ഇന്ത്യയുടെ വളര്‍ച്ചയുടെ താക്കോള്‍ ഇന്ത്യാ ഫസ്റ്റ് നയം; 25 കോടി ജനങ്ങള്‍ ദാരിദ്രത്തില്‍ നിന്ന് മുക്തരായി : മോദി
India
ഇന്ത്യയുടെ വളര്‍ച്ചയുടെ താക്കോള്‍ ഇന്ത്യാ ഫസ്റ്റ് നയം; 25 കോടി ജനങ്ങള്‍ ദാരിദ്രത്തില്‍ നിന്ന് മുക്തരായി : മോദി
നിഷാന. വി.വി
Tuesday, 23rd June 2026, 7:10 am

ന്യൂദല്‍ഹി: കഴിഞ്ഞ ദശകത്തിലെ ആഗോളതലത്തിലുള്ള ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കാരണം ‘ഇന്ത്യ ഫസ്റ്റ്’ എന്ന നയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സമീപകാലത്ത് നടന്ന ജി7 ഉച്ചകോടിയില്‍ പോലും അതില്‍ പങ്കെടുത്ത ലോക നേതാക്കള്‍ ഇന്ത്യയുടെ നയങ്ങളെയും വികസന ലക്ഷ്യങ്ങളെയും അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ഇന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്തയില്‍ ഒന്നാണെന്നും ആഴത്തിലുള്ള ചരിത്ര സ്മരണയും പരാജത്തില്‍ നിന്ന് പഠിക്കാന്‍ കഴിവുള്ള നാഗരികതയുമാണ് ഇന്ത്യയുടെതെന്നും അദ്ദേഹം പറഞ്ഞു.

‘ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി മാത്രമല്ല, ഏറ്റവും വിശ്വാസ്യതയുള്ള പങ്കാളിയായി കൂടി ഇന്ത്യ മാറിയിട്ടുണ്ട്. ഇന്ത്യയുടെ ഉയര്‍ച്ച വിശ്വാസം, സ്ഥിരത, പ്രതിബദ്ധത എന്നിവയിലാണ് അധിഷിഠിതമായിരിക്കുന്നത്,’ മോദി പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗോത്രവര്‍ഗ്ഗ മേഖലകളിലും മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലും 12,000 കിലോമീറ്ററിലധികം റോഡുകള്‍, 9,500 മൊബൈല്‍ ടവറുകള്‍, ബാങ്കിംഗ്-പോസ്റ്റല്‍ സേവനങ്ങള്‍ എന്നിവ വ്യാപിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ നടപടികളും വികസനവും കാരണം മാവോയിസ്റ്റ് അക്രമങ്ങള്‍ ഇപ്പോള്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. ബസ്തര്‍ ഒളിംപിക്‌സിന്റെ വിജയം ഇതിന് തെളിവാണെന്നും മോദി പറഞ്ഞു.

‘സമീപവര്‍ഷങ്ങളില്‍ ഏതാണ്ട് 25 കോടി ജനങ്ങളാണ് ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായത്. ഇത് രാജ്യത്ത് ഒരു പുതിയ നിയോ-മിഡില്‍ ക്ലാസ് രൂപപ്പെടാന്‍ കാരണമായി. ഇവരുടെ വര്‍ധിച്ച് വരുന്ന ആവശ്യങ്ങളും ആഗ്രഹങ്ങളും രാജ്യത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്നു,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ യുവാക്കള്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരാണ് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതെന്നും 140 കോടി ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ ‘വികസിത് ഭാരതം’ (വികസിത ഇന്ത്യ) എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Content Highlight: India First policy is the key to India’s growth; 25 crore people have been lifted out of poverty: Modi

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.