സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനം ഗുവാഹത്തില്‍ പുരോഗമിക്കുകയാണ്. നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ വമ്പന്‍ തകര്‍ച്ചയാണ് നേരിടുന്നത്. 38 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് മാത്രമാണ് ഇന്ത്യ സ്‌കോര്‍ ചെയ്തത്. നിലവില്‍ രവീന്ദ്ര ജഡേജയും നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസിലുള്ളത്.
ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ നിഷ്പ്രയാസം കീഴടക്കിയാണ് പ്രോട്ടിയാസ് ബൗളര്‍മാര്‍ ഇന്ത്യന്‍ മണ്ണില്‍ തിളങ്ങിയത്. കെ.എല്‍. രാഹുല്‍ 63 പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പെടെ 22 റണ്‍സ് നേടി കേശവ് മഹാരാജിന് ഇരയായപ്പോള്‍ സായി സുദര്‍ശന്‍ 4 പന്തില്‍ 15 റണ്‍സ് നേടി പുറത്തായി. സൈമണ്‍ ഹാര്‍മറാണ് താരത്തെ കുരുക്കിയത്.
പിന്നീടെത്തിയ ധ്രുവ് ജുറേല്‍ 11 പന്തുകള്‍ നേരിട്ട് പൂജ്യം റണ്‍സിനാണ് മടങ്ങിയത്. മാര്‍ക്കോ യാന്‍സനാണ് ജുറേലിനെ പറഞ്ഞയച്ചത്. അധികം വൈകാതെ ക്യാപ്റ്റന്‍ റിഷബ് പന്തിനെ ഏഴ് റണ്‍സിന് പുറത്താക്കി യാന്‍സന്‍ വീണ്ടും തിളങ്ങി.
ടീമിന് വേണ്ടി കുറച്ചെങ്കിലും പിടിച്ചുനിന്നത് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളാണ്. 97 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 58 റണ്‍സ് നേടാനാണ് താരത്തിന് സാധിച്ചത്. ഫിഫ്റ്റി നേടിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമാകാനാണ് ജെയ്‌സ്വാളിന് സാധിച്ചത്.
A fine knock so far 👌@ybj_19 reaches his 1⃣3⃣th Test fifty 🙌
അതേസമയം ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ സെനുറാന്‍ മുത്തുസാമിയും ഫിഫ്റ്റി നേടിയ മാര്‍ക്കോ യാന്‍സെനുമാണ് പ്രോട്ടിയാസിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്. മുത്തുസാമി 206 പന്തില്‍ രണ്ട് സിക്സും 10 ഫോറും ഉള്‍പ്പെടെ 107 റണ്‍സ് നേടിയാണ് മടങ്ങിയത്. മുഹമ്മദ് സിറാജാണ് താരത്തെ പറഞ്ഞയച്ചത്.
യാന്‍സന്‍ 91 പന്തില്‍ ഏഴ് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 93 റണ്‍സും നേടി പുറത്തായി. പ്രോട്ടിയാസ് നിരയില്‍ ഒമ്പതാമനായി ഇറങ്ങിയാണ് യാന്‍സന്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച് ഏവരേയും അമ്പരപ്പിച്ചത്. കുല്‍ദീപ് യാദവാണ് താരത്തിന്റെ വിക്കറ്റ് നേടിയത്.
Content Highlight: India collapses against South Africa, Jaiswal scores a super achievement