ഭാഗം: പതിമൂന്ന്
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട സുപ്രധാന തെളിവായേക്കാവുന്ന ഒരു പിങ്ക് ബോക്‌സ് ഇന്ത്യ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐക്ക് കൈമാറിയിരുന്നില്ലെന്ന് ഹിന്ദു പുറത്തുവിട്ട വിക്കിലീക്‌സ് രേഖകള്‍ പറയുന്നു. ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവായിരുന്നു ഈ ബോക്‌സെന്നും അമേരിക്ക അഭിപ്രായപ്പെട്ടിരുന്നു.
2009 ഏപ്രില്‍ 30ന് ഇസ്ലാമാബാദിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന്‍ ജെറാല്‍ഡ് ഫിയേസ്റ്റണ്‍ അയച്ച കേബിളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഇത്തരമൊരു ബോക്‌സ് എഫ്.ബി.ഐക്ക് ലഭിച്ചിട്ടുണ്ടെന്നും കേബിള്‍ വ്യക്തമാക്കുന്നു.
മുംബൈ ആക്രമണത്തിനുള്ള ഗൂഢാലോചന നടന്നത് പാക്കിസ്ഥാനില്‍വെച്ചായിരുന്നുവെന്ന് ആ രാഷ്ട്രം നല്‍കിയ കേബിളില്‍ നിന്നും അമേരിക്കയ്ക്ക വ്യക്തമായിരുന്നു. എന്നാല്‍ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനും നിഗമനങ്ങളിലെത്താനും ഇന്ത്യയുടെ ഭാഗത്തുനിന്നും സഹായം ഉണ്ടാകേണ്ടിയിരുന്നു. ആക്രമണത്തിനുശേഷം ലഭിച്ച ആ പിങ്ക് ബോക്‌സ് പിന്നീട് ഇന്ത്യ കൈമാറിയോ എന്ന കാര്യം കേബിളില്‍ വ്യക്തമാക്കിയിട്ടില്ല.
ആശങ്കയുടെ നടുവില്‍ യു.പിയിലെ മുസ്‌ലിംകള്‍
മുംബൈ ആക്രമണത്തിനു ശേഷം രാജ്യത്തുടനീളം ഒരു മുസ്‌ലിം വിരുദ്ധവികാരം നിലനിന്നിരുന്നുവെന്നായിരുന്നു മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലെ മുസ്‌ലിംകള്‍ ഒരേസമയം ഇരയും വേട്ടക്കാരുമായിരുന്നുവെന്ന് ചില വിക്കിലീക്‌സ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
മുംബൈ ആക്രമണത്തിന് ശേഷം അമേരിക്കന്‍ എംബസിയിലെ ജെഫ്രി പിയറ്റ് അയച്ച രേഖകളാണ് ഉത്തര്‍പ്രദേശിലെ മുസ്‌ലിംകളുടെ സ്ഥിതി വ്യക്തമാക്കുന്നത്. മുംബൈ ആക്രമണത്തിന് ശേഷം രാജ്യത്ത് മറ്റൊരു സാമുദായിക ലഹള ഉണ്ടാകാതിരുന്നത് നല്ല കാര്യമായാണ് അമേരിക്ക കണ്ടിരുന്നത്. ഉത്തര്‍പ്രദേശില്‍ 17 ശതമാനം മാത്രമേ മുസ്‌ലിം ജനസംഖ്യ ഉണ്ടായിരുന്നുള്ളൂ.
ഷിയാ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു സംസ്ഥാനത്തെ മുസ്‌ലിംകളില്‍ അധികവും. സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി), ലഷ്‌കര്‍ ഇ തൊയ്ബ എന്നീ സംഘടനകളുടെ പ്രവര്‍ത്തനം ഏറെ ശക്തമായ സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശ് എന്ന് അമേരിക്കന്‍ എംബസി വിലയിരുത്തിയിരുന്നു.
മുംബൈ ആക്രമണത്തിനുശേഷം സംസ്ഥാനത്തെ മുസ്‌ലിംകള്‍ക്കിടയില്‍ ഒരുതരം ഭയപ്പാട് വ്യക്തമായിരുന്നു. മുംബൈ ആക്രമണത്തെ അപലപിക്കാന്‍ സംസ്ഥാനത്തെ ഒരു സംഘടനാ നേതൃത്വവും തയ്യാറായിരുന്നില്ല. ജമാഅതുല്‍ ഉലമ ഇ ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷാദ് മഅദനി മാത്രമേ മുംബൈ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നുള്ളൂ എന്ന് എംബസി പറയുന്നു.
മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടിയാണ് മുംബൈ ആക്രമണമെന്നായിരുന്നു അര്‍ഷാദ് മഅദനി പറഞ്ഞത്. സംസ്ഥാനത്ത് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന ജമാഅതെ ഇസ്‌ലാമി അടക്കമുള്ള സംഘടനകള്‍ മുംബൈ ആക്രമണത്തെക്കുറിച്ച് മൗനം പാലിച്ചു.
സംസ്ഥാനത്തെയും ലഖ്‌നൗവിലേയും മുസ്‌ലിംകള്‍ക്കിടയില്‍ എംബസി നടത്തിയ സര്‍വ്വേയെക്കുറിച്ചും വിക്കിലീക്‌സ് കേബിളുകള്‍ സൂചിപ്പിക്കുന്നു. മൗലവിമാര്‍, ഉറുദു ഭാഷയിലെ പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയ-സാമുദായിക നേതാക്കള്‍ എന്നിവര്‍ക്കിടയിലായിരുന്നു സര്‍വ്വേ നടത്തിയത്.
ഇസ്‌ലാമിക ഭീകരതയെക്കുറിച്ച് സര്‍വ്വേയില്‍ പങ്കെടുത്തവരെല്ലാം ഏകസ്വരത്തിലായിരുന്നു പ്രതികരിച്ചത്. മുംബൈ ആക്രമണത്തെ അപലപിക്കാന്‍ തയ്യാറാകാതിരുന്ന നേതാക്കളുടെ നടപടിയെ സര്‍വ്വേയില്‍ പങ്കെടുത്തവരെല്ലാം വിമര്‍ശിച്ചു. വിദേശ ശക്തികളുടെ സഹായത്തോടെ രാജ്യത്ത് ആക്രമണം നടത്തുകയും മുസ്‌ലിം സമുദായത്തിനിടയില്‍ സഹതാപ തരംഗം സൃഷ്ടിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
മുസ്‌ലിംകള്‍ക്കിടയില്‍ ഭീതി വളര്‍ത്താന്‍ മാത്രമേ മുംബൈ ആക്രമണം സഹായിച്ചിട്ടുള്ളൂ എന്ന് ജെഫ്രി പിയറ്റ് അഭിപ്രായപ്പെട്ടിരുന്നു. അന്നത്തെ ഭരണകക്ഷിയായ സമാജ് വാദിപാര്‍ട്ടിയുടെ അഴിമതിയും ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികളുടെ നിലപാടുകളും മുസ്‌ലിംകളുടെ ഭീതി വര്‍ധിക്കാനേ ഉപകരിച്ചിരുന്നുള്ളൂ എന്നും പിയറ്റ് അയച്ച രേഖകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യ പങ്കെടുത്തില്ല; ധാക്കയിലെ സാര്‍ക്ക് സമ്മേളനം മാറ്റി
2005ല്‍ ധാക്കയില്‍ നടക്കേണ്ടിയിരുന്ന തെക്കന്‍ രാഷ്ട്രങ്ങളുടെ സാര്‍ക്ക് സമ്മേളനം നടക്കാതെ പോയതിനെക്കുറിച്ചും അതില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെക്കുറിച്ചും വിക്കിലീക്‌സ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
2005 ഫെബ്രുവരി 10ന് ദല്‍ഹിയില്‍ നിന്നും അയച്ച കേബിളുകളാണ് ഇന്ത്യ സ്വീകരിച്ച “ബിഗ് ബ്രദര്‍” നിലപാടിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയുമായുള്ള ബന്ധങ്ങളില്‍ ബംഗ്ലാദേശ് സ്വീകരിച്ച നിലപാടുകളായിരുന്നു സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. ഇന്ത്യ പിന്‍മാറുമെന്ന് അറിയിച്ചതോടെ ആദ്യം സമ്മേളനം പുതുക്കി നിശ്ചയിക്കുകയും പിന്നീട് റദ്ദാക്കുകയുമായിരുന്നു.
നേപ്പാളില്‍ പ്രഖ്യാപിച്ച അടിയന്തിരവാസ്ഥയില്‍ പ്രതിഷേധിക്കാനും ഇന്ത്യക്കെതിരേ ബംഗ്ലാദേശ് സര്‍ക്കാര്‍ നടത്തുന്ന നടപടിയെ അപലപിക്കാനുമായിരുന്നു ഈ നീക്കം.
മൊഴിമാറ്റം: പി.വി സുരാജ്
‘പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് കേരളാ മാഫിയ’: വിക്കിലീക്‌സുമായി ദ ഹിന്ദു (ഒന്നാം ഭാഗം)
പണമെറിഞ്ഞു വീഴ്ത്തുന്ന ദക്ഷിണേന്ത്യന്‍ വോട്ട് (രണ്ടാം ഭാഗം)
വിശ്വാസവോട്ടിന് കോഴ: കോണ്‍ഗ്രസ് മുഖം വികൃതമാക്കി വിക്കിലീക്‌സ് (മൂന്നാം ഭാഗം)
പ്രണബ് മുഖര്‍ജി അമേരിക്കയ്ക്ക് അനഭിമതന്‍? (നാലാം ഭാഗം)
യു.എസ് ബന്ധം: ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ തുവല്‍പക്ഷികള്‍(അഞ്ചാം ഭാഗം)
ഇന്ത്യന്‍ നയതതന്ത്രജ്ഞനെ നിരീക്ഷിക്കാന്‍ മറ്റൊരാള്‍!!! (ഭാഗം ആറ്)
സര്‍ദാരിക്ക് താല്‍പ്പര്യം മന്‍മോഹനെ; രാഹുലിനെ എഴുതിത്തള്ളാറായിട്ടില്ല(ഭാഗം: ഏഴ്)
നരേന്ദ്ര മോഡി ദേശീയ നേതാവായേക്കും; യു.എസ്സിന് ആശങ്ക (ഭാഗം: എട്ട്)
‘ കാരാട്ട് കഴിവുള്ള, സമര്‍ത്ഥനായ നേതാവ് ‘ (ഭാഗം: ഒമ്പത്)
ഹിന്ദു ദേശീയത അവസരവാദപരം: വിക്കിലീക്‌സ്(ഭാഗം: പത്ത്)
സഖ്യകക്ഷികളേക്കാള്‍ സോണിയക്ക് താല്‍പ്പര്യം ഇടതിനോട് (ഭാഗം: പതിനൊന്ന്)
‘തെക്കും പടിഞ്ഞാറും സംസ്ഥാനങ്ങള്‍ മാത്രമെങ്കില്‍ ഇന്ത്യ കൂടുതല്‍ വികസിച്ചേനേ’ (ഭാഗം: പന്ത്രണ്ട്)