Indian Team | ഇന്ത്യൻ ടീമും തുഗ്ലക്ക് പരീക്ഷണങ്ങളും | D Sports
സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന് ഒരു മാസം തികച്ചില്ലാത്ത സാഹചര്യത്തിലും ഇന്ത്യന്‍ ടീം ഇതുവരെ ഒരു മികച്ച ഇലവന്‍ സൃഷ്ടിച്ചിട്ടില്ല. നായകന്‍ രോഹിത്തും കോച്ച് രാഹുല്‍ ദ്രാവിഡും പരീക്ഷണങ്ങള്‍ക്ക് മുകളില്‍ പരീക്ഷണം നടത്തി ടീമിന് പണികിട്ടുകയാണ്.

ബാറ്റിങ്ങില്‍ നടത്താവുന്ന പരീക്ഷണമെല്ലാം കഴിഞ്ഞതിന് ശേഷം ഏകദേശം ഒന്നു സെറ്റായിട്ടുണ്ടെന്ന് കരുതാം. എന്നാലും വിക്കറ്റ് കീപ്പര്‍ ആരാണെന്നുള്ള കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. റിഷബ് പന്തും ദിനേഷ് കാര്‍ത്തിക്കുമാണ് ലോകകപ്പിനുള്ള സ്‌ക്വാഡില്‍ കീപ്പര്‍മാരായിട്ടുള്ളത് . എന്നാല്‍ ഇരുവരും ഫോമിലല്ല എന്നത് ടീമിന് ബാധ്യതയാകുന്നു.

എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ യഥാര്‍ത്ഥ തലവേദന വരുന്നത് ബൗളിങ്ങിലാണ്. ലോകകപ്പില്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുന്ന ഒരു ബൗളര്‍ പോലുമില്ല. ഒരുപാട് പരമ്പര ഇന്ത്യ കളിച്ചിട്ടും പ്രോപറായ രണ്ട് പേസ് ബൗളര്‍മാര്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടയിട്ടില്ല.

ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന് ഒഴിച്ചുക്കൂടാന്‍ സാധിക്കാത്ത ബൗളര്‍മാരാണ് ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും. എന്നാല്‍ ഭുവിയുടെ ഇപ്പോഴത്തെ പ്രകടനം അദ്ദേഹത്തിന്റെ ഹൈപ്പിനെ ജസ്റ്റിഫൈ ചെയ്യുന്നതല്ല. കഴിഞ്ഞ മൂന്ന് നാല് മത്സരത്തില്‍ ഡെത്ത് ബൗളിങ്ങില്‍ ടീമിനെ തോല്‍പ്പിക്കുന്ന തരത്തിലുള്ള സ്‌പെല്ലാണ് അദ്ദേഹം കാഴ്ചവെക്കുന്നത്.

ഏഷ്യാ കപ്പില്‍ പാകിനെതിരെയും ലങ്കയക്കെതിരെയും 19ാം ഓവറില്‍ അദ്ദേഹം ഒരുപാട് റണ്‍സ് വിട്ടുനല്‍കിയിരുന്നു. ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരെയും ഭുവി അത് തന്നെയാണ് തുടരുന്നത്.

ബുംറയാണെങ്കില്‍ കളിക്കാന്‍ പോലും ഇറങ്ങുന്നില്ല. ഏഷ്യാ കപ്പില്‍ പരിക്കേറ്റ് പുറത്തിരുന്ന ബുംറക്ക് ഓസീസിനെതിരെയുള്ള മത്സരത്തില്‍ റെസ്റ്റ് നല്‍കുകയായിരുന്നു. മത്സരം കളിക്കുന്നതിന് മുമ്പ് തന്നെ റെസ്റ്റാണോ എന്നായിരുന്നു ആരാധകര്‍ ഇതിനോട് പ്രതികരിച്ചത്.

ബുംറക്ക് പകരം കളിച്ചതാവട്ടെ വര്‍ഷങ്ങളായി ഇന്ത്യക്ക് വേണ്ടി ട്വന്റി-20 കളിക്കാത്ത ഉമേഷ് യാദവും. ലോകകപ്പിനുള്ള ഇന്ത്യന്‍ ബൗളിങ്ങിന്റെ പ്ലാന്‍ പാളുന്നു എന്നതിന്റെ സൂചനയാണിത്. ഏഷ്യാ കപ്പില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച അര്‍ഷ്ദീപിനെ ടീമില്‍ വെച്ചുകൊണ്ടാണ് ഈ കാണിക്കുന്നതൊക്കെ.

ഓസീസിനെതിരെ ബാറ്റര്‍മാരെല്ലാം തകര്‍ത്തടിച്ച മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരെല്ലാം അതുപോലെ റണ്‍സ് വിട്ടുനല്‍കുന്ന കാഴ്ചക്കായിരുന്നു മൊഹാലി സാക്ഷിയായത്.

ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ പരിചയ സമ്പത്തുള്ള ഭുവനേശ്വര്‍ കുമാറാണ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുനല്‍കിയത്. നാല് ഓവറില്‍ 52 റണ്‍സാണ് അദ്ദേഹം വിട്ടുനല്‍കിയത്. തൊട്ടുപിറകില്‍ 49 റണ്‍സ് വിട്ടുനല്‍കി ഹര്‍ഷല്‍ പട്ടേലുമുണ്ടായിരുന്നു. 17ാം ഓവറില്‍ 15 റണ്‍സ് ഭുവി വിട്ടുനല്‍കിയപ്പോള്‍ 18ാം ഓവറില്‍ 22 റണ്‍സാണ് അദ്ദേഹം വിട്ടുനല്‍കിയത്.

പിന്നീട് 19ാം ഓവറിലും ഭുവി ഒരുപാട് റണ്‍സ് ലീക്ക് ചെയ്തപ്പോള്‍ ഇന്ത്യ തോല്‍വി സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യന്‍ ബൗളിങ്ങിന്റെ പരാജയം പറയുമ്പോള്‍ എടുത്ത് പറയേണ്ട പേരാണ് ഹര്‍ഷല്‍ പട്ടേല്‍. 18ാം ഓവറില്‍ 22 റണ്‍സാണ് ഹര്‍ഷല്‍ വിട്ടു നല്‍കിയത്. മൂന്ന് സിക്സറാണ് ഓവറില്‍ ഓസീസ് ബാറ്റര്‍മാരായ മാത്യു വെയ്ഡും ടിം ഡേവിഡും അടിച്ചുകൂട്ടിയത്. ഈ മൂന്ന് സിക്സറടക്കം ഈ വര്‍ഷം അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തില്‍ 28 സിക്സറാണ് ഹര്‍ഷലിന്റെ ബൗളിങ്ങില്‍ ബാറ്റര്‍മാര്‍ അടിച്ചുനേടിയത്.

ഐ.പി.എല്ലില്‍ ഡെത്ത് ഓവറില്‍ മോശമല്ലാത്ത പ്രകടനം നടത്താറുള്ള ഹര്‍ഷല്‍ പക്ഷെ ഇന്ത്യന്‍ ടീമില്‍ അത്രത്തോളം മികവ് കാണിക്കാറില്ല. ഇന്ത്യന്‍ ടീമിന്റെ ഡെത്ത് ബൗളര്‍ സ്പെഷ്യലിസ്റ്റെന്ന് അറിയപ്പെടുന്ന ഹര്‍ഷലില്‍നിന്നും ഇതല്ല ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നത്.

ജസ്പ്രീത് ബുംറ തന്റെ അന്താരാഷ്ട്ര കരിയറില്‍ വിട്ടുനല്‍കിയത് വെറും 28 സിക്സറാണ്. അതാണ് വെറും ഒരു വര്‍ഷം കൊണ്ട് ഹര്‍ഷല്‍ നേടിയിരിക്കുന്നത്. ബുംറയുടെ അത്ര ഇല്ലെങ്കിലും വളരെ ഹൈപ്പുള്ള ബൗളര്‍ തന്നെയായിരുന്നു ഹര്‍ഷല്‍ പട്ടേലും. ഇത്തരത്തിലുള്ള പ്രകടനം ലോകകപ്പിലും തുടരുകയാണെങ്കില്‍ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യക്ക് പുറത്താകാം.

സ്പിന്നിന്റെ കാര്യം എടുത്ത് നോക്കിയാലും ഇന്ത്യക്ക് കഷ്ടകാലം തന്നെയാണ്. ലീഡ് സ്പിന്നറായ ചഹല്‍ ഭൂരിഭാഗം മത്സരത്തിലും പരാജയമാണ്. റണ്‍സ് വിട്ടുനല്‍കിയാലും വിക്കറ്റ് എടുത്തുകൊണ്ടിരുന്ന അദ്ദേഹത്തിനിപ്പോള്‍ അതിനും സാധിക്കുന്നില്ല.

ജഡേജയും അസാന്നിധ്യത്തില്‍ ടീമിലെത്തിയ അക്‌സര്‍ പട്ടേല്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യക്കായി നടത്തിയത്.

ബൗളിങ്ങിലും ഫീല്‍ഡിങ്ങിലുമുള്ള ഈ മോശം പ്രകടനങ്ങള്‍ ഇന്ത്യന്‍ ടീം മാറ്റിയില്ലെങ്കില്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പകുതി ആത്മവിശ്വാസം പോകും.

ഓസീസിനെതിരെയുള്ള വരും മത്സരങ്ങളില്‍ ഇന്ത്യ ഇതിന് പരിഹാരം കാണുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Content Highlight: India Cricket team And experiments Ahead of T20 Worldcup is Causing Damages