ഈ മുഹൂര്‍ത്തത്തിന് കാത്തിരിക്കേണ്ടി വന്നത് 18 വര്‍ഷങ്ങള്‍; ലോകകപ്പിന്റെ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യ
T20 world cup
ഈ മുഹൂര്‍ത്തത്തിന് കാത്തിരിക്കേണ്ടി വന്നത് 18 വര്‍ഷങ്ങള്‍; ലോകകപ്പിന്റെ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th March 2026, 11:20 pm

ലോകകപ്പ് കിരീടം ശിരസിലണിഞ്ഞ് ഇന്ത്യ. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ന്യൂസിലാന്‍ഡിനെ 96 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമണിഞ്ഞത്.

ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് 159 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാം കിരീടമാണ് ഇന്ത്യ സ്വന്തമാക്കിയത്. 2007ലെ ആദ്യ സീസണില്‍ കിരീടം നേടിയ ഇന്ത്യ 2024ല്‍ രണ്ടാം കിരീടം നേടുകയും സ്വന്തം മണ്ണില്‍ ആ കിരീടം നിലനിര്‍ത്തുകയും ചെയ്തു.

ഈ കിരീടനേട്ടത്തോടെ ഒരു ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും ഇതിന് മുമ്പ് കിരീട നേട്ടം ആവര്‍ത്തിച്ചിരുന്നെങ്കിലും ആര്‍ക്കും തന്നെ തുടര്‍ച്ചയായ ലോകകപ്പുകളില്‍ കിരീടമണിയാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 2024ല്‍ രോഹിത്തിന് കീഴിലും ഇപ്പോള്‍ 2026ല്‍ സൂര്യയ്ക്ക് കീഴിലും ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി അഭിഷേക് ശര്‍മയും സഞ്ജു സാംസണും ചേര്‍ന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് സമ്മാനിച്ചത്. ആദ്യ രണ്ട് ഓവറുകളില്‍ പതിഞ്ഞാണ് ഇരുവരും തുടങ്ങിയതെങ്കിലും പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 92 എന്ന നിലയിലെത്തിയിരുന്നു.

പവര്‍പ്ലേയില്‍ തന്നെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി അഭിഷേക് ശര്‍മയാണ് കമ്പക്കെട്ടിന് തുടക്കമിട്ടത്. നേരിട്ട 17ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അഭിഷേക്, ഈ ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ ഫിഫ്റ്റിയടിച്ച താരമായും മാറി.

ടീം സ്‌കോര്‍ 98ല്‍ നില്‍ക്കവെ അഭിഷേകിനെ മടക്കി രചിന്‍ രവീന്ദ്ര കൂട്ടുകെട്ട് പൊളിച്ചു. ടിം സീഫെര്‍ട്ടിന്റെ കൈകളിലൊതുങ്ങും മുമ്പ് 21 പന്തില്‍ 51 റണ്‍സുമായാണ് അഭിഷേക് മടങ്ങിയത്.

മൂന്നാം നമ്പറിലെത്തിയ ഇഷാന്‍ കിഷന്‍, സഞ്ജുവും അഭിഷേകും പടുത്തുയര്‍ത്തിയ മൊമെന്റം നഷ്ടപ്പെടാതെ കാത്തു. ഒരു വശത്ത് നിന്ന് സഞ്ജുവും മറുവശത്ത് നിന്ന് ഇഷാനും വെടിക്കെട്ടുമായി തിളങ്ങിയതോടെ 15ാം ഓവറില്‍ തന്നെ ഇന്ത്യന്‍ ടോട്ടല്‍ 200 കടന്നു.

16ാം ഓവറിലെ ആദ്യ പന്തില്‍ സഞ്ജു സാംസണെ മടക്കി ജിമ്മി നീഷം 105 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിച്ചു. 46 പന്തില്‍ 89 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്.

അതേ ഓവറിന്റെ അഞ്ചാം പന്തില്‍ ഇഷാന്‍ കിഷനെയും നീഷം മടക്കി. മാര്‍ക് ചാപ്മാന് ക്യാച്ച് നല്‍കി മടങ്ങും മുമ്പേ നാല് ഫോറും നാല് സിക്‌സറും അടക്കം 25 പന്തില്‍ 54 റണ്‍സാണ് ഇഷാന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്.

തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാറിനെ ഗോള്‍ഡന്‍ ഡക്കാക്കി നീഷം ഇന്ത്യയ്ക്ക് ട്രിപ്പിള്‍ പ്രഹരമേല്‍പ്പിച്ചു.

ഹര്‍ദിക് 13 പന്തില്‍ 18 റണ്‍സ് നേടി മടങ്ങിയപ്പോള്‍ ശിവം ദുബെ തന്റെ ഹാര്‍ഡ് ഹിറ്റിങ് കേപ്പബിലിറ്റി ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. എട്ട് പന്ത് നേരിട്ട് പുറത്താകാതെ 26 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഒടുവില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 255ലെത്തി.

ന്യൂസിലാന്‍ഡിനായി ജെയിംസ് നീഷം മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മാറ്റ് ഹെന്‌റിയും രചിന്‍ രവീന്ദ്രയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിനായി വിക്കറ്റ് കീപ്പര്‍ ടിം സീഫെര്‍ട്ട് ഒരു വശത്ത് ഉറച്ചുനിന്നെങ്കിലും മറുവശത്തെ ആക്രമിച്ച് ഇന്ത്യ കിവികളെ പിടിച്ചുകെട്ടി.

സെമി ഫൈനലിലെ സെഞ്ചൂറിയന്‍ ഫിന്‍ അലനെ മടക്കി അക്‌സര്‍ പട്ടേല്‍ ആദ്യ രക്തം ചിന്തി. പിന്നാലെയെത്തിയ രചിന്‍ രവീന്ദ്രയെ ജസ്പ്രീത് ബുംറ തിരിച്ചയച്ചു. ഒറ്റ റണ്‍സ് നേടി നില്‍ക്കവെ ഇഷാന്‍ കിഷന്റെ അസാമാന്യ ക്യാച്ചിലൂടെയാണ് താരം തിരിച്ചുനടന്നത്.

ഗ്ലെന്‍ ഫിലിപ്‌സും മാര്‍ക് ചാപ്മാനും യഥാക്രമം അഞ്ചും മൂന്നും റണ്‍സ് നേടി മടങ്ങിയതോടെ ന്യൂസിലാന്‍ഡ് സമ്മര്‍ദത്തിലേക്ക് വീണു.

ടീം സ്‌കോര്‍ 72വല്‍ നില്‍ക്കവെ പ്രതീക്ഷയായ സീഫെര്‍ട്ടിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. 26 പന്തില്‍ 200.00 സ്‌ട്രൈക് റേറ്റില്‍ 52 റണ്‍സുമായാണ് സീഫെര്‍ട്ട് മടങ്ങിയത്.

ആറാം വിക്കറ്റില്‍ ഡാരില്‍ മിച്ചലിനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 42 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിച്ച് അക്‌സര്‍ പട്ടേല്‍ ബ്രേക് ത്രൂ സമ്മാനിച്ചു.

പിന്നാലെയെത്തിയവര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയതോടെ ന്യൂസിലാന്‍ഡ് 159ന് പോരാട്ടം അവസാനിപ്പിച്ചു.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റുമായി തിളങ്ങി. അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഭിഷേക് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

 

Content Highlight: India becomes 1st team to win back to back T20 World Cups