ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ഇന്ത്യ. രോഹിത് ശര്‍മയെ നായകനാക്കി 15 അംഗ സ്‌ക്വാഡ് ആണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
വൈസ് ക്യാപ്റ്റനായി യുവതാരം ശുഭ്മന്‍ ഗില്ലിനെയാണ് അപെക്‌സ് ബോര്‍ഡ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആരാധകരെ സംബന്ധിച്ച് ഇത് വമ്പന്‍ സര്‍പ്രൈസായി.
പരിക്കേറ്റ ജസ്പ്രീത് ബുംറയും പരിക്കില്‍ നിന്നും മടങ്ങിയെത്തിയ മുഹമ്മദ് ഷമിയും ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമാണ്. അന്താരാഷ്ട്ര ഏകദിനത്തില്‍ ഇനിയും അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത യശസ്വി ജെയ്‌സ്വാളും സ്‌ക്വാഡിലുണ്ട്.
മലയാളി താരം സഞ്ജു സാംസണ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല എന്നത് ആരാധകരില്‍ നിരാശയുളവാക്കുന്നുണ്ട്.
ഫെബ്രുവരി 20നാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് ടീമുകളാണ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യയ്ക്കൊപ്പമുള്ളത്.
ഒരു പതിറ്റാണ്ടോളം നീണ്ട കിരീട വരള്‍ച്ചയ്ക്ക് ശേഷം സ്വന്തമാക്കിയ ടി-20 ലോകകപ്പിന് കൂട്ടായി ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും ഷെല്‍ഫിലെത്തിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
ഒപ്പം ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലടക്കം നേരിട്ട തിരിച്ചടികള്‍ക്കും അപമാനത്തിനും ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലൂടെ മറുപടി നല്‍കാനും രോഹിത്തിനും സംഘത്തിനും സാധിക്കും.
ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ പാകിസ്ഥാനാണെങ്കിലും പാകിസ്ഥാന് പുറത്ത് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍
ഫെബ്രുവരി 20 vs ബംഗ്ലാദേശ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
ഫെബ്രുവരി 23 vs പാകിസ്ഥാന്‍ – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
മാര്‍ച്ച് 2 vs ന്യൂസിലാന്‍ഡ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
ഇതിനൊപ്പം ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെയും ഇന്ത്യ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക. ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് മുമ്പുള്ള അവസാന മത്സരങ്ങളാണിത്.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ നിന്നും ഒരു മാറ്റമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലുള്ളത്. പരിക്കേറ്റ് വിശ്രമത്തില്‍ തുടരുന്ന ജസ്പ്രീത് ബുംറയ്ക്ക് പകരം ഹര്‍ഷിത് റാണ ടീമിന്റെ ഭാഗമാകും.
ഈ പര്യടനത്തില്‍ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയും ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കും. ഈ പരമ്പരയ്ക്കുള്ള സ്‌ക്വാഡ് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവിനെ നായകനാക്കിയും അക്‌സര്‍ പട്ടേലിനെ സൂര്യയുടെ ഡെപ്യൂട്ടിയാക്കിയുമാണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. സഞ്ജു സാംസണ്‍ ഈ സ്‌ക്വാഡില് ഇടം നേടിയിരുന്നു.
Content Highlight: India announces squad for ICC Champions Trophy