| Monday, 9th March 2026, 9:50 pm

മൂന്ന് വര്‍ഷം, ആറ് കിരീടം; ഇത് ക്രിക്കറ്റിലെ ഇന്ത്യന്‍ വിജയഗാഥ!

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് മൂന്നാം കിരീടം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 96 റണ്‍സിന് ജയിച്ചായിരുന്നു ടീമിന്റെ കിരീടനേട്ടം. മലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറിയാണ് നീലപ്പട ലോകത്തിന്റെ നെറുകയിലെത്തിയത്.

വിജയത്തോടെ ടി – 20 ലോകകപ്പില്‍ മൂന്നാം കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യയുടെ തങ്ങളുടെ പേരില്‍ എഴുതി കുറിച്ചിരുന്നു. ഇതിനൊപ്പം തന്നെ ലോകകപ്പ് ജയിക്കുന്ന ആദ്യ ആതിഥേയ ടീം എന്ന ഖ്യാതിയും മെന്‍ ഇന്‍ ബ്ലൂവിന് സ്വന്തം.

2026 ടി – 20 ലോകകപ്പുമായി ഇന്ത്യ. Photo: BCCI/x.com

ഈ ചരിത്രങ്ങള്‍ക്കൊപ്പം 2024ല്‍ രോഹിത് ശര്‍മയുടെ കീഴില്‍ നേടിയ കിരീടം ഇന്ത്യ നിലനിര്‍ത്തുകയും ചെയ്തു. ഇത്തവണത്തെ ലോകകപ്പ് തങ്ങളുടെ ഷെല്‍ഫിലെത്തിച്ചതോടെ ഈ മൂന്ന് വര്‍ഷത്തിനിടയില്‍ നീലപ്പടക്ക് നേടാനായത് ആറാം കിരീടമാണ്.

2024 ടി – 20 ലോകകപ്പില്‍ ജേതാക്കളായാണ് ഇന്ത്യ കിരീട വേട്ടക്ക് തുടക്കം കുറിച്ചത്. ജൂണില്‍ നടന്ന ടൂര്‍ണമെന്റില്‍ സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ചായിരുന്നു ലോകകപ്പ് നേട്ടം. വര്‍ഷങ്ങളുടെ കിരീട വരള്‍ച്ച അവസാനിപ്പിച്ചായിരുന്നു ടീം ലോകകപ്പില്‍ ഒരിക്കല്‍ കൂടി മുത്തമിട്ടത്.

2025 ചാമ്പ്യൻസ് ട്രോഫ്യിയുമായി ഇന്ത്യ. Photo: BCCIx.com

അതിന് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യ ഒരു ട്രോഫി കൂടി തങ്ങളുടെ അലമാരയിലെത്തിച്ചു. 2025 ചാമ്പ്യന്‍സ് ട്രോഫിയായിരുന്നു ഇത്. ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞയിരുന്നു രോഹിത്തിന്റെ സംഘം ഒരിക്കല്‍ കൂടി ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്.

ആ വര്‍ഷം സെപ്റ്റംബറില്‍ ഏഷ്യ കപ്പിലും ഇന്ത്യ മുത്തമിട്ടു. പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു ഈ നേട്ടം. ടി – 20 ഫോര്‍മാറ്റിലെത്തിയ ടൂര്‍ണമെന്റില്‍ അപരാജിതരായായിരുന്നു ടീം ജേതാക്കളയത്.

2025 ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ വനിതകൾ. Photo: BCCIWomen/x.com

രണ്ട് മാസങ്ങള്‍ക്കിപ്പുറം ഇന്ത്യന്‍ വനിതകളും ടീമിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചു. ഏകദിന ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്കയെ പരാജയപ്പെടുത്തിയിരുന്നു ഈ നേട്ടം. ലോകകപ്പ് ഫൈനലില്‍ 52 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് ടീം തങ്ങളുടെ ആദ്യ കിരീടം ചൂടിയത്.

ഈ വര്‍ഷമാദ്യം കൗമാരപ്പട അണ്ടര്‍ 19 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യയെ വീണ്ടും ജേതാക്കളാക്കി. 2026 ജനുവരി – ഫെബ്രുവരി മാസങ്ങളില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന്റെ കൗമാര പടയെ തകര്‍ത്തെറിഞ്ഞായിരുന്നു ഈ നേട്ടം. ഇപ്പോള്‍ ഒരു മാസത്തിന് ശേഷം ടി – 20 ലോകകപ്പിലും ഇന്ത്യന്‍ സംഘം മുത്തമിട്ട ആറാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്.

Content Highlight: India have won 6 trophies in the span of six years including 2 T20 World Cup, Women ODI World Cup and U19 World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more