ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അടുത്ത ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജൂലൈ 23 മുതല്‍ 27 വരെ നടക്കുന്ന പരമ്പരയിലെ നാലാം മത്സരത്തിന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദിയാകുന്നത്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ അവസാനിക്കുമ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ടാണ് മുമ്പില്‍. ലീഡ്സില്‍ നടന്ന ആദ്യ മത്സരത്തിലും ലോര്‍ഡ്സില്‍ നടന്ന മൂന്നാം മത്സരത്തിലും ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയപ്പോള്‍ ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയും വിജയിച്ചു.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ വിജയിക്കുന്നത്. ഈ ഗ്രൗണ്ടിലെ ആദ്യ വിജയം തന്നെ അവിസ്മരണീയമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ആദ്യ ഇന്നിങ്സില്‍ ഇരട്ട സഞ്ച്വറിയും രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറിയും നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ കരുത്തില്‍ 336 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
എഡ്ജ്ബാസ്റ്റണെന്ന പോലെ ഇന്ത്യയ്ക്ക് ഇതുവരെ വിജയിക്കാന്‍ സാധിക്കാത്ത വേദിയാണ് ഓള്‍ഡ് ട്രാഫോര്‍ഡ്. ഈ വേദിയില്‍ ഇന്ത്യ ആകെ ഒമ്പത് മത്സരം കളിച്ചപ്പോള്‍ നാല് പരാജയവും അഞ്ച് സമനിലയുമാണ് സന്ദര്‍ശകര്‍ക്ക് നേരിടേണ്ടി വന്നത്.
ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ട്
മാഞ്ചസ്റ്റര്‍ കീഴടക്കാനുറച്ച് ഇന്ത്യയിറങ്ങുമ്പോള്‍ പരാജയങ്ങളുടെ സ്ട്രീക് അവസാനിപ്പിക്കുന്ന ചരിത്രം ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. സമീപകാലങ്ങളില്‍ ഇതുവരെ ജയിക്കാന്‍ സാധിക്കാത്ത പല ടെസ്റ്റുകളിലും ഇന്ത്യ വിജയിച്ചതായി കാണാം.
ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ മാത്രമല്ല, ബ്രിസ്‌ബെയ്‌നും കേപ്ടൗണും ഓവലും ഇത്തരത്തില്‍ ഇന്ത്യയ്ക്ക് മുമ്പില്‍ കീഴടങ്ങിയവരാണ്.
2018ല്‍ 37 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മെല്‍ബണിലും 2021ല്‍ 77 വര്‍ഷത്തിന് ശേഷം ആദ്യമായി ബ്രിസ്‌ബെയ്‌നിലും ഇന്ത്യ വിജയിച്ചു. 2021ല്‍ ഇത്തരത്തില്‍ മറ്റ് രണ്ട് സ്‌റ്റേഡിയങ്ങിലും ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാനായി. 50 വര്‍ഷത്തിന് ശേഷം ദി ഓവലിലും 11 വര്‍ഷത്തിലാദ്യമായി സെഞ്ചൂറിയനിലും ഇന്ത്യ വിജയം പിടിച്ചടക്കി.
2024ല്‍ 31 വര്‍ഷത്തിന് ശേഷം കേപ് ടൗണിലും 2025ല്‍ 58 വര്‍ഷത്തിന് ശേഷം ആദ്യമായി ബെര്‍മിങ്ഹാമിലും ഇന്ത്യ വിജയം സ്വന്തമാക്കി.
1936ലാണ് ഇന്ത്യ ആദ്യമായി മാഞ്ചസ്റ്ററില്‍ ഒരു മത്സരം കളിക്കുന്നത്. അന്നുതൊട്ടിന്നോളം ഒമ്പത് മത്സരങ്ങള്‍ ഈ വേദിയില്‍ ഇന്ത്യ കളിച്ചു. ഇതില്‍ ഒന്നില്‍പ്പോലും ജയിക്കാന്‍ സാധിച്ചിട്ടില്ല.
മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ പ്രകടനം
(വര്‍ഷം – റിസള്‍ട്ട് – മാര്‍ജിന്‍ എന്നീ ക്രമത്തില്‍)
ഒരിക്കല്‍ പോലും ജയിക്കാന്‍ സാധിക്കാത്ത മാഞ്ചസ്റ്ററിലേക്കിറങ്ങുമ്പോള്‍ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് സമ്മാനിച്ച ആത്മവിശ്വാസം തന്നെയാകും ഇന്ത്യയുടെ മനസിലുണ്ടാവുക. ഇതുവരെ വിജയിക്കാന്‍ സാധിക്കാതെ പോയ എഡ്ജ്ബാസ്റ്റണില്‍ ചരിത്ര വിജയം നേടിയ ഇന്ത്യ ഓള്‍ഡ് ട്രാഫോര്‍ഡിലും ആ നേട്ടം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: India has not won a single match in the nine matches played in Manchester since 1936.