പ്യന്‍സ് ട്രോഫി അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യ പത്ത് വിക്കറ്റ് നഷ്ട്ത്തില്‍ 249 റണ്‍സ് വിജയ ലക്ഷ്യം ഉയര്‍ത്തിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിനെ ഇന്ത്യ 44 പന്ത് ബാക്കി നില്‍ക്കേ 205 റണ്‍സിന് എറിഞ്ഞു വീഴ്ത്തിയിരുന്നു. മത്സരത്തില്‍ ഇന്ത്യ നേടിയ പത്ത് വിക്കറ്റുകളില്‍ ഒമ്പതും സ്പിന്നര്‍മാരാണ് സ്വന്തമാക്കിയത്. 2004ല്‍ കെനിയക്കതിരെ പാകിസ്ഥാന്‍ സ്പിന്നര്‍മാര്‍ എട്ട് വിക്കറ്റുകളാണ് വീഴ്ത്തിയിരുന്നത്.
അഞ്ച് വിക്കറ്റെടുത്ത സൂപ്പര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് മത്സരത്തില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത്. പത്ത് ഓവറില്‍ 42 റണ്‍സ് മാത്രമാണ് താരം മത്സരത്തില്‍ വിട്ടുനല്‍കിയത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റും സ്വന്തമാക്കി.
ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് അപരാജിതരായി കുതിക്കുകയാണ് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ മാത്രമാണ് ആറ് പോയിന്റ് നേടിയത്. ആറ് പ്രധാന താരങ്ങളില്ലാതെ മത്സരത്തിനിറങ്ങുന്ന ഓസീസിന് മികച്ച ഫോമില്‍ മുന്നേറുന്ന ഇന്ത്യ വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പ്.