കോഹ്‌ലിക്ക് വേണ്ടി ഫുട്‌ബോള്‍ കളിച്ചു;ഹോക്കി താരം പി.ആര്‍ ശ്രീജേഷിന് വിലക്ക്
Sports
കോഹ്‌ലിക്ക് വേണ്ടി ഫുട്‌ബോള്‍ കളിച്ചു;ഹോക്കി താരം പി.ആര്‍ ശ്രീജേഷിന് വിലക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th January 2018, 3:52 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി നടത്തിയ ചാരിറ്റി ഫുട്‌ബോള്‍ മാച്ചില്‍ പങ്കെടുത്തതിന് ഹോക്കി താരം പി.ആര്‍ ശ്രീജേഷിന് 15 ദിവസത്തെ വിലക്കേര്‍പ്പെടുത്തി ഹോക്കി ഇന്ത്യ. ജനുവരി 5 നാണ് വിലക്ക് അവസാനിക്കുക.

ഫുട്‌ബോള്‍ മാച്ചില്‍ പങ്കെടുത്ത ശ്രീജേഷിന്റെ നടപടി നിയമലംഘനമാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയതെന്നും ഇന്ത്യന്‍ ഹോക്കി ഡിസിപ്ലിനറി കമ്മിറ്റി പറഞ്ഞു.

ഫുട്‌ബോള്‍ മാച്ച് നടന്ന കഴിഞ്ഞ ഒക്ടോബറില്‍ ശ്രാജേഷ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഭാഗമായിരുന്നില്ല. കഴിഞ്ഞ മെയില്‍ നടന്ന സുല്‍ത്താന്‍ അസ് ലന്‍ ഷാ ടൂര്‍ണമെന്റിനിടെ മുട്ടിന് സാരമായി പരിക്കേറ്റ അദ്ദേഹം ചികില്‍സയ്ക്കായുള്ള വിശ്രമവേളയിലായിരുന്നു. മെഡിക്കല്‍ കൊളാറ്ററല്‍ ലിഗാമെന്റിനെ തുടര്‍ന്ന് ഏകദേശം 9 മാസത്തോളമാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്.  ഇതിനിടയിലായിരുന്നു ഹോക്കി ഇന്ത്യയില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാതെ പി.ആര്‍ ശ്രീജേഷ് ചാരിറ്റിക്കു വേണ്ടി നടത്തിയ ഫുട്‌ബോള്‍ പ്രദര്‍ശന മല്‍സരത്തില്‍ പങ്കെടുത്തത്.