കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും!
Sports News
കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th June 2025, 3:25 pm

2026ലെ ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള വേദികളുടെ പട്ടികയില്‍ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും. ജനുവരിയില്‍ നടക്കാനിരിക്കുന്ന ഈ പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി-20 മത്സരങ്ങളുമാണുള്ളത്.

ഇതില്‍ ഒരു ടി-20 മത്സരമാണ് കാര്യവട്ടത്തെ സ്റ്റേഡിയത്തില്‍ നടക്കുക. മൊഹാലി, ഇന്‍ഡോര്‍, ജയ്പൂര്‍, രാജ്‌കോട്ട്, ഗുവാഹാട്ടി, ഹൈദരാബാദ്, നാഗ്പൂര്‍ എന്നിവിങ്ങളിലാണ് മറ്റ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളുടെ കൃത്യമായ തീയതികള്‍ ബി.സി.സി.ഐ പിന്നീട് പ്രഖ്യാപിക്കും.

2026 ഫെബ്രുവരിയില്‍ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായാണ് കാര്യവട്ടത്ത് മത്സരം സംഘടിപ്പിക്കുന്നത്. ബി.സി.സി.ഐ കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതനുസരിച്ച് 2026 ഏപ്രില്‍ മാസത്തില്‍ കാര്യവട്ടത്ത് ഒരു ഏകദിന മത്സരവും നടത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

2023 നവംബറിലാണ് കാര്യവട്ടത്തെ ഗ്രീന്‍ ഫീള്‍ഡ് സ്റ്റേഡിയത്തില്‍ അവസാനമായി ഒരു ഇന്റര്‍നാഷണല്‍ മത്സരം നടന്നത്. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20യിലായിരുന്നു കാര്യവട്ടത്ത് നടന്നത്. മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 44 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. മാത്രമല്ല ലോകകപ്പ് ക്രിക്കറ്റിന് മുമ്പുള്ള ചില പരിശീലന മത്സരങ്ങളും ഇതേ സ്റ്റേഡിയത്തില്‍ നടന്നിട്ടുണ്ട്.

എന്നാല്‍ 2025 സെപ്റ്റംബറില്‍ ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന വനിതാ ലോകകപ്പിലെ മത്സരങ്ങള്‍ വേദിയായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിച്ചിരുന്നെങ്കിലും ഐ.സി.സിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്റ്റേഡിയത്തിന് കഴിഞ്ഞിരുന്നില്ല. ഇത് കാരണം വനിതാ ലോകകപ്പ് വേദികളില്‍ നിന്ന് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തെ മാറ്റിയിരുന്നു.

Content Highlight: India and New Zealand will clash at the Green Field Stadium in Karyavattom