സൗത്ത് ആഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 201 റണ്‍സിന് ഓള്‍ ഔട്ട്.
ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ പ്രോട്ടിയാസിന്റെ കരുത്തുറ്റ ബൗളിങ് മികവിലാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്.
പ്രോട്ടിയാസിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കോ യാന്‍സനാണ്. ആറ് വിക്കറ്റുകള്‍ നേടിയാണ് താരം തിളങ്ങിയത്. താരത്തിന് പുറമെ സൈമണ്‍ ഹാര്‍മര്‍ മൂന്ന് വിക്കറ്റും കേശവ് മഹാരാജ് ഒരു വിക്കറ്റും നേടി. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ പ്രോട്ടിയാസ് ബാറ്റിങ്ങിനിറങ്ങിയിട്ടുണ്ട്.
Innings Break!#TeamIndia trail South Africa by 288 runs.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് യശസ്വി ജെയ്‌സ്വാളാണ്. 97 പന്തുകള്‍ നേരിട്ട് ഒരു സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 58 റണ്‍സ് നേടാനാണ് താരത്തിന് സാധിച്ചത്. എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രതിരോധം നടത്തിയത് വാഷിങ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവുമായിരുന്നു.
92 പന്തില്‍ നിന്ന് 48 റണ്‍സ് നേടിയാണ് സുന്ദര്‍ പുറത്തായത്. അതേസമയം 134 പന്തില്‍ 19 റണ്‍സ് നേടിയാണ് കുല്‍ദീപ് ഏവരേയും അമ്പരപ്പിച്ചത്. നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് സീരീസിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ബോള്‍ നേരിടുന്ന താരമെന്ന നേട്ടവും കുല്‍ദീപ് സ്വന്തമാക്കി. ഒമ്പതാം വിക്കറ്റില്‍ 50+ സ്‌കോര്‍ പാര്‍ടണര്‍ഷിപ്പ് നേടാനും സുന്ദര്‍-കുല്‍ദീപ് സഖ്യത്തിന് സാധിച്ചു.
കെ.എല്‍. രാഹുല്‍ 63 പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പെടെ 22 റണ്‍സ് നേടി കേശവ് മഹാരാജിന് ഇരയായപ്പോള്‍ സായി സുദര്‍ശന്‍ 4 പന്തില്‍ 15 റണ്‍സ് നേടി പുറത്തായി. സൈമണ്‍ ഹാര്‍മറാണ് താരത്തെ കുരുക്കിയത്.
പിന്നീടെത്തിയ ധ്രുവ് ജുറേല്‍ 11 പന്തുകള്‍ നേരിട്ട് പൂജ്യം റണ്‍സിനാണ് മടങ്ങിയത്. മാര്‍ക്കോ യാന്‍സനാണ് ജുറേലിനെ പറഞ്ഞയച്ചത്. അധികം വൈകാതെ ക്യാപ്റ്റന്‍ റിഷബ് പന്തിനെ ഏഴ് റണ്‍സിന് പുറത്താക്കി യാന്‍സന്‍ വീണ്ടും തിളങ്ങി. മറ്റാര്‍ക്കും തന്നെ ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല.
അതേസമയം ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ സെനുറാന്‍ മുത്തുസാമിയും ഫിഫ്റ്റി നേടിയ മാര്‍ക്കോ യാന്‍സെനുമാണ് പ്രോട്ടിയാസിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്. മുത്തുസാമി 206 പന്തില്‍ രണ്ട് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 107 റണ്‍സ് നേടിയാണ് മടങ്ങിയത്. മുഹമ്മദ് സിറാജാണ് താരത്തെ പറഞ്ഞയച്ചത്.
യാന്‍സന്‍ 91 പന്തില്‍ ഏഴ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 93 റണ്‍സും നേടി പുറത്തായി. പ്രോട്ടിയാസ് നിരയില്‍ ഒമ്പതാമനായി ഇറങ്ങിയാണ് യാന്‍സന്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച് ഏവരേയും അമ്പരപ്പിച്ചത്. കുല്‍ദീപ് യാദവാണ് താരത്തിന്റെ വിക്കറ്റ് നേടിയത്.
Content Highlight: India All Out In Second Test First Innings