| Saturday, 27th September 2025, 12:34 am

അടി, തിരിച്ചടി, സൂപ്പര്‍ ഓവര്‍; വിറച്ചെങ്കിലും ജയിച്ചു... അപരാജിതരായി ഫൈനലിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് സൂപ്പര്‍ ഓവറിലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക പാതും നിസങ്കയുടെ സെഞ്ച്വറി കരുത്തില്‍ വിജയിക്കുമെന്ന് കരുതിയെങ്കിലും പോരാട്ടം 202ല്‍ അവസാനിച്ചു. സൂപ്പര്‍ ഓവറില്‍ ലങ്ക ഉയര്‍ത്തിയ മൂന്ന് റണ്‍സ് ലക്ഷ്യം ആദ്യ പന്തില്‍ ഇന്ത്യ മറികടന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. രണ്ടാം ഓവറില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പുറത്തായി. മൂന്ന് പന്തില്‍ നാല് റണ്‍സുമായി നില്‍ക്കവെ മഹീഷ് തീക്ഷണയ്ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കിയായിരുന്നു ഗില്ലിന്റെ മടക്കം.

ഗില്‍ പുറത്തായെങ്കിലും വണ്‍ ഡൗണായെത്തിയ ക്യാപ്റ്റനെ ഒരറ്റത്ത് നിര്‍ത്തി അഭിഷേക് ശര്‍മ റണ്ണടിച്ചുകൂട്ടി. ക്യാപ്റ്റനെ സാക്ഷിയാക്കി താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു.

എന്നാല്‍ സൂര്യകുമാറിന് തിളങ്ങാന്‍ സാധിച്ചില്ല. 13 പന്തില്‍ 12 റണ്‍സടിച്ചാണ് താരം മടങ്ങിയത്.

നാലാം നമ്പറിലെത്തിയ തിലക് വര്‍മയ്‌ക്കൊപ്പം ചെറിയ കൂട്ടുകെട്ടുണ്ടാക്കിയ ശേഷം അഭിഷേകും മടങ്ങി. 31 പന്തില്‍ 61 റണ്‍സടിച്ചാണ് അഭിഷേക് പുറത്തായത്. രണ്ട് സിക്‌സറും എട്ട് ഫോറുമടക്കം 196.77 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

പിന്നാലെയെത്തിയ സഞ്ജു സാംസണ്‍ തിലക് വര്‍മയെ ഒപ്പം കൂട്ടി അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുകെട്ടുമായി സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറയാതെ നോക്കി.

ടീം സ്‌കോര്‍ 158ല്‍ നില്‍ക്കവെ സഞ്ജുവിനെ മടക്കി ദാസുന്‍ ഷണക ടീമിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. 23 പന്തില്‍ 39 റണ്‍സടിച്ചാണ് സഞ്ജു പുറത്തായത്.

ഹര്‍ദിക് പാണ്ഡ്യ വന്നതുപോലെ മടങ്ങിയെങ്കിലും അക്‌സര്‍ പട്ടേലിനെ കൂട്ടുപിടിച്ച് തിലക് സ്‌കോര്‍ 200 കടത്തി.

നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് ഇന്ത്യ നേടിയത്. തിലക് വര്‍മ 34 പന്തില്‍ 49 റണ്‍സും അക്‌സര്‍ 15 പന്തില്‍ 21 റണ്‍സും നേടി പുറത്താകാതെ നിന്നു.

ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷണ, ചരിത് അസലങ്ക, വാനിന്ദു ഹസരങ്ക, ദുഷ്മന്ത ചമീര, ദാസുന്‍ ഷണക എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

203 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ലങ്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ കുശാല്‍ മെന്‍ഡിസിനെ നഷ്ടമായി. ഗോള്‍ഡന്‍ ഡക്കായാണ് താരം മടങ്ങിയത്. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ശുഭ്മന്‍ ഗില്ലിന് ക്യാച്ച് നല്‍കിയായിരുന്നു താരം തിരിച്ചുനടന്നത്.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഇന്ത്യയുടെ കയ്യില്‍ നിന്നും കളി പിടിച്ചെടുക്കുന്ന ശ്രീലങ്കയെയാണ് ആരാധകര്‍ കണ്ടത്. പാതും നിസങ്കയും കുശാല്‍ പെരേരയും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ പേസന്നോ സ്പിന്നെന്നോ വ്യത്യാസമില്ലാതെ തലങ്ങും വിലങ്ങും പ്രഹരിച്ചുകൊണ്ടേയിരുന്നു.

ടീം സ്‌കോര്‍ 134ല്‍ നില്‍ക്കവെ 127 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിച്ച് വരുണ്‍ ചക്രവര്‍ത്തി ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. ചക്രവര്‍ത്തിയെ സ്റ്റെപ് ഔട്ട് ചെയ്ത് അടിച്ചുപറത്താനുള്ള ശ്രമം പാളിയെ കുശാല്‍ പെരേരയെ സഞ്ജു സാംസണ്‍ സ്റ്റംപ് ചെയ്ത് മടക്കുകയായിരുന്നു. 32 പന്തില്‍ 58 റണ്‍സടിച്ചാണ് പെരേര പുറത്തായത്.

പിന്നാലെയെത്തിയ ചരിത് അസലങ്കയും കാമിന്ദു മെന്‍ഡിസും നേരിട്ട പന്തിനേക്കാള്‍ കുറവ് റണ്‍സ് നേടി പുറത്തായെങ്കിലും പാതും നിസങ്ക മറുവശത്ത് ഉറച്ചുനിന്നു. നേരിട്ട 52ാം പന്തില്‍ നിസങ്ക സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. വ്യക്തിഗത സ്‌കോര്‍ 95ല്‍ നില്‍ക്കവെ അര്‍ഷ്ദീപ് സിങ്ങിനെ സിക്‌സറിന് പറത്തിയാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

അവസാന ഓവറില്‍ വിജയിക്കാന്‍ 12 റണ്‍സ് വേണമെന്നിരിക്കെ ആദ്യ പന്തില്‍ നിസങ്ക മടങ്ങി. 28 പന്തില്‍ 107 റണ്‍സുമായാണ് താരം തിരിച്ചുനടന്നത്. അടുത്ത നാല് പന്തുകളിലും റണ്‍സ് പിറന്നതോടെ അവസാന പന്തില്‍ ലങ്കയ്ക്ക് വിജയിക്കാന്‍ മൂന്ന് റണ്‍സ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. അവസാന പന്തില്‍ ലങ്കന്‍ താരങ്ങള്‍ രണ്ട് റണ്‍സ് ഓടിയെടുത്തതോടെ മത്സരം സമനിലയിലെത്തി.

സൂപ്പര്‍ ഓവറില്‍ ശ്രീലങ്കയാണ് ആദ്യം ബാറ്റിങ്ങിനിറങ്ങിയത്. ദാസുന്‍ ഷണകയും കുശാല്‍ പെരേരയുമാണ് ക്രീസിലെത്തിയത്. അര്‍ഷ്ദീപ് സിങ്ങെറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ തന്നെ പെരേര റിങ്കു സിങ്ങിന്റെ കയ്യിലൊതുങ്ങി. അഞ്ചാം പന്തില്‍ ജിതേഷിന് ക്യാച്ച് നല്‍കി ഷണക പുറത്താകുമ്പോള്‍ വെറും രണ്ട് റണ്‍സായിരുന്നു ശ്രീലങ്കയുടെ പേരിലുണ്ടായിരുന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ പന്തില്‍ തന്നെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

Content Highlight: India defeated Sri Lanka in Super Over

We use cookies to give you the best possible experience. Learn more