തുടർച്ചയായ ഫിഫ്‌റ്റിയും സെഞ്ച്വറിയും; പ്രോട്ടീയാസിനെതിരെ വീണ്ടും തിളങ്ങി പന്തും ജുറെലും
Sports News
തുടർച്ചയായ ഫിഫ്‌റ്റിയും സെഞ്ച്വറിയും; പ്രോട്ടീയാസിനെതിരെ വീണ്ടും തിളങ്ങി പന്തും ജുറെലും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th November 2025, 6:51 pm

സൗത്ത് ആഫ്രിക്ക എക്കെതിരെയുള്ള രണ്ടാം മൾട്ടി ഡേ അനൗദ്യോ​ഗിക ടെസ്റ്റിൽ വീണ്ടും മികച്ച പ്രകടനവുമായി ധ്രുവ് ജുറെലും ക്യാപ്റ്റൻ റിഷബ് പന്തും. ജുറെൽ ആദ്യ ഇന്നിങ്സിലേത് പോലെ വീണ്ടും രണ്ടാം ഇന്നിങ്സിലും മൂന്നക്കം കടന്നു. ഒപ്പം, ആദ്യ മത്സരത്തിലേത് പോലെ പന്ത് അർധ സെഞ്ച്വറിയും നേടി.

ജുറെൽ 170 പന്തിൽ 127 റൺസ് എടുത്ത് ഇന്ത്യ എയുടെ ടോപ് സ്കോററായി. ഒരു സിക്‌സും 15 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. നേരത്തെ ഒന്നാം ഇന്നിങ്സിലും സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഇന്നിങ്സിൽ 175 പന്തിൽ പുറത്താവാതെ 132 റൺസാണ് താരം സ്കോർ ചെയ്തത്.

പന്ത് 54 പന്തിൽ 65 റൺസാണ് രണ്ടാം ഇന്നിങ്സിൽ എടുത്തു. നാല് സിക്‌സും അഞ്ച് ഫോറുമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. പരിക്കേറ്റ് മടങ്ങിയതിന് ശേഷം ക്രീസിൽ തിരിച്ചെത്തിയാണ് താരം തന്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. നേരത്തെ ആദ്യം മത്സരത്തിലെ രണ്ടാം ഇന്നിങ്സിലും ക്യാപ്റ്റൻ അർധ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.

ഇവർക്ക് പുറമെ, ഹർഷ് ദുബെയും അർധ സെഞ്ച്വറിയുമായി തിളങ്ങി. താരം 116 പന്തിൽ 84 റൺസാണ് എടുത്തത്.

ഇവരുടെ പ്രകടനത്തിൽ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഏഴ് വിക്കറ്റിന് 382 എന്ന സ്‌കോറിൽ ഡിക്ലയർ ചെയ്തു. അതോടെ ടീമിന് 408ന്റെ വിജയലക്ഷ്യം സൗത്ത് ആഫ്രിക്കക്കെതിരെ ഉയർത്താനായി.

സൗത്ത് ആഫ്രിക്ക എക്കായി ഒകുഹ്ലെ സെലെ മൂന്ന് വിക്കറ്റ് നേടി. ത്ഷെപോ മോറെകി, ടിയാൻ വാൻ വുറെൻ, പ്രെനെലൻ സുബ്രയെൻ, കൈൽ സിമ്മണ്ട്സ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

നിലവിൽ മൂന്നാം ദിനം അവസാനിക്കുമ്പോൾ സൗത്ത് ആഫ്രിക്ക എ ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. പ്രോട്ടീയാസ് 11 ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമാവാതെ 25 റൺസ് എടുത്തിട്ടുണ്ട്. ജോർദാൻ ഹെർമൻ (30 പന്തിൽ 15), ലെസെഗോ സെനോക്വാനെ (36 പന്തിൽ ഒമ്പത്) എന്നിവരാണ് ക്രീസിലുള്ളത്.

Content Highlight: India A vs SA A: Dhruv Jurel score consecutive hundred and Rishabh Pant again scores fifty against South Africa A